വടക്കഞ്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'തരൂർ ചന്ത'ത്തിന് തുടക്കമായി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പദ്ധതിയുടെ ഭാഗമായി റോഡരികിലെ മാലിന്യം നീക്കി തണൽ മരങ്ങളും അലങ്കാര ചെടികളും നട്ടുപിടിപ്പിച്ചു.
മംഗലംപാലം മുതൽ ആമക്കുളം വരെയാണ് ശുചീകരണം നടത്തിയത്. പഞ്ചായത്തിന് കീഴിലെ എല്ലാ വാർഡുകളിലും മാലിന്യം കുന്നുകൂടുന്ന സ്ഥലം കണ്ടെത്തി വൃത്തിയാക്കി മരതൈകളും ചെടുകളും വച്ച് പിടിപ്പിക്കും. വാർഡംഗങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് വളണ്ടിയർമാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് തുടർ പരിപലനം നടത്തും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് പ്രാദേശിക സ്ക്വാഡുകളുടെ പ്രവർത്തനം ഊർജിതമാക്കും. രാത്രിയും നിരീക്ഷണം നടത്തും. സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പഞ്ചായത്തിൽ അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകും. മാലിന്യനിക്ഷേപം സംബന്ധിച്ച് ഫോട്ടോ സഹിതമുള്ള വിവരങ്ങൾ കൈമാറുന്നതിന് വിവിധ ഇടങ്ങളിൽ ക്യു.ആർ കോഡും സ്ഥാപിക്കും. ബോധവത്കരണത്തിനൊപ്പം ശിക്ഷാനടപടികളും മാലിന്യം സ്വീകരിക്കും.
ശുചീകരണത്തിലും തൈകൾ നടുന്നതിലും വടക്കഞ്ചേരി അഗ്നിശമന സേന, സിവിൽ ഡിഫൻസ്, ചെറുപുഷ്പം എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്, ഐ.എച്ച്.ആർ.ഡി കോളേജ് എൻ.എസ്.എസ് അംഗങ്ങൾ എന്നിവർ പങ്കാളികളായി. പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി, വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസനാർ, വാർഡംഗം ഷുക്കൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |