ഹരിദ്വാർ: ഗുസ്തി താരങ്ങൾ പ്രതിഷേധത്തിനുള്ള വേദിയായി നദീ തീരത്തെ തിരഞ്ഞെടുത്തതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗംഗാ ആരതി സമിതി. താരങ്ങൾക്ക് മെഡലൊഴുക്കാനെത്തിയ പുണ്യസ്ഥലമായ 'ഹർ കി പൗഡി' പ്രതിഷേധിക്കാനുളള സ്ഥലമല്ലെന്നാണ് ഗംഗാ ആരതി സമിതി അറിയിച്ചത്. ബ്രിജ് ഭൂഷൺ എം പിയ്ക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഗുസ്തി താരങ്ങളടക്കം തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കും എന്ന് അറിയിച്ചത്. കർഷക നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിച്ചതോടെ താരങ്ങൾ താത്ക്കാലികമായി പിന്മാറുകയായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നേടിയ മെഡലുകൾ ഒഴുക്കി 'മെഡൽ വിസർജൻ' നടത്തുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാനെത്തിയ ഗുസ്‌തി താരങ്ങളെ കർഷക നേതാക്കളും ജാട്ട് നേതാക്കളും സ്ഥലത്തെത്തി ആശ്വസിപ്പിച്ചു. ഹരിദ്വാറിൽ ഗംഗാനദീതടത്തിൽ നടന്ന അതിവൈകാരികമായ ഒത്തുചേരലിൽ ഗുസ്‌തി താരങ്ങൾ നേടിയ മെഡലുകൾ സംഘടനാ നേതാക്കൾ ഏറ്റുവാങ്ങി. തങ്ങൾ ഒപ്പമുണ്ടെന്ന് കർഷക, ജാട്ട് നേതാക്കൾ ഗുസ്‌തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ പിൻവാങ്ങുകയായിരുന്നു.
കർഷക നേതാവ് നരേഷ് ടിക്കായത്ത് അടക്കമുള്ളവരെത്തിയാണ് ഗുസ്‌തി താരങ്ങളെ ആശ്വസിപ്പിച്ചത്. അഞ്ച് ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങൾ തിരികെവരുമെന്നാണ് ഗുസ്‌തി താരങ്ങളുടെ നിലപാട്. നരേഷ് ടിക്കായത്താണ് മെഡലുകൾ ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |