ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കായികതാരങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിംഗും (യു.ഡബ്ല്യു.ഡബ്ല്യു). മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള സമരപരിപാടികളിലേക്ക് ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടൽ.
അഫിലിയേഷൻ റദ്ദാക്കും
45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങൾ നിയന്ത്രിക്കുന്ന യുണൈറ്റഡ് വേൾഡ് റസലിംഗിന്റെ മുന്നറിയിപ്പ്. ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ സംഘടന ശക്തമായി വിമർശിച്ചു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സംതൃപ്തിയില്ലെന്നും യു.ഡബ്ല്യു.ഡബ്ല്യു വ്യക്തമാക്കി.
താരങ്ങളെ സംരക്ഷിക്കണമെന്ന് നിർദ്ദേശം
ഗുസ്തി താരങ്ങളുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഒക്ടോബറിൽ നടക്കുന്ന കമ്മിറ്റിയുടെ യോഗം ഇന്ത്യയിൽ ചേരാനിരിക്കെയാണ് കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തെ നേരിട്ട രീതിയും പൊലീസ് നടത്തിയ അതിക്രമവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വക്താവ് പ്രതികരിച്ചു. താരങ്ങളുടെ ആരോപണത്തിൽ മുൻവിധികളില്ലാത്ത അന്വേഷണം നടത്തി വേഗത്തിൽ പൂർത്തിയാക്കണം. താരങ്ങളുടെ സുരക്ഷയ്ക്ക് ഏറ്റവും പരിഗണന നൽകണം. താരങ്ങളെ സംരക്ഷിക്കണമെന്ന് പി.ടി. ഉഷയുടെ അദ്ധ്യക്ഷതയിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഐ.ഒ.സി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |