ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് സമ്പാദിച്ച നാൽപത് കോടി രൂപയുടെ വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ബി.ബി.സി തന്നെ ആദായനികുതി സെൻട്രൽ ബോർഡിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ. ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിന് പിന്നാലെ ബി.ബി.സിയുടെ ഡൽഹിയിലെയും മുംബയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് ടാക്‌സ് സർവേ നടത്തിയിരുന്നു. നാൽപത് കോടി രൂപയുടെ വരുമാനം ആദായനികുതി റിട്ടേണിൽ വെളിപ്പെടുത്തിയില്ലെന്ന് ആദായനികുതി സെൻട്രൽ ബോർഡിന് അയച്ച ഇ-മെയിലിൽ ബി.ബി.സി സമ്മതിച്ചുവെന്നുംപുതുക്കിയ ഐ.ടി റിട്ടേൺസ് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഇത് നികുതി വെട്ടിപ്പിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ. അതിനാൽ പിഴയും സ്വത്ത് പിടിച്ചെടുക്കലുമടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
ഇ-മെയിലിന് നിയമപരമായ സാധുതയില്ലെന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പുതുക്കിയ ആദായനികുതി റിട്ടേൺ തന്നെ ബി.ബി.സി സമർപ്പിക്കണം. അതിന് ഔദ്യോഗികമായ രീതിയിൽ ബി.ബി.സി എത്തണം. നികുതി വെട്ടിപ്പിന്റെ സ്വഭാവമുളളതിനാൽ കുടിശ്ശിക, പിഴ, പലിശ എന്നിവ അടയ്‌ക്കേണ്ടി വരും. രാജ്യത്ത് നിയമം എല്ലാവർക്കും ഒരുപോലെയാണ്. വിദേശ മാദ്ധ്യമ കമ്പനിക്ക് പ്രത്യേക ഇളവില്ല. കൃത്യമായ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിവാദ ഡോക്യുമെന്ററിയുടെ പേരിൽ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാനാണ് ബി.ബി.സി നേരത്തേ ശ്രമിച്ചതെന്നും ഇപ്പോൾ അവർ തന്നെ അനൗദ്യോഗികമായി നികുതി വെട്ടിപ്പ് അംഗീകരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് സർവേ നടത്തവേ, നടപടികളോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ബി.ബി.സി അറിയിച്ചിരുന്നു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്ന് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |