ബന്ധങ്ങളിൽ നിന്നും കെട്ടുകളിൽ നിന്നുമുള്ള ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്നാണ് സ്വയം ഭോഗത്തെ ആധുനിക വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ മനുഷ്യൻ സ്വയം കണ്ടെത്തിയ മാർഗമാണിത്. അമിത ഉത്കണ്‌ഠയിൽ നിന്ന് മോചനം ലഭിക്കുമെന്നും നല്ല ഉറക്കം കിട്ടുമെന്നുമൊക്കെ ചിലർ പറയുമെങ്കിലും സ്വയം ഭോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. സ്വയം ഭോഗം പാപമാണെന്ന് ചിന്തിക്കുന്നവരും സ്ത്രീകൾ ഒരിക്കലും സ്വയം ഭോഗം ചെയ്യാൻ പാടില്ലെന്നുമൊക്കെ ചിന്തിക്കുന്നവർ നിരവധിയാണ്.
അസാധാരണമായി ഒന്നുമില്ല
സ്വയം ഭോഗം ചെയ്യുന്ന ഭൂരിഭാഗം പുരുഷന്മാരും തങ്ങൾ ചെയ്യുന്നതിൽ എന്തോ അസാധാരണത്വം ഉണ്ടെന്ന് ചിന്തിക്കുന്നവരാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുരുഷന്മാർ സ്വയം ഭോഗം ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന രീതി, ടെക്‌നിക്ക് തുടങ്ങിയവ വ്യത്യാസപ്പെടുമെന്നതിനാൽ ഇതിലെന്തെങ്കിലും അസാധാരണത്വം ഉണ്ടെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓരോ പുരുഷന്മാരും വ്യത്യസ്‌തമായ രീതികളാണ് സ്വയം ഭോഗം ചെയ്യാനായി ഉപയോഗിക്കുന്നതെന്ന് ഈ രംഗത്തെ ഗവേഷകയായ മാർത്താ കോർണോഗ് പറയുന്നു. ചിലർ തങ്ങളുടെ കൈ ഉപയോഗിക്കും, ചിലർ തങ്ങളുടെ രഹസ്യ അവയവങ്ങൾ ഏതെങ്കിലും വസ്തുവിൽ ഉരസും, ചിലർ സെക്‌സ് ടോയ് ഉപയോഗിക്കും, ചിലർ തങ്ങളുടെ ഭാവനയെ ഉപയോഗിക്കും, ചിലർ കണ്ണാടിയിൽ നോക്കിയും സ്വയം ഭോഗം ചെയ്യുമെന്നും ഇവർ പറയുന്നു.
സ്വയം ഭോഗം സുരക്ഷിതം, എന്നാൽ അത്ര സുരക്ഷിതവുമല്ല
മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പകരുന്ന ലൈംഗിക രോഗങ്ങൾ ഉണ്ടാകില്ലെന്നതാണ് സ്വയം ഭോഗത്തെ സുരക്ഷിതമാക്കുന്നത്. മാത്രവുമല്ല ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന മറ്റ് ശാരീരിക വിഷമങ്ങളും സ്വയം ഭോഗത്തിലൂടെ ഉണ്ടാകില്ല. എന്നാൽ അമിതമായ സ്വയം ഭോഗം പല രോഗങ്ങൾക്കും കാരണമാകുമെന്നും ഗവേഷകർ പറയുന്നു. അമിത സ്വയം ഭോഗമുള്ളവരിൽ മൂത്രാശയ സംബന്ധമായ അസുഖങ്ങൾ കണ്ടുവരാറുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ലൈംഗിക ജീവിതത്തിന് പുതിയ ഊർജം
വിവിധ കാരണങ്ങളാൽ സ്വയം ഭോഗം പങ്കാളിയുമായുള്ള ലൈംഗിക ജീവിതത്തിന് ഊർജം പകരുമെന്ന് ഗവേഷകർ പറയുന്നു. തനിക്ക് ഏത് രീതിയിലാണ് ലൈംഗിക ആസ്വാദനം കൈവരുന്നതെന്ന് വ്യക്തിക്ക് മനസിലാക്കാൻ സ്വയം ഭോഗം സഹായിക്കും. ഇത് പങ്കാളിയുമായി ചർച്ച ചെയ്‌താൽ കിടപ്പറയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ കഴിയും. ക്ലൈമാക്‌സ് എത്തുന്നത് എപ്പോഴാണെന്ന് മനസിലാക്കുന്നത് വഴി ശീഘ്രസ്ഖലനം തടയാനും പുരുഷന് കഴിയും.മാത്രവുമല്ല പങ്കാളിയുടെ അഭാവത്തിൽ വ്യക്തിക്ക് ലൈംഗിക ആസ്വാദനം നടത്താനും സ്വയം ഭോഗം സഹായിക്കും. എന്നാൽ അമിതമായി സ്വയം ഭോഗം നടത്തുന്ന പുരുഷന്മാർക്ക് തങ്ങളുടെ പങ്കാളിയോടുള്ള താത്പര്യം കുറയുമെന്നും ഗവേഷകർ പറയുന്നു.
ചിലത് അപകടം
അതേസമയം, അപകടകരമായ രീതിയിൽ സ്വയം ഭോഗത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ ചില ലൈംഗിക അസംതൃപ്‌തിക്ക് കാരണമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വയം ഭോഗത്തിലൂടെ ലഭിക്കുന്ന സുഖം പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ലഭിക്കില്ലെന്ന ചിന്തയാണ് പല പുരുഷന്മാർക്കും വിനയാകുന്നത്. ഇത്തരക്കാർ തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ തുറന്ന് സംസാരിക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സ്ത്രീകൾക്ക് സ്വയം ഭോഗം ചെയ്യാമോ
ഏറ്റവും അധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമാണ് സ്ത്രീകൾക്കിടയിലെ സ്വയം ഭോഗം. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും ലൈംഗിക അസംതൃപ്തി നേരിടുന്നവരാണെന്നാണ് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഇത് തുറന്ന് പറയാൻ മിക്ക സ്ത്രീകളും മടിക്കുന്നുവെന്നാണ് സത്യം. പക്ഷേ സ്വയം ലൈംഗിക സംതൃപ്‌തി നേടാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആരോഗ്യപരമായി സ്വയം ഭോഗത്തിന് ഒരു പ്രശ്‌നവുമില്ലെന്നും വൈദ്യശാസ്ത്രം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |