SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.21 PM IST

സ്കൂൾ  ദിനങ്ങൾ  205 ; മാർച്ച് 31നു  അടയ്ക്കും, 13 ശനിയാഴ്ചകൾ പ്രവൃത്തിദിനം തന്നെ

Increase Font Size Decrease Font Size Print Page

school

തിരുവനന്തപുരം: സ്കൂളുകളിൽ പാഠ്യഭാഗങ്ങൾ കുട്ടികളെ സമ്മർദ്ദത്തിലാക്കാതെ പഠിപ്പിച്ചുതീർക്കാൻ ഏപ്രിൽ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സർക്കാർ പിൻവലിച്ചു. മാർച്ച് 31ന് തന്നെ മദ്ധ്യവേനലവധി തുടങ്ങും. ഇതോടെ മൊത്തം പ്രവൃത്തിദിനങ്ങൾ 205 ആയി ചുരുങ്ങും. 210 ദിനങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത് 220 ദിനങ്ങൾ വേണമെന്നാണ്.

അതേസമയം, 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ, അവധികൾ ഇല്ലാതെ തുടർച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങൾ വന്നാൽ ആ ശനിയാഴ്ച ക്ളാസ് പാടില്ലെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്. അടുത്ത മാർച്ചിലെ രണ്ടു ശനിയാഴ്ചകൾ (16, 23) മാത്രമാണ് ഇങ്ങനെ വരുന്നത്.

205 പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ കലണ്ടർ വൈകാതെ പുറത്തിറങ്ങും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് മുൻതീരുമാനം സർക്കാർ മാറ്റിയത്.

സ്കൂൾ പ്രവേശനോത്സവ വേദിയിലാണ് 210 പ്രവൃത്തി ദിനങ്ങളുണ്ടാകുമെന്നും മദ്ധ്യവേനലവധി ഏപ്രിൽ ആറിനാണ് ആരംഭിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ഇതിനെതിരെ അന്നുതന്നെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. മന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷ സംഘടനകളും എതിർപ്പ് ഉയർത്തിയതോടെയാണ് ഇന്നലെ എല്ലാ സംഘടനകളുമായും മന്ത്രി ചർച്ച നടത്തിയത്.

നിലവിലെ നിയമങ്ങളും കോടതി വിധികളും ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിനങ്ങൾ നിഷ്കർഷിക്കുന്ന പശ്ചാത്തലത്തിലാണ് 13 ശനിയാഴ്ചകൾ പഠന ദിവസമാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. ഓരോ വർഷവും അവധി ദിനങ്ങൾ വരുന്നതനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവും.

ചർച്ചയിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് , സംഘടനാ നേതാക്കളായ എൻ.ടി. ശിവരാജൻ (കെ.എസ്.ടി.എ), കെ. അബ്ദുൾ മജീദ് (കെ.പി.എസ്.ടി.എ), കെ. എം അബ്ദുള്ള (കെ.എസ്.ടി.യു), ജയകൃഷ്ണൻ (എ.കെ.എസ്.ടി.യു), ഗോപകുമാർ (എൻ.ടി.യു) എന്നിവർ പങ്കെടുത്തു.

പ്രവൃത്തി ദിനങ്ങൾ

വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്: 220

വിദ്യാഭ്യാസ മന്ത്രി

പ്രഖ്യാപിച്ചത്:

210

ചർച്ചയിൽ ഇന്നലെ

അംഗീകരിച്ചത്:

205

പ്രവൃത്തിദിനമായ

ശനിയാഴ്ചകൾ:

13

കഴിഞ്ഞ വർഷത്തെ

പ്രവൃത്തിദിനങ്ങൾ:

202

(198+ 4 ശനി)

വിദ്യാർത്ഥികൾക്ക് ഗുണപരമായ പഠനസമയം സ്‌കൂളുകളിൽ ഒരുക്കുക എന്നത് പരമപ്രധാനമാണ്. പഠനവും പഠനേതരവുമായ പ്രവർത്തനങ്ങൾക്ക്

ആവശ്യമായ അദ്ധ്യയനദിനങ്ങൾ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

-വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മന്ത്രി

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY