ചാലക്കുടി: നഗരസഭ യോഗത്തിൽ മുൻ ചെയർമാനും പ്രതിപക്ഷ നേതാവും തമ്മിൽ കൈയ്യാങ്കളി. നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചക്കിടെയായിരുന്നു മുൻ ചെയർമാൻ വി.ഒ. പൈലപ്പനും പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷും മുഖാമുഖം പോരടിച്ചത്. പൈലപ്പന്റെ ഇരിപ്പടത്തിന് നേരെ പാഞ്ഞടുത്ത പ്രതിപക്ഷ നേതാവ് മുഷ്ടി ചുരുട്ടി കയർത്തു. ഇതിനെ പ്രതിരോധിക്കാൻ പൈലപ്പനും ശ്രമിച്ചതോടെ കൗൺസിൽ സ്തംഭിച്ചു. ഇതിനിടെ മറ്റുള്ളവർ ഏറെ ശ്രമിച്ചാണ് ഇരുവരെയും അനുനയിപ്പിച്ചത്.
താൻ ചെയർമാനായിരിക്കുമ്പോൾ കൗൺസിൽ തീരുമാനപ്രകാരം ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് എല്ലാനടപടികളും പൂർത്തീകരിച്ചതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഇടപെടലാണ് തീരുമാനം നടപ്പാകാതെ പോയതെന്ന പൈലപ്പന്റെ പരാമർശമാണ് പ്രതിപക്ഷ നേതാവിന ചൊടിപ്പിച്ചത്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം പൊട്ടിത്തെറിച്ചത്. ഇതിന്റെ രേഖകൾ കാണിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. തുടർന്നായിരുന്നു പരസ്പര വെല്ലുവിളി.
നികുതി വർദ്ധനയിൽ ധാരണ
സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കെട്ടിട നികുതി വർദ്ധന സംബന്ധിച്ച് 300 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 11 രൂപയാക്കി നിശ്ചയിക്കാൻ ചെയർമാൻ എബി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
300 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് 13 രൂപയും, വാണിജ്യ കെട്ടിടങ്ങളിൽ 100 ചതുരശ്ര അടി വരെ 75 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 25 രൂപയും ഈടാക്കും. പോട്ടയിൽ മാലിന്യം തള്ളിയ സംഘത്തെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ പൊലീസിനോട് ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, കെ.വി. പോൾ, വി.ജെ. ജോജി, അഡ്വ. ബിജു എസ്. ചിറയത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |