തൃശൂർ: സ്വതന്ത്രമായി മേയാൻ വേണ്ടുവോളം സ്ഥലം. വെയിലും മഴയും ഏൽക്കാതിരിക്കാൻ മേൽക്കൂര. ഫാമിലെ പശുക്കളുടെ 'സ്വാതന്ത്ര്യം' സംരക്ഷിക്കാൻ 50 കൊല്ലം മുമ്പ് ബ്രിട്ടണിൽ ഉരുത്തിരിഞ്ഞ 'ഫ്രീഡം സ്റ്റാൾ' പദ്ധതിയുമായി വെറ്ററിനറി സർവകലാശാല. തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലാണ് ഡോ.എ.പ്രസാദിന്റെ നേതൃത്വത്തിൽ 10 വെച്ചൂർ പശുക്കൾക്ക് 30 മീറ്റർ നീളത്തിലും പത്ത് മീറ്റർ വീതിയിലും സ്ഥലം ഒരുക്കിയത്.
വേലി കെട്ടിത്തിരിച്ച സ്ഥലത്ത് ഇവയ്ക്ക് മേയാം. മേൽക്കൂരയുണ്ടെങ്കിലും കെട്ടിയിട്ടില്ല. തറയിൽ കയർ കൊണ്ടുള്ള ഭൂവസ്ത്രം. അഞ്ച് മാസം മുമ്പാണ് പരീക്ഷണം തുടങ്ങിയത്. കെട്ടിയിട്ടവയേക്കാൾ ഇവയ്ക്ക് ഇണക്കമുണ്ട്. ഫാമിലെക്കാൾ വ്യത്യസ്തമായി ആരോഗ്യത്തിലും പെരുമാറ്റത്തിലുമുള്ള അന്തരം ക്രോഡീകരിച്ച് ക്ഷീര കർഷകരെ ബോധവത്കരിക്കും. പശുക്കുട്ടികൾക്കും കിടാരികൾക്കും ഗോശാലകൾക്കും ഈ മാതൃക കൂടുതൽ പ്രയോജനപ്പെടും. 1964ൽ ബ്രിട്ടീഷ് എഴുത്തുകാരി റൂത്ത് ഹാരിസൺ 'അനിമൽ മെഷിൻ' എന്ന ഗ്രന്ഥത്തിൽ പശുക്കളെ ഉത്പാദന യന്ത്രങ്ങളെപ്പോലെ കണക്കാക്കുന്നതിനെ വിമർശിച്ചിരുന്നു. തുടർന്ന് 1965ൽ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച പ്രൊഫ.റോജർ ബ്രാംബൽ കമ്മിറ്റിയാണ് ഇവയ്ക്ക് നൽകേണ്ട അഞ്ച് സ്വാതന്ത്ര്യങ്ങളുൾപ്പെടുന്ന റിപ്പോർട്ട് നൽകിയത്.
അഞ്ച് സ്വാതന്ത്ര്യം പ്രധാനം
1. യഥാസമയം വിശപ്പകറ്റൽ
2. സ്വസ്ഥമായ ഇടം
3. വേണ്ട സമയത്ത് ചികിത്സ
4. സ്വാഭാവിക ചോദന പ്രകടിപ്പിക്കാൻ അവസരം
5. ഭയവും സമ്മർദ്ദവുമില്ലാതാക്കൽ
പരിധിയില്ലാത്ത നേട്ടങ്ങളും
യഥേഷ്ടം നടക്കുന്നതിനാൽ കുളമ്പ് നീളില്ല
കുളമ്പ് മുറിക്കേണ്ട ചെലവില്ല
കെട്ടിയിട്ടവയെപ്പോലെ ആക്രമിക്കില്ല
സമ്മർദ്ദവും മറ്റ് രോഗങ്ങളും കുറയും
സ്വാഭാവികമായ ഇണ ചേരൽ, ഗർഭധാരണ സാദ്ധ്യത കൂടുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |