SignIn
Kerala Kaumudi Online
Saturday, 30 September 2023 11.18 AM IST

വ്യാജരേഖയിൽ തെറ്റ് ചെയ്തത് വിദ്യ മാത്രം, പങ്കില്ലാത്ത കാര്യത്തിൽ ആർഷോയെ പ്രതിക്കൂട്ടിൽ നിറുത്തരുതെന്ന് മന്ത്രി ബിന്ദു

college

തിരുവനന്തപുരം: വ്യാജരേഖ ചമച്ച വിഷയത്തിൽ തെറ്റു ചെയ്തത് കെ വിദ്യയാണെന്നും കോളേജ് പ്രിൻസിപ്പലിന് അതിൽ പങ്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് എതിരെ ഉയർന്ന വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. സാങ്കേതിക തകരാറാണ് സംഭവിച്ചത്. ആർഷോയ്ക്ക് പങ്കില്ലാത്ത കാര്യത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

സെല്ലിന്റെ ഘടന

കോളേജ് പ്രിൻസിപ്പാൾ (സർവകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി) ചെയർപേഴ്‌സണായാണ്‌ സെൽ നിലവിൽ വരിക. പ്രിൻസിപ്പൽ/ സർവകലാശാലാ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അദ്ധ്യാപകർ (അതിലൊരാൾ വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയൻ /ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ, വിദ്യാർത്ഥികളിൽനിന്നും അവരാൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/സർവകലാശാലാ വകുപ്പുമേധാവി നാമനിർദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി, എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി എന്നിവരും സമിതിയിലുണ്ടാകും. ഇതിനുപുറമെ, പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അദ്ധ്യപകൻ/അദ്ധ്യാപിക എന്നിവരും ഉണ്ടാവും.

കാലാവധിയും തിരഞ്ഞെടുപ്പും

വിദ്യാർത്ഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അദ്ധ്യാപകർക്കും ഒരുവർഷവും, സർവകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വകാലാവധി. സർവകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാർത്ഥികളിൽനിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോടൊപ്പമായിരിക്കും നടത്തുക. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർത്ഥികൾ തുടരും. ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം.ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം.


ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ചെയർപേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തിരഞ്ഞെടുക്കാം.സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവകലാശാലയിൽ അറിയിക്കും. ഇതിനായി ഒരു പ്രത്യേക ഓഫീസർക്ക് ചുമതല നൽകും.

ഇക്കാര്യങ്ങൾ പരാതിപ്പെടാം

പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തത്,സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നൽകുന്ന സേവനങ്ങൾക്ക് അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളിൽ ഉള്ള കുറവുകൾ, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേർതിരിവുകളുണ്ടാക്കൽ, അധികാരികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സഹവിദ്യാർത്ഥികളിൽനിന്നും ജീവനക്കാരിൽനിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തിൽ നിലവിലുള്ള സംവിധാനങ്ങളിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഈ സെല്ലിൽ പരാതിനൽകാം. സർവകലാശാലാ നിയമങ്ങൾ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും. വിദ്യാർത്ഥികളുടെ അവകാശരേഖ'യിൽ പറയുന്ന അവകാശങ്ങൾ ഉറപ്പാക്കലും സെല്ലിന്റെ അധികാരപരിധിയിൽ വരും.

പരാതികൾക്കുമേൽ സർവകലാശാലാ തലത്തിൽ അപ്പീൽസംവിധാനം ഉണ്ടാകും. കോളേജുതല സമിതിയുടെ തീരുമാനത്തിന്മേൽ ആക്ഷേപം വന്നാൽ വിദ്യാർത്ഥികൾക്ക് സർവകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന ഇങ്ങനെയായിരിക്കും: പ്രൊ-വൈസ് ചാൻസലർ (ചെയർപേഴ്സൺ), വിദ്യാർത്ഥിവിഭാഗം ഡീൻ/ഡയറക്ടർ (കൺവീനർ), സിൻഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധി, സർവ്വകലാശാലാ യൂണിയൻ ചെയർപേഴ്സൺ, സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകർ (ഇതിൽ ഒരു വനിതയും എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഒരു സർവ്വകലാശാലാ ഉദ്യോഗസ്ഥൻ. ഈ യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.


ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകൾ പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെണ്‍കുട്ടികള്‍, എസ്‌സി-എസ്‌ടി വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും.ഇന്റേണല്‍ മാര്‍ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താന്‍ സര്‍വ്വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തുന്നവർക്കെതിരെ നടപടി വേണ്ടി വരും. കോളേജ് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ പരാതി ഉണ്ടെങ്കില്‍ സമീപിക്കാനുള്ള സര്‍വകലാശാല തല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തും.ഇത്തരത്തിൽ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതാവും നിർദ്ദിഷ്ട 'വിദ്യാർത്ഥികളുടെ അവകാശരേഖ' (Charter of Students Rights). രേഖ ഉടന്‍ സര്‍വ്വകലാശാല നിയമത്തിന്റെ ഭാഗമാക്കും.

സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ജീവനി സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് - സ്വാശ്രയ കോളേജുകളിലും ജീവനി നടപ്പാക്കുമെന്നത് നിർദ്ദിഷ്ട 'വിദ്യാർത്ഥികളുടെ അവകാശരേഖ' യുടെ ഭാഗമാകും. അതോടെ എല്ലാ കോളേജുകളിലും കൗണ്‍സിലിംഗ് ലഭ്യമാകുക എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENT GRIEVANCE REDRESSAL CELL, KERALA, GOVT, MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.