ഗാന്ധിനഗർ: ഗുജറാത്തിൽ ദളിത് യുവാവിനെ ഗ്രാമവാസികൾ മർദിച്ച് തള്ളവിരൽ അറുത്തുമാറ്റി. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടി ബോൾ കൈക്കലാക്കിയെന്നാരോപിച്ചായിരുന്നു ഉയർന്ന ജാതിക്കാർ അമ്മാവനെ ക്രൂരമായി മർദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പട്ടാൻ ജില്ലയിലെ കാക്കൊശി ഗ്രാമത്തിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മാച്ച് കാണുന്നതിനിടെ കുട്ടി ബോൾ എടുക്കുകയായിരുന്നു. ഇതുകണ്ട് പ്രതികൾക്ക് ദേഷ്യം വരികയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദളിത് വിഭാഗക്കാരെയൊന്നടങ്കം ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്‌തെന്നാണ് വിവരം.
ഇതിനിടയിൽ കുട്ടിയുടെ അമ്മാവനായ ധീരജ് പർമാർ ഇതിനെ എതിർത്തുകൊണ്ട് സംസാരിച്ചു. തത്ക്കാലത്തേക്ക് പ്രശ്നം അവസാനിച്ചു. എന്നാൽ വൈകിട്ട് മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ ഏഴംഗ സംഘം ധീരജിനെയും സഹോദരൻ കൃതിയേയും ആക്രമിച്ചു. പ്രതികളിലൊരാൾ കൃതിയുടെ തള്ളവിരൽ അറുത്തുമാറ്റുകയായിരുന്നു. പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |