മദനോത്സവത്തിനുശേഷം സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഞാനും വരട്ടെയോ നിന്റെ കൂടെ എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ. നവാഗതനായ നൈജൻ ദേവസി രചന നിർവഹിക്കുന്ന ചിത്രം ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. മറ്റു താരങ്ങളെ അണിയറ പ്രവർത്തകർ ഉടൻ തീരുമാനിക്കും. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി ആണ് നിർമ്മാണം. സൂപ്പർഹിറ്റായ പാപ്പനു ശേഷം ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം മികച്ച വിജയം നേടിയിരുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് രചന നിർവഹിച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനം നിർവഹിക്കുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് സുധീഷ് ഗോപിനാഥ്. രാജേഷ് മാധവനും ചിത്ര നായരും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. പയ്യന്നൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിനുശേഷം ഞാനും വരട്ടെയോ നിന്റെ കൂടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |