ബൊഗോട്ട : ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ജനങ്ങൾക്കും പരിസ്ഥിതിക്കും തലവേദനയായി മാറിയ ' കൊക്കെയ്‌ൻ ഹിപ്പോ"കളെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും മാറ്റുന്നത് മാസങ്ങളായി ചർച്ചയിലാണ്. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹിപ്പപ്പോട്ടമസുകളുടെ പിൻഗാമികളായ ഈ ഹിപ്പോകളെ ഇപ്പോഴിതാ മറ്റൊരു മാഫിയ തലവന്റെ ജന്മദേശത്തേക്ക് മാറ്റുകയാണ്.
കൊക്കെയ്‌ൻ ഹിപ്പോകളിൽ പത്തെണ്ണത്തെ കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവനായ വാകീൻ ഗുസ്മാൻ എന്ന ' എൽ ചാപ്പോ'യുടെ നാട്ടിലേക്കാണ് കൊണ്ടുപോവുക. മെക്സിക്കൻ പ്രവിശ്യയായ സിനലോവയാണ് എൽ ചാപ്പോയുടെ സ്വദേശം. ഇയാളുടെ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിന്റെ പ്രവർത്തനവും ഇവിടം കേന്ദ്രീകരിച്ചാണ്. കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൽ ചാപ്പോ നിലവിൽ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.
സിനലോവയിലെത്തിക്കുന്ന ഹിപ്പോകളെ ജീസസ് മരിയ പട്ടണത്തിലേക്ക് മാറ്റും. എൽ ചാപ്പോയുടെ മകൻ ഒവിഡിയോയെ ജനുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് ഇവിടെ വച്ചായിരുന്നു. ഇവിടെയുള്ള ഒസ്റ്റോക് സാങ്ങ്ച്വറിയിൽ ഹിപ്പോകളെ പാർപ്പിക്കാനാണ് പദ്ധതി. 500,000 ഡോളറാണ് ഹിപ്പോകളെ കൊളംബിയയിൽ നിന്ന് ഇവിടെയെത്തിക്കാൻ വേണ്ടിവരുന്ന ചെലവ്.
ആഫ്രിക്കയിൽ കണ്ടിരുന്ന ഹിപ്പോകളെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിച്ചത് പാബ്ലോ എസ്കോബാറാണ്. 70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡെലിൻ കാർട്ടൽ ആയിരുന്നു. 1980 കാലഘട്ടത്തിൽ എസ്കോബാർ നാല് ഹിപ്പോകളെ ആഫ്രിക്കയിൽ നിന്ന് കൊളംബിയയിലേക്ക് കടത്തിക്കൊണ്ടുവന്നു.
ഈ ഹിപ്പോകളെ കൊളംബിയയിലെ മെഡെലിൻ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്യൂർട്ടോ ട്രിയുൻഫോയിലെ 'ഹസീന്ദ നേപ്പിൾസ് ' എന്ന തന്റെ ആഡംബര എസ്‌റ്റേറ്റിലെ സ്വകാര്യ മൃഗശാലയിൽ എസ്കോബാർ വളർത്തി.
1993ൽ എസ്കോബാർ കൊല്ലപ്പെട്ടതോടെ എസ്‌റ്റേറ്റ് കൊളംബിയൻ ഭരണകൂടം പിടിച്ചെടുത്തു. ഹിപ്പോകളെ പിന്നീട് ഉപേക്ഷിച്ചു. നാല് പേരുണ്ടായിരുന്ന ഹിപ്പോ സംഘത്തിന്റെ പിൻഗാമികൾ ഇന്ന് ആന്റിയോക്വിയ പ്രവിശ്യയിൽ മാത്രം 130 ഓളമുണ്ട്. മഗ്ദലീന നദീ തീരത്ത് ജീവിക്കുന്ന ഇവ ആവാസവ്യവസ്ഥയ്ക്ക് ദോഷമാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കാതെ വന്നതോടെയാണ് കൊല്ലുന്നതിന് പകരം നാടുകടത്താൻ തീരുമാനിച്ചത്. 60 എണ്ണത്തെ ഇന്ത്യയിലേക്കെത്തിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |