SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.52 AM IST

പുലർച്ചെയും രാത്രിയും ഭൂമിക്കടിയിൽ ഉഗ്രസ്‌ഫോടന ശബ്ദം, എന്നാൽ വിള്ളലോ ചലനമോ ഉണ്ടായില്ല; വിചിത്ര പ്രതിഭാസത്തിൽ പേടിച്ച് കോട്ടയംകാർ

explosion

കോട്ടയം: ഭൂമിക്കടിയിൽ നിന്ന് ഉഗ്രസ്ഫോടന ശബ്ദം കേട്ടതിന്റെ ആശങ്കമാറാതെ കോട്ടയത്തെ ചേനപ്പാടിക്കാർ. ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. വിശദമായ പഠനത്തിന് സെന്റർ ഫോർ എർത്ത് സയൻസസിനോട് ആവശ്യപ്പെടാൻ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ജിയോളജിസ്റ്റ് സി.എസ്. മഞ്ജു പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചെയുമായാണ് ഇടയറ്റുകാവ്, കരിമ്പൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഭൂമികുലുക്കമാണെന്ന് കരുതി പലരും വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഭൂമിയ്ക്കടിയിലുണ്ടായ നേരിയ ചലനത്തെത്തുടർന്നുണ്ടായ പ്രകമ്പനമാകാം മുഴക്കത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ സ്ഥിരീകരിക്കാവുന്ന ലക്ഷണങ്ങളൊന്നും പ്രദേശത്ത് ഇല്ല. ഭൂമിയ്ക്കു വിള്ളലോ, ചലനമോ ഉണ്ടായിട്ടില്ല. പാറയ്ക്കു മുകളിൽ മണ്ണു കുറവുള്ള ഭാഗത്താണ് കൂടുതൽ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറയുന്നത്.

പേടി മാറുന്നില്ല

'' പലതവണ സ്ഫോടന ശബ്ദം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ പേടിച്ചു. ഈ സമയം പുറത്തായിരുന്നു. വീട്ടുകാരും കൂട്ടുകാരും പേടിയോടെയാണ് വിളിച്ചത്. കാരണം അറിയാത്തതിനാൽ ആങ്കമാറുന്നില്ല''-പ്രദേശവാസിയായ കെ.ആർ. അനുരാജ് പറഞ്ഞു.

'' ജീവിതത്തിലാദ്യമാണ് ഇത്തരമൊരു അവസ്ഥ നേരിടുന്നത്. ഭൂമികുലുക്കമെന്നാണ് കരുതിയത്. പലതവണ ആവർത്തിച്ചപ്പോൾ ഭയന്നുപോയി''

മറ്റൊരു പ്രദേശവാസിയായ അരുൺ വഞ്ചിത്താഴത്ത് പങ്കുവച്ചു.

2001ൽ ഭൂകമ്പമുണ്ടായ സ്ഥലമായതിനാലും പ്രദേശവാസികളിൽ ആശങ്ക നിലനിൽക്കുന്നതിനാലും കൂടുതൽ പഠനം ആവശ്യപ്പെട്ട് ഇന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജിയോളജിസ്റ്റ് സി എസ് മഞ്ജു വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLOSION, EXPLOSIVE SOUNDS, UNDER GROUND, KOTTAYAM, FEAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA