പാലക്കാട്: വിദ്യാർത്ഥികൾക്ക് ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധമാക്കുമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു. വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസഷൻ കാർഡ് വിതരണം, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃത സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാർഡ് നിർബന്ധമാണ്. വിദ്യാർത്ഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതത് താലൂക്ക് ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി മുൻകൈയെടുക്കണം.
സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കൺസഷൻ കാർഡുകൾ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകൾക്ക് നൽകും. യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ഡി.രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവി, ജോയിന്റ് ആർ.ടി.ഒമാർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി.യിൽ സൗജന്യം
കെ.എസ്.ആർ.ടി.സി ബസിൽ കൺസഷനെടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണ്. സ്വകാര്യ ബസുകൾ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പുറമേ മറ്റു സ്ഥലങ്ങളിലും അപേക്ഷിച്ചാൽ കാർഡ് അനുവദിക്കും.
40 കിലോമീറ്റർ
ഒരു ദിവസം പരമാവധി ഒരു വശത്തേക്ക് സഞ്ചരിക്കാവുന്ന ദൂരപരിധി 40 കിലോമീറ്ററാണ്.
2 യാത്ര
ഒരു ദിവസം കൺസഷൻ കാർഡുമായി നടത്താവുന്ന യാത്രാപരിധി. കാർഡ് നിർബന്ധമായും യാത്രാവേളയിൽ കരുതണം.
2023-24
അദ്ധ്യയന വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കും.
3 മാസം
ഓരോ മൂന്നുമാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേരും.
വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി കാണുക, മോശമായി പെരുമാറുക, ഫുൾ ചാർജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കും.
-ഡോ.എസ്.ചിത്ര, ജില്ലാ കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |