കൊച്ചി: പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി കൊച്ചി കളമശേരി മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ പൈപ്പ്ലൈൻ സ്ഥാപിക്കും. പദ്ധതിക്ക് പ്രാഥമികാനുമതിയായി.
നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമം. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പാചകത്തിന് സിറ്റി ഗ്യാസും വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും ഇന്ധനമായി സി.എൻ.ജിയും തടസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന എ.ജി ആൻഡ് പി കമ്പനിയാണ് കൊച്ചി - തിരുവനന്തപുരം പൈപ്പ് ലൈൻ സ്ഥാപിക്കുക. നിലവിൽ കൊച്ചിയിൽ നിന്ന് ടാങ്കറുകളിൽ എത്തിച്ച് ചേർത്തല, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളിൽ നിറച്ചാണ് വാഹനങ്ങൾക്ക് സി.എൻ.ജി നൽകുന്നത്.
കൊച്ചി മുതൽ കാസർകോട് വഴി മംഗലാപുരം വരെ ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) പൈപ്പ് ലൈൻ സ്ഥാപിച്ച് എൽ.എൻ.ജി വിതരണം ചെയ്യുന്നുണ്ട്. ഗെയിലിന്റെ കളമശേരിയിലെ സബ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പൈപ്പ്ലൈൻ കൊച്ചുവേളിയിലെ എ.ജി ആൻഡ് പിയുടെ ഗ്യാസ് സ്റ്റേഷൻ വരെയാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി അംഗീകാരം നൽകിയതായി ഗെയിൽ വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. സ്വകാര്യഭൂമിയിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള തടസങ്ങൾ കണക്കിലെടുത്താണ് ദേശീയപാതയുടെ സർവീസ് റോഡിനോടു ചേർന്ന് സ്ഥാപിക്കുന്നത്. വാളയാർ മുതൽ കോയമ്പത്തൂർ വരെ ഗെയിൽ പൈപ്പിട്ടതും ദേശീയപാത വഴിയാണ്. കൊച്ചി - മംഗലാപുരം പൈപ്പ് ലൈൻ സ്വകാര്യഭൂമിയിലൂടെയാണ്.
12 ഇഞ്ച് പൈപ്പ്
12 ഇഞ്ച് വ്യാസമുള്ള പൈപ്പാകും കളമശേരി മുതൽ സ്ഥാപിക്കുക. തിരുവനന്തപുരം ജില്ലയിലെത്തുമ്പോൾ എട്ട് ഇഞ്ചായി കുറയും. മൂന്നു ജില്ലകളിലും സ്ഥാപിക്കുന്ന ഗ്യാസ് സ്റ്റേഷനുകളിൽ നിന്ന് ഉപപൈപ്പ് ലൈനുകൾ വഴി വീടുകളിൽ സിറ്റി ഗ്യാസ് ലഭ്യമാക്കും. പൈപ്പിടൽ പദ്ധതിയുടെ മറ്റുവിശദാംശങ്ങളും ചെലവും വെളിപ്പെടുത്തിയിട്ടില്ല.
സിംഗപ്പൂർ കമ്പനി
പെട്രോളിയം, ഗ്യാസ് മേഖലകളിൽ പ്രവർത്തിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് കമ്പനി ഒഫ് മനില (എ.ജി ആൻഡ് പി) ഇന്ത്യയിൽ എ.ജി ആൻഡ് പി പ്രഥം എന്ന പേരിൽ ഡൽഹി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കേരളം, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 33 ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണത്തിന് ലൈസൻസ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |