ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി 1 രേഖപ്പെടുത്തി. പ്രധാന സാക്ഷികളിലൊരാളാണ് ശ്രീനാഥ് ഭാസി. പ്രധാനപ്രതി തസ്ളിമ സുൽത്താനുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് ശ്രീനാഥ് എക്‌സൈസിന് മൊഴി നൽകിയിരുന്നു. വിചാരണ വേളയിൽ അതു മാറ്രിപ്പറയുന്നതൊഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷപ്രകാരം കോടതി രഹസ്യമൊഴി എടുത്തത്.
ഇന്ന് ഉച്ചയ്ക്ക് 2.30നാണ് മൊഴി നൽകാൻ ശ്രീനാഥ് ഭാസി എത്തിയത്. 3.30നാണ് മൊഴി നൽകുന്നത് പൂർത്തിയായത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്‌സൈസിന്റെ സഹായവും ശ്രീനാഥ് ഭാസി അഭ്യർത്ഥിച്ചിരുന്നു.
കഞ്ചാവ് കടത്തിനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും കോടതി രേഖപ്പെടുത്തി. വാടകയ്ക്ക് നൽകിയ കാറാണെന്നും വിട്ടുകിട്ടണമെന്നും കാട്ടി ശ്രീജിത്ത് കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും വാഹന ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. മറ്റ് നാല് സാക്ഷികളുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ഫ്ളാറ്റുടമയായ അമൃത, കോൾ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെട്ട പ്രസൂൺ, അബ്ദു, കാർ വാടകയ്‌ക്കെടുക്കാൻ ഉപയോഗിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമ മഹിമ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |