പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് - " ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വരമൂഹൂര്‍ത്തമാണിത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരം. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളം, ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യാക്കാരുടെ സ്വപ്‌നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും. " എന്നായിരുന്നു . അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും ശ്രദ്ധേയം- " സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും " എന്നതാണ്. കാരണം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞ വേളയില്‍ സാമ്രാജ്യത്വവാഴ്ചയുടെ പ്രതീകങ്ങളെയും ബിംബങ്ങളെയുമെല്ലാം കുടഞ്ഞുകളഞ്ഞ് ഭാരതം അതിന്റെ തനിമയാര്‍ന്ന പാരമ്പര്യത്തെയും കഴിവുകളെയുമാണ് ഇനി ആശ്രയിക്കേണ്ടത് , പ്രതിഫലിപ്പിക്കേണ്ടത്.
1200 കോടി ചെലവില്‍ നിര്‍മ്മിക്കപ്പെട്ട പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ വിളംബരം തന്നെയാണ്. മന്ദിരം തുറന്നതോടെ ഭാരതം കൂടുതല്‍ തിളക്കമാര്‍ന്നിരിക്കുകയാണ്. 2001ൽ പാര്‍ലമെന്റ് മന്ദിരം ഇസ്ലാമിക ഭീകരരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍, രാജ്യത്തിന് തലകുനിക്കേണ്ടിവന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് 2001 ഡിസംബര്‍ 13. ലഷ്‌കറെ തൊയിബ, ജെയ്‌ഷെ മുഹമ്മദ് ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. അന്നുമുതല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തുന്ന ആവശ്യമായിരുന്നു ത്രിതല സുരക്ഷയുള്ള പഴുതടച്ച ഒരു പാര്‍ലമെന്റ് മന്ദിരം. മാത്രമല്ല, ഭൂകമ്പ ഭീഷണി നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ പലപ്പോഴും ശക്തമായ പ്രകമ്പനങ്ങളുമുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 2012 ല്‍ യുപിഎ ഭരണകാലത്ത് പാര്‍ലമെന്റ് നവീകരണം ചര്‍ച്ചയായത്. എന്നാല്‍ യുപിഎ സര്‍ക്കാരിന് മന്ദിര നിര്‍മ്മാണമെന്ന ദൗത്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല.
2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതോടെയാണ് സുരക്ഷിതമായ പാര്‍ലമെന്റ് എന്ന ആശയം വീണ്ടും സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 2019ല്‍ രൂപരേഖയായതോടെ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിനും വഴി തുറക്കുകയായിരുന്നു. പിന്നാലെ വിവാദങ്ങളും കൊഴുത്തു. പട്ടിണിപ്പാവങ്ങളുടെ ഒരു രാജ്യത്ത് 1200 കോടി ഒരു മന്ദിരത്തിനായി എന്തിന് ചെലവഴിക്കണമെന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ ഇന്ത്യ ഇന്ന് ഒരു പട്ടിണി രാജ്യമല്ലെന്നും ലോകത്തെ വളരുന്ന സാമ്പത്തിക- സൈനിക ശക്തിയാണെന്ന കാര്യവും ചോദ്യകര്‍ത്താക്കള്‍ വിസ്മരിക്കുന്നു. ജിഡിപിയുടെ കാര്യത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ബ്രിട്ടനെയും ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നു. ഒരു കാലത്ത് ഭാരതത്തെ അടിച്ചമര്‍ത്തി ഭരിച്ച ബ്രിട്ടന്റെ സാമ്പത്തികനില ഇന്ന് ഇന്ത്യയ്ക്ക് പിന്നില്‍ മാത്രമാണ്. 1921ല്‍ ബ്രിട്ടീഷുകാര്‍ അവരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിച്ച ഒരു പാര്‍ലമെന്റ് മന്ദിരത്തിലല്ല, ആധുനിക- വികസിത ഇന്ത്യയുടെ ഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടേണ്ടത്.
ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാദ്ധ്യതകളും എല്ലാം ഒത്തൊരുമിക്കുന്ന നവീന സംവിധാനങ്ങളോടെയാണ് 150 വര്‍ഷകാലം നിലനില്‍ക്കുന്ന തരത്തില്‍ എല്ലാവിധ സുരക്ഷയോടെ പുതിയ മന്ദിരം സാക്ഷാത്കരിച്ചിരിക്കുന്നത്. 2026ന് ശേഷം സഭാസീറ്റുകളുടെ കാര്യത്തില്‍ പുനര്‍നിര്‍ണ്ണയിക്കൽ വേണ്ടിവരുന്ന സന്ദർഭത്തിൽ വർധിപ്പിക്കേണ്ട സീറ്റുകളുടെ എണ്ണം മുന്നില്‍ കണ്ടാണ് പുതിയ ഹാളുകളില്‍ സജ്ജീകരണമൊരുക്കിയിരിക്കുന്നത്.
1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രി ബ്രിട്ടന്‍ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായി ഉപയോഗിച്ച സ്വര്‍ണ്ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതോടെ ധര്‍മ്മത്തിന്റെയും ഭരണനീതിയുടെയും ഓര്‍മ്മപ്പെടുത്തലായി അത്. ചെങ്കോല്‍ സഭാംഗങ്ങളെ എക്കാലവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
ഇന്ത്യ എന്തുകൊണ്ടും അഭിമാനിക്കേണ്ട നിര്‍മ്മിതി തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാഷ്ട്രപതിയെ മന്ദിരോദ്ഘാടനത്തിന് ക്ഷണിച്ചില്ല എന്നായിരുന്നു പ്രതിപക്ഷമുയര്‍ത്തിയ പ്രധാന ആക്ഷേപം. എന്നാല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ നിയമപരമായി മറ്റ് പ്രശ്‌നങ്ങള്‍ ഉയരുന്നുമില്ല. മാത്രമല്ല, പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരം അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ്. അത് തുറന്നുകൊടുക്കുവാന്‍ ഭരണത്തലവനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയും പാര്‍ട്ടിയും അദ്ദേഹത്തെ തന്നെ നിയോഗിച്ചുവെന്നത് സ്വാഭാവികം.
* ( ഫൊക്കാന മുൻ പ്രസിഡന്റും എം.ബി.എൻ ഫൗണ്ടേഷൻ (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |