കോട്ടയം: ഉരുൾ പൊട്ടലിന്റെ ഭീതിയും കാട്ടുമൃഗങ്ങളുടെ ശല്യവും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുണ്ടെങ്കിലും മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനായി മാറുകയാണ് ജില്ലയിലെ മലയോര മേഖല. കൊവിഡിന് ശേഷം പത്തിലേറെ സിനിമകൾക്കാണ് കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട, പൂഞ്ഞാർ, മുണ്ടക്കയം, പാലാ എരുമേലി പ്രദേശങ്ങൾ ലൊക്കേഷനായത്. ജോഷി ചിത്രം ആന്റണിയുടെയും ഷാജോൺ നായകനായ അനിൽ തോമസ് ചിത്രം ഇതുവരെയുടെയും
ഷൂട്ടിംഗ് ഇരാറ്റുപേട്ട ഭാഗത്ത് പുരോഗമിക്കുകയാണ്.
കൊവിഡ് സമയത്തിറങ്ങിയ ദിലീഷ് പോത്തൻ ചിത്രം ജോജിയുടെ പ്രധാന ലൊക്കേഷൻ ചെറുവള്ളിത്തോട്ടവും പരിസരവുമായിരുന്നു. ജില്ലയിൽ നിന്നുള്ള സംവിധായകരായ ജോണി ആന്റണി, ജയരാജ്, ജോൺ പോൾ തുടങ്ങിയവരും അവരുടെ ചിത്രങ്ങൾക്ക് കോട്ടയവും പരിസരവും ലൊക്കേഷനായി തിരഞ്ഞെടുക്കാറുണ്ട്. മലയാള സിനിമയിൽ അമ്പത് വർഷം പൂത്തിയാക്കിയ വിജയരാഘവൻ ചിത്രം പൂക്കാലമാണ് മലയോരത്ത് ഷൂട്ട് ചെയ്ത് അവസാനം റിലീസായ ചിത്രം. പ്രിഥ്വിരാജ് നായകാനായ കടുവവും ജോഷിയുടെ പാപ്പനും ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കും മലയോരം ലൊക്കേഷനായി. നഗരത്തിന്റേയും നാട്ടുമ്പുറത്തിന്റേയും ഫ്രെയിമുകൾ ഒരുപോലെ ഒപ്പിയെടുക്കാമെന്നതാണ് മലയോരത്തേയ്ക്ക് സംവിധായകരെ അടുപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽമഞ്ഞും മലയും താഴ്‌വരകളുമെല്ലാം ഫ്രെയിമിലാക്കാം മഴമാറി നിന്നതും ഗുണമായി.
ത്രില്ലറുകൾക്ക് ബെസ്റ്റ്
ത്രില്ലർ സിനിമകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ് മലയോരത്തേത്. മുൻപ് ഇടുക്കിയെ ആശ്രയിച്ചിരുന്നവരും ഇപ്പോൾ കോട്ടയത്തിന്റെ മലയോരത്തേയ്ക്ക് എത്തുന്നുണ്ട്. യാത്രാ സൗകര്യമുള്ളതും നഗരവുമായി അടുത്തു കിടക്കുന്നതുമാണ് ഗുണകരം.
'' കുറച്ചു നാളുകളായി ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങൾ ലൊക്കേഷനാവുന്നുണ്ട്'' വിജയരാഘവൻ, നടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |