മുംബയ്: ട്രെയിനിൽ കടത്തുകയായിരുന്ന 59 കുട്ടികളെ രക്ഷപ്പെടുത്തി റെയിവേ സംരക്ഷണ സേന. ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്ന കുട്ടികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു.
ദനാപൂർ -പൂനെ എക്‌സ്‌പ്രസിലാണ് കുട്ടികളെ കടത്താൻ ശ്രമിച്ചത്. ദാനാപൂർ - പൂനെ സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ട്രെയിനിലെ യാത്രക്കാർ ഒരു എൻ.ജി.ഒക്ക് നൽകിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ ആർ.പി.എഫ് പരിശോധന നടത്തുകയായിരുന്നു. ആദ്യം 29 കുട്ടികളെയാണ് കണ്ടെത്തിയത്. ഇവർ എട്ടു വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. പിന്നീട് നടത്തിയ പരിശോധനയിലാണ് 30 കുട്ടികളെ കൂടി രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ ആത് എന്ന് പേരിട്ട ദൗത്യത്തിലൂടെയാണ് കുട്ടികളെ വീണ്ടെടുത്തത്. പ്രതികൾക്ക് എതിരെ മനുഷ്യക്കടത്തിന് കേസെടുത്തുവെന്ന് ആർ.പി.എഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |