
പത്തനംതിട്ട: സിപിഎം മുൻ എംഎൽഎ കെസി രാജഗോപാലിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം മുൻ പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന രാജഗോപാലിന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രകാശ് ബാബു ഇതിന് മറുപടി നൽകിയത്.
സംഘടനയ‌്ക്കകത്ത് കാലുവാരുന്നത് പുതിയ കാര്യമല്ലെന്നും പാർട്ടിക്കകത്തെ അതികായനായിരുന്ന രാജഗോപാലിന്റെ പഴയകാലം മറന്നുപോകരുതെന്നും പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. അർഹതയില്ലാത്തവർക്ക് താൽക്കാലിക ലാഭത്തിനായി അവസരങ്ങൾ ഒരുക്കിയതിന്റെ ഫലമാണ് കെസി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും പ്രകാശ് ബാബു പറയുന്നു.
പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
'മുൻ എംഎൽഎ കെസി രാജഗോപാലന്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും പുറത്തും കാലുവാരലും, ചതിയും , കുതികാൽ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വിഎസ് അച്ചുതാനന്ദന്റെ സമ്പൂർണ്ണ ആശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോൾ ഇത്തരം ഉൾപോരാട്ടങ്ങൾക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാൻ 75 വയസ്സാകാൻ കാത്തുനിൽക്കാതെ 60ൽ സ്വയം റിട്ടയർ ചെയ്തതും.
താങ്കളും മറ്റുള്ളവരും ഞാനും നടത്തിയ പോരാട്ടങ്ങൾ വ്യക്തിപരമായിരുന്നില്ല. റിട്ടയർമെന്റു കഴിഞ്ഞ നമുക്ക് പാർട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ തന്റെ പഴയ കസേരയിൽ പോയിരുന്ന് നിർദേശം കൊടുത്താൽ ആരും കേൾക്കില്ല. റിട്ടയർ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കു. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |