SignIn
Kerala Kaumudi Online
Tuesday, 03 October 2023 3.12 AM IST

ആദിവാസി കുടിലുകളിലെ സ്ത്രീകൾക്ക് ഒരു പ്രത്യേകതയുണ്ട്, പ്രൊമോട്ടർമാരല്ലാതെ ആരുവന്നാലും അവരത് ചെയ്യും

tribals

വനാന്തരങ്ങളിൽ കുറേ മനുഷ്യജീവിതങ്ങളുണ്ടെന്ന് നാമറിയുന്നത് ആദിവാസികൾക്കിട‌യിലെ പട്ടിണിമരണം, അനാരോഗ്യം തുടങ്ങിയ വാർത്തകളിലൂടെയാണ്. കോൺക്രീറ്റ് മന്ദിരങ്ങൾക്കുള്ളിൽ ടി.വി കണ്ടും മൊബൈൽ നോക്കിയും സമയം പോക്കുന്നവരല്ല ആദിവാസികൾ. മരങ്ങൾക്കിടയിലും തൂണുകളിലും വലിച്ചുകെട്ടിയ ടാർപ്പാളിൻ ഷീറ്റുകൾക്കുള്ളിലാണ് അവരുടെ ജീവിതം. ജനനവും രോഗവും മരണവുമെല്ലാം ആ പടുതകൾക്കുള്ളിലാണ്. പ്രകൃതിക്ഷോഭങ്ങളെയും വന്യമൃഗങ്ങളുടെയും ക്ഷുദ്രജീവികളുടെയും വിഹാരങ്ങളെയുമെല്ലാം അതിജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ കണ്ടറിയുന്നവരും പരിഹാരത്തിന് ശ്രമിക്കുന്നവരും ചുരുക്കമാണ്. സർക്കാർ സംവിധാനത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടികൾ എടുക്കാനും പട്ടികവർഗവകുപ്പുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോടികളുടെ ഫണ്ട് ആദിവാസി ക്ഷേമത്തിനായി ഇൗ വകുപ്പിൽ എത്തുന്നുണ്ട്. ആദിവാസി കുടിലുകളിൽചെന്ന് അവരുമായി സംവദിക്കാനും ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സഹായിക്കാനും ട്രൈബൽ ഒാഫീസർമാരുണ്ട്. എല്ലാമുണ്ടായിട്ടും ആദിവാസികൾക്കിടയിൽ അനാരോഗ്യവും പട്ടിണിമരണങ്ങളും ശിശുമരണങ്ങളും ഏറുകയാണ്.

അടച്ചുറപ്പും അച്ചടക്കവുമുള്ള ജീവിത സാഹചര്യങ്ങളല്ല ആദിവാസികളുടേത്. കുടിലുകൾ കെട്ടാനുപയോഗിക്കുന്ന പടുത കടുത്ത വേനലിൽ ജീർണിച്ചും ഉരുകിയും നശിക്കും. മഴപെയ്താൽ ചോരുന്ന കുടിലുകളിലെ നനവുകളിലാണ് ഇവരുടെ രാവും പകലും. കടുത്തപനിയും ആരോഗ്യ പ്രശ്നങ്ങളുമുള്ള ഗർഭിണികൾ മുതൽ പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങളും പ്രായാധിക്യത്താൽ അവശരായവരുമൊക്കെ കൂടിക്കഴിയുന്ന ആദിവാസി ഉൗരുകൾ പുറമേ താമസിക്കുന്നവർക്ക് കൗതുക കാഴ്ചകളാണ്.

അടുത്തിടെ, മൂഴിയാർ ആദിവാസി ഉൗരിലെ സുമിത്രയെന്ന ഇരുപത്തിനാലുകാരിയുടെ പെട്ടന്നുണ്ടായ മരണം ആദിവാസി ജനത നേരിടുന്ന ദുരവസ്ഥയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. യുവതിയുടെ മരണം പട്ടിണിമൂലമാണെന്നും രോഗം കാരണമാണെന്നും വ്യത്യസ്തവാദങ്ങളുയർന്നു. എന്തുതന്നെയായാലും ആദിവാസി ഉൗരുകളിലെ ആളുകൾക്ക് ജീവിക്കാനാവശ്യമായ പ്രാഥമിക കാര്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് യുവതിയുടെ മരണം വെളിവാക്കുന്നത്. ഒാരോ ആദിവാസി ഉൗരിലും പ്രമോട്ടർമാരെ സർക്കാർ നിയമിക്കുന്നുണ്ട്. അവർക്ക് ശമ്പളവും ആനുകൂല്യങ്ങളും മുടക്കം കൂടാതെ ലഭിക്കുന്നുമുണ്ട്. മൂഴിയാറിലെ ആദിവാസി ഉൗരിന് എസ്.സി പ്രൊമോട്ടർ ഇല്ലായിരുന്നുവെന്ന വിവരം പുറംലോകം അറിയുന്നത് സുമിത്രയുടെ മരണത്തോടെയാണ്. അതായത്, ആദിവാസികളെ സംരക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതി. സുമിത്രയുടെ മരണം ഉയർത്തിയ വിവാദം ചൂടുപിടിച്ചു നിൽക്കുന്നതിനിടെയാണ് പട്ടികവർഗവകുപ്പ് എസ്.സി പ്രൊമാേട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. ആദിവാസി പ്രൊമോട്ടർ ഉണ്ടായിരുന്നെങ്കിൽ സുമിത്രയ്ക്ക് ജീവഹാനി സംഭവിക്കില്ലായിരുന്നു എന്നാണ് ഉൗരുകളിലുള്ളവർ പറയുന്നത്. കടുത്തപനി കാരണം തളർന്നുപോയ സുമിത്രയെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ആംബുലൻസ് ലഭിക്കാനും വൈകി. ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഇവർക്ക് വിളർച്ചയുണ്ടായി. യുവതിയുടെ കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന വിവരം. ആദിവാസികൾക്ക് ആശുപത്രി പോലെ പുറമേയുള്ള സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടണമെങ്കിൽ എസ്.സി പ്രൊമോട്ടർമാരുടെ സഹായം വേണം.

കാടിന്റെ മക്കൾ അടിമകളല്ല

സ്വമേധയാ ചികിത്സതേടി പുറത്തേക്കു പോകുന്ന സ്വഭാവം ആദിവാസികൾക്കില്ല. അവരുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാരിന് സ്ഥിരമായ പദ്ധതികളില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. പട്ടിണി മ‌രണവും രോഗപ്പകർച്ചയും ഉണ്ടാകുമ്പോൾ ഒാടിയെത്തി മെഡിക്കൽ ക്യാമ്പ് നടത്തി മടങ്ങുന്നതാണ് ഇപ്പോഴുള്ള സംവിധാനം. അത്തരത്തിലുള്ള ക്യാമ്പുകൾ ഇടയ്ക്ക് നടക്കാറുണ്ടെങ്കിലും സ്ത്രീകളുടെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും ആരോഗ്യ പരിപാലനത്തിന് സ്ഥിരം ആശുപത്രികളോ മെഡിക്കൽ സെന്ററുകളോ ഇല്ല. ഉൗരുകൾ കേന്ദ്രീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അതു പരിഗണിച്ചിട്ടില്ല.

വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങൾ ഒരിടത്തും സ്ഥിരമായി തങ്ങുന്നവരല്ലെന്ന കാരണത്താലാണ് സർക്കാർ തീരുമാനം നീളുന്നത്. എന്നാൽ, ഇതിന് ചില മാറ്റങ്ങൾ അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. ശബരിമലപാതയിൽ ളാഹ കേന്ദ്രീകരിച്ച് സ്ഥിരം വീടുകൾ നിർമിക്കാൻ മലമ്പണ്ടാര വിഭാഗം മുന്നോട്ടു വരുന്നുണ്ട്. മുളകൾ വെട്ടിയുണ്ടാക്കി തൂണുകൾക്കിടയിൽ പനമ്പുകൾ മെടഞ്ഞുകെട്ടി മേൽക്കൂരയും നിർമിച്ച് അടുക്കളയും കിടപ്പുമുറികളും വരാന്തയുമൊക്കെയായി ഹട്ടുകൾ മാതൃകയിലുള്ള വീടുകളുണ്ടാക്കി താമസിക്കുന്നവരുണ്ട്. ആകർഷകമായ ഇത്തരം നിർമിതികളിലൂടെ ആദിവാസികൾ സ്വമേധയാതന്നെ സ്ഥിരം വാസ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനോട് സർക്കാർ നയപരമായ സമീപനം ഇതുവരെ എടുത്തില്ല. കേന്ദ്ര വനനിയമത്തിന്റെ കുരുക്കിൽച്ചെന്ന് പെടുമോ എന്നാണ് സർക്കാരിന്റെ ആശങ്ക. ആദിവാസികൾക്കായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഫ്ളാറ്റുകളും ചെറുകെട്ടിടങ്ങളും സർക്കാർ നിർമിച്ചിട്ടുണ്ടെങ്കിലും വനത്തിനുള്ളിലെ തനതായ ജീവിത സാഹചര്യങ്ങളിൽ നിന്ന് മാറാൻ ആദിവാസികൾ തയ്യാറല്ല. അതിനാൽ, ആദിവാസികൾ തന്നെ കെട്ടിയുണ്ടാക്കുന്ന സ്ഥിരം വീടുകളിൽ താമസിക്കാൻ അവരെ അനുവദിക്കുന്നതാകും ഉചിതം. ഇതിനായി വനനിയമത്തിൽ കാടിന്റെ മക്കളായി കരുതുന്ന ആദിവാസികൾക്ക് ചില ഇളവുകൾ അനുവദിക്കേണ്ടതാണ്. കടലിനെ അമ്മയായി കരുതുന്ന തീരവാസികളെപ്പോലെ കാടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരുമാണ് ആദിവാസികൾ. വന നിയമങ്ങൾ ലംഘിച്ചതിന് ഏതെങ്കിലും ആദിവാസി തടവിൽ കഴിയുന്നതായി അറിവില്ല. പുറത്തു നിന്നെത്തി വനത്തിൽ അതിക്രമിച്ചു കയറിയതിനും പരിസ്ഥിതി ദോഷം വരുത്തിയതിനും നിയമത്തിന്റെ പിടിയിൽ വീണവർ നിരവധിയുണ്ട്. അതിൽ ആദിവാസി ജനതയില്ലെന്നത് പ്രത്യേകം കാണേണ്ടതാണ്. മുളകൾകൊണ്ട് വീടുണ്ടാക്കി സ്ഥിരതാമസമാക്കുന്ന ആദിവാസികൾക്കിടയിൽ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് എളുപ്പമാകും.

അപരിചിതരെ കാണുമ്പോൾ അന്തർമുഖരാകുന്ന സ്വഭാവമാണ് ഉൗരുകളിലെ പുരുഷൻമാർക്ക്. പുറത്തുനിന്ന് എസ്.സി പ്രൊമോട്ടർമാരല്ലാതെ ആരെത്തിയാലും കുടിലുകളിൽ കയറി മുഖം കാണിക്കാതെ ഇരിക്കുന്നവരാണ് ആദിവാസി സ്ത്രീകൾ.

മൂഴിയാറിലെ ആദിവാസികൾ വനവിഭവങ്ങൾ ശേഖരിച്ചു കഴിയുന്നവരാണ്. മൂഴിയാർ, സായിപ്പുംകുഴി, ചോര കക്കി വനങ്ങളിൽ നിന്നാണ് ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്നത്. വനവിഭവങ്ങൾ പുറത്തെത്തിച്ച് എസ്.സി വകുപ്പ് മുഖേന വിപണിയിലെത്തിക്കും. ഇടനിലക്കാരാണ് ഇവിടെ കൊയ്ത്തുകാർ. എഴുത്തും വായനയും വശമില്ലാത്തവരാണ് ആദിവാസകൾക്കിടയിലെ ഒരു വിഭാഗം. ഇവർ വനാന്തരങ്ങളിൽ പോയി ശേഖരിച്ചു കൊണ്ടുവരുന്ന വിഭവങ്ങൾക്ക് തുച്ഛമായവില മാത്രമാണ് നൽകുന്നത്. അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും സൗജന്യമായി ലഭിക്കുന്ന ഇവർക്ക് വനവിഭവങ്ങളുടെ വില എത്രകുറഞ്ഞാലും പരാതികളില്ല. ഇടനിലക്കാരുടെയും അവർക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരുടേയും ഭീഷണിക്ക് മുന്നിൽ തലകുനിക്കേണ്ടി വരുന്നവരാണ് ഉൗരുകളിലെ പാവങ്ങൾ. ശരിയായ വിദ്യാഭ്യാസവും അവബോധവും ആരോഗ്യ സംരക്ഷണവുമുണ്ടെങ്കിൽ സ്വന്തം ജീവിതവ്യവസ്ഥ കെട്ടിപ്പടുക്കാൻ ആദിവാസി ജനതയ്ക്കു കഴിയും. അതിന് സർക്കാർ സംവിധാനം കാര്യക്ഷമമാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADIVASI LIFE, SCHEDULED TRIBES, TRIBALS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.