ചട്ടം ലംഘിച്ച് നമ്പർ, ഒക്യുപൻസി സർട്ടിഫിക്കറ്റ്
ആഭ്യന്തര വിജിലൻസ് പരിശോധന തുടരും
തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ആഭ്യന്തര വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നമ്പരും ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകുന്നതായി കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര വിജിലൻസ് ഓഫീസർമാരുടെ ആദ്യത്തെ മിന്നൽ പരിശോധനയിലാണ് അതിവേഗ നടപടി.
വെറും 46 തദ്ദേശസ്ഥാപനങ്ങളിലെ പരിശോധനയിൽ തന്നെ വൻ ക്രമക്കേട് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ ഹാജർ, നിർമാണ അനുമതിക്കും നമ്പരിനുമുള്ള അപേക്ഷകളിലെ കാലതാമസം, പൊതുജന സേവനം വൈകുന്നത് തുടങ്ങിയവയാണ് പരിശോധിച്ചത്. 3 കോർപറേഷനുകൾ, 16 നഗരസഭകൾ, 25 പഞ്ചായത്തുകൾ, ഓരോ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്.
തിരുവനന്തപുരം കോർപറേഷന്റെ നേമം സോണൽ ഓഫീസിലെ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ജോസ്.എച്ച്.ജോൺ, ഓവർസിയർമാരായ പി.വി. ജിൻസി, സി.ഇ.പ്രിയ, പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ സി.മനോജ് കുമാർ, തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എം.രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.
ക്രമക്കേട്,
ജോലിയിൽ വീഴ്ച
നേമം ഓഫീസിൽ ചട്ടലംഘനമുള്ള കെട്ടിടങ്ങൾക്ക് അസി. എൻജിനിയറെ മറികടന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതാണ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ വീഴ്ച. ചട്ടലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ട് വഴി ഒക്യുപൻസി നൽകിയതിനാണ് ഓവർസിയർമാരെ സസ്‌പെൻഡ് ചെയ്തത്. പാലക്കാട് നഗരസഭയിൽ ലൈസൻസിനുള്ള 2881അപേക്ഷകൾ തീർപ്പാക്കാത്തതിനും വ്യാപാര സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കാത്തതിനുമാണ് സൂപ്പർവൈസർക്കെതിരെ നടപടി. കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് ക്രമക്കേടുകളുടെ പരമ്പരയാണ് തീർത്തത്. കെട്ടിട നിർമാണ അനുമതി, ഒക്യുപൻസി, കെട്ടിട നമ്പർ അപേക്ഷകളിൽ യഥാസമയം നടപടിയെടുത്തില്ല. പഴ്സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ തുടങ്ങിയവ കൃത്യമായി സൂക്ഷിച്ചതുമില്ല. മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷകളിൽ നടപടി എടുത്തെന്നും കണ്ടെത്തി.
മദ്യപിച്ച് ഡ്യൂട്ടിക്ക്,
അവധി തോന്നുംപടി
ഉദ്യോഗസ്ഥർ മദ്യപിച്ച് എത്തുന്നതും അനധികൃത അവധി എടുക്കുന്നതും വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
തദ്ദേശ സ്ഥാപന ഓഫീസുകളിൽ മാസത്തിൽ രണ്ട് പരിശോധനയ്‌ക്കാണ് മന്ത്രി രാജേഷിന്റെ നിർദ്ദേശം
ഇന്റേണൽ വിജിലൻസ് ഓഫീസറും വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്
ആഭ്യന്തര വിജിലൻസ്
തദ്ദേശ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച ആഭ്യന്തര വിജിലൻസിൽ 65 ഉദ്യോഗസ്ഥർ
റവന്യു, എൻജിനിയറിംഗ്, ഹെൽത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് വിജിലൻസ്
നിരന്തര പരിശോധനയിലൂടെ തദ്ദേശ വകുപ്പിനെ അഴിമതി മുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യം
ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി. വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് യഥാസമയം സേവനം എത്തിക്കാനും സർക്കാർ ഇടപെടും.
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |