കണ്ണൂർ: നിരത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ.ഐ കാമറകൾ മിഴിതുറന്നു. ഇന്നലെ രാവിലെ എട്ട് മുതലാണ് റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങിയത്. നിയമലംഘനം നടത്തിയവരെ തേടി നോട്ടീസ് വൈകാതെ വീടുകളിലെത്തും. നോട്ടീസ് എത്തുന്നതിനൊപ്പം വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴയീടാക്കുന്നത് സംബന്ധിച്ച വിവരം മെസേജായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്‌ക്കേണ്ടി വരും. അക്ഷയ കേന്ദ്രങ്ങൾ വഴി പിഴ ഓൺലൈനായി അടക്കാൻ സൗകര്യമുണ്ട്.
സംസ്ഥാനത്താകെ റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എ.ഐ ക്യാമറയും അനധികൃത പാർക്കിംഗ് കണ്ടെത്താൻ 25 ക്യാമറയും ചുവപ്പ് സിഗ്നൽ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരുചക്രവാഹനത്തിൽ രണ്ട് മുതിർന്നവരെ കൂടാതെ 12 വയസിന് താഴെയുള്ള ഒരു കുട്ടി യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കുന്നില്ല. അതേസമയം, കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കും.
ക്യാമറ കണ്ണു തുറന്നതോടെ റോഡുകളിലെ ബസുകളുടെയും മറ്റു വാഹനങ്ങളുടെയും മത്സരയോട്ടത്തിന് കുറവ് വന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ 50 ക്യാമറകളാണ് നിയമലംഘനങ്ങൾ പിടികൂടാനായുള്ളത്. മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലാണ് ജില്ലയിലെ കൺട്രോൾ റൂം. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽ നിന്നു തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം വിവരം ലഭിക്കുക. അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരം കൈമാറും.
കാസർകോട് പലർക്കും പിടിവീണു
കാസർകോട്: ജില്ലയിൽ 47 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകൾ ഇന്നലെ രാവിലെ മുതൽ നിയമലംഘകർക്ക് പണി കൊടുത്തു തുടങ്ങി. ആദ്യ മണിക്കൂറിൽ തന്നെ നിരവധി പേർക്ക് പിഴ ചുമത്തി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കുകയാണ്. ക്യാമറ നിരീക്ഷണം തുടങ്ങിയതോടെ ബൈക്കിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റില്ലെങ്കിൽ പണി കിട്ടും.
ജില്ലയിലെ നിയമലംഘനങ്ങളുടെ കണക്കെടുപ്പും പിഴ അടക്കാനുള്ള നോട്ടീസ് അയക്കലും ഉൾപ്പെടെ മുഴുവൻ നിയന്ത്രണങ്ങളും കാസർകോട് കറന്തക്കാടുള്ള കൺട്രോൾ റൂമിൽ നിന്നാണ്. കെൽട്രോണിലെ അഞ്ച് ജീവനക്കാർ, ഒരു ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്), നാല് എം.വി.ഐമാർ, ഒമ്പത് എ.എം.വി.ഐമാർ എന്നിവരാണ് കൺട്രോൾ റൂമിന്റെ ചുമതല നിർവ്വഹിക്കുന്നത്. പ്രിന്റർ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് അയക്കാനുള്ള പേപ്പറും കവറും അടക്കം എത്തിയിരുന്നു. കൺട്രോൾ റൂമിൽ നിന്ന് തപാലിൽ നോട്ടീസ് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |