SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

അക്രമികൾ അഭിഭാഷക വേഷത്തിൽ ,​ യു. പിയിൽ ഗുണ്ടാത്തലവനെ കോടതിയിൽ വെടിവച്ച് കൊന്നു

Increase Font Size Decrease Font Size Print Page

sanjev-jeeva

ലഖ്നൗ: ഗുണ്ടാ തലവൻ മുക്താർ അൻസാരിയുടെ അനുയായിയും രണ്ട് ബി. ജെ. പി നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയുമായ സഞ്ജീവ് മഹേശ്വരി ജീവയെ ( 48 ) ലഖ്നൗ കോടതി പരിസരത്ത് വച്ച് അഭിഭാഷക വേഷത്തിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ബുധനാഴ്ച വൈകിട്ട് ലഖ്നൗവിലെ എസ്.സി / എസ്.ടി കോടതിയിലാണ് സംഭവം. വെടിവയ്‌പിൽ ഒരു പൊലീസുകാരനും ആറുവയസുകാരിക്കും പരിക്കേറ്റു. ഇവരെ ലഖ്നൗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലെത്തിയ അക്രമികൾ സഞ്ജീവ് ജീവയെ വെടി വച്ചിട്ട ശേഷം കടന്നുകളഞ്ഞു. സംഘാംഗമെന്ന് സംശയിക്കുന്ന വിജയ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷക വേഷത്തിലായിരുന്ന ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
മുസാഫർ നഗർ സ്വദേശിയായ സഞ്ജീവ് ജീവ പടിഞ്ഞാറൻ യു.പി.യിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്നു. ഒരു ക്രിമിനൽ കേസിന്റെ വിചാരണയ്‌ക്കാണ് കോടതിയിൽ കൊണ്ടുവന്നത്. 2018ൽ കൊല്ലപ്പെട്ട മുന്ന ബജ്‌രംഗിന്റെ അടുത്ത ആളുമായിരുന്നു.

രണ്ടുമാസം മുൻപാണ് മുൻ എം.പി.യും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദ് യു.പി. പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേനയെത്തിയ അക്രമികളാണ് അതിഖിനെയും സഹോദരനെയും വെടിവച്ച് കൊന്നത്. മുഖ്യപ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആരാണ് സഞ്ജീവ് ജീവ

ഉത്തർ പ്രദേശിലെ മുസാഫർ നഗർ സ്വദേശി. പിതാവ് ഓം പ്രകാശ് മഹേശ്വരി, മാതാവ് കുന്തി മഹേശ്വരി.

മൂന്ന് പതിറ്റാണ്ട് നീണ്ട ക്രമിനൽ ജീവിതം. നിരവധി സ്ഥലങ്ങളിൽ കൊല, കൊള്ള, പിടിച്ചുപറി,തട്ടിക്കൊണ്ടുപോകൽ കേസുകൾ.

ഒരു ഡിസ്പെൻസറി ജീവനക്കാരനായി തുടക്കം. അതേ ഡിസ്പെൻസറിയുടെ ഉടമയെ തന്നെ തട്ടിക്കൊണ്ടു പോയാണ് കുറ്റകൃത്യങ്ങളുടെ തുടക്കം. വൈകാതെ കൊൽക്കത്തയിലെ ഒരു ബിസിനസ് കാരന്റെ മകനെ തട്ടിക്കൊണ്ടുപോയി രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. ഹരിദ്വാറിലെ പല അധോലോക സംഘങ്ങളുടെയും ഭാഗമായി.

1997ൽ ബി.ജെ.പി എം.എൽ.എ ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു. 2005ൽ ബി.ജെ. പി എം. എൽ.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ വെറുതേ വിട്ടിരുന്നു. 2017ൽ ബിസിനസുകാരൻ അമിത് ദീക്ഷിത്തിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ലഖ്നൗ ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടന്നുകൊണ്ട് തന്റെ 35 അംഗ സംഘത്തെ നയിച്ചു.

24 കേസുകളിൽ പ്രതിയാണ്. 17 കേസുകളിൽ വെറുതെവിട്ടു. നിലവിൽ മൂന്ന് കേസുകൾ വിചാരണയിലാണ്. 22 തവണ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി.നാല് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

ഭാര്യ പായൽ. മൂന്ന് ആൺമക്കൾ. പായൽ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എൽ.ഡി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. ജീവയുടെ ജീവന് ഭീഷണിയുണ്ടെന്ന് 2021ൽ പായൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ആ ഭീതി ഇപ്പോൾ സത്യമായി.

TAGS: NEWS 360, NATIONAL, NATIONAL NEWS, UTTARPRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY