ഇടവ: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. മടവൂർ തകരപറമ്പ് പ്ലാവിളവീട്ടിൽ വിഷ്ണുവിനെയാണ് (33) അയിരൂർ പൊലീസ് പിടികൂടിയത്. ഇടവ മാന്തറ സ്വദേശി നസീം ബീഗം നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കി. ശേഷം ഇത് എറണാകുളം കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ച് ലഭിച്ച പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു.
വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു. ആറ്റിങ്ങലിൽ സമാനമായ കേസിൽ കാർ തിരിച്ചു നൽകി ഒത്തുതീർപ്പാക്കിയിരുന്നു. നടയറ സ്വദേശിയിൽ നിന്ന് കാർ തട്ടിയെടുത്ത് പണയം വച്ച സംഭവത്തിൽ കഴിഞ്ഞദിവസം വർക്കല സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്കലയിൽ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലൂടെ നിരവധിപേരിൽ നിന്ന് കാർ കൈക്കലാക്കി പണയം വച്ച് പണം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അയിരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ സജിത്ത്.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |