SignIn
Kerala Kaumudi Online
Monday, 19 January 2026 3.04 AM IST

മൂന്നാറിലെ സിപിഎം മുഖം, മൂന്ന് വട്ടം എംഎൽഎ; ഒടുവിൽ 'താമര' പിടിച്ച് എസ് രാജേന്ദ്രൻ, ബന്ധം വഷളായത് ഇങ്ങനെ

Increase Font Size Decrease Font Size Print Page
s-rajendran

മൂന്ന് വർഷം മുമ്പ് വരെ മൂന്നാറിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു മൂന്ന് വട്ടം ദേവികുളം എം.എൽ.എയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ്. രാജേന്ദ്രൻ. ഇന്ന് ബിജെപിയിൽ രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങളേറെയുള്ള ദേവികുളം മണ്ഡലത്തിൽ നിന്ന് ഒന്നര പതിറ്റാണ്ടോളം രാജേന്ദ്രൻ നിയമസഭാ സാമാജികനായിരുന്നു. 1991 മുതൽ മൂന്ന് ടേം ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ 2006ൽ തറപറ്റിച്ചാണ് എസ്. രാജേന്ദ്രൻ ആദ്യം നിയമസഭയിൽ എത്തുന്നത്. 2011ലും 2016ലും വിജയം ആവർത്തിച്ചു.

കൈയേറ്റ വിഷയത്തിലായാലും പെമ്പിളൈ ഒരുമൈ സമരത്തിലായാലും മാറി മാറി വരുന്ന സബ് കളക്ടർമാരുമായി കൊമ്പ് കോർക്കുന്ന കാര്യത്തിലായാലും എപ്പോഴും രാജേന്ദ്രൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അപ്പോഴെല്ലാം പാർട്ടിയുടെ പൂർണ പിന്തുണ എസ്. രാജേന്ദ്രനുണ്ടായിരുന്നു. എന്നാൽ പിന്നീട് പാർട്ടിയുമായി അകന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ എസ് രാജേന്ദ്രന്റെ കൂട് മാറ്റി ബിജെപിയിൽ എത്തിയിരിക്കുകയാണ്. രാജേന്ദ്രൻ പാർട്ടി വിടാനുണ്ടായ സാഹചര്യങ്ങൾ എന്തൊക്കെയാണ്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2022 ജനുവരിയിൽ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അന്ന് മുതൽ രാജേന്ദ്രൻ പാർട്ടി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കൂടുമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അന്ന് അത് സംഭവിച്ചില്ല. സംസ്ഥാനം ഒരു നിയമസഭ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന ഈ സാഹചര്യത്തിലാണ് രാജേന്ദ്രൻ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയത്.

ബി.ജെ.പി നേതാക്കൾ പലതവണ നേരിട്ടും ഫോണിലും ക്ഷണിച്ചെന്ന കാര്യം സ്ഥിരീകരിക്കുമ്പോഴും പാർട്ടി വിട്ടുപോകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് രാജേന്ദ്രൻ നേരത്തെ ആവർത്തിച്ചിരുന്നത്. ഒരിക്കൽ ബി.ജെ.പിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രം കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ പോയതാണെന്നും ഈ സന്ദർഭത്തിൽ പോയത് ഉചിതമായില്ലെന്നുമാണ് രാജേന്ദ്രൻ പിന്നീട് വിശദീകരിച്ചത്.

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പാർട്ടി അംഗത്വം പുതുക്കാൻ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഫോം കൈമാറിയിരുന്നു. എന്നാൽ സീനിയർ നേതാവായ തന്നെ അപമാനിക്കാൻ ജൂനിയർ നേതാക്കളെ വിട്ടതിൽ പ്രതിഷേധിച്ച് രാജേന്ദ്രൻ അംഗത്വം പുതുക്കാൻ തയ്യാറായില്ല. ഇതിനു ശേഷം സംസ്ഥാന നേതാക്കൾ ഇടപെട്ട് രാജേന്ദ്രനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, എം.എം. മണി എം.എൽ.എ എന്നിവരാണ് മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടു മണിക്കൂറോളം ചർച്ച നടത്തിയത്. പിറ്റേന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന്റെ ദേവികുളം മണ്ഡലം കൺവെൻഷനിൽ രാജേന്ദ്രൻ പങ്കെടുക്കുകയും പാർട്ടിയിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായും രാജേന്ദ്രനെ പ്രഖ്യാപിച്ചിരുന്നു.

ബന്ധം വഷളായതിന് കാരണം
2021ൽ നാലാമതും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് രാജേന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചതു മുതലാണ് പാർട്ടിയുമായുള്ള അസ്വാരസ്യം ആരംഭിക്കുന്നത്. പാർട്ടിയുടെ പൊതുമാനദണ്ഡപ്രകാരം രാജേന്ദ്രന് ഒരു അവസരം കൂടി നൽകാനാകില്ലായിരുന്നു. പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ അഡ്വ. എ. രാജയ്ക്കാണ് സീറ്റ് നൽകിയത്. രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാജേന്ദ്രൻ പങ്കെടുത്തെങ്കിലും ആത്മാർത്ഥമായ പ്രവർത്തനമുണ്ടാകുന്നില്ലെന്ന് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. ഒരു വേദിയിലും സ്ഥാനാർത്ഥിയായ എ. രാജയെ വിജയിപ്പിക്കണമെന്ന് എസ്. രാജേന്ദ്രൻ പ്രസംഗിച്ചില്ല. എം.എം. മണിയടക്കമുള്ള ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടിട്ടും രാജയുടെ പേര് പറഞ്ഞില്ല. തിരഞ്ഞെടുപ്പിൽ രാജ വിജയിച്ചെങ്കിലും പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പോലെ വോട്ട് കിട്ടിയില്ല. പ്രത്യേകിച്ച് രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളിൽ. ഇതോടെ വിവിധ ഘടകങ്ങളിലുള്ളവരെല്ലാം കൂട്ടമായി രാജേന്ദ്രനെതിരെ പാർട്ടിക്ക് പരാതി നൽകി.

രാജേന്ദ്രൻ ഉൾപ്പെടുന്ന മറയൂരടക്കം മൂന്നാർ, അടിമാലി ഏരിയാ കമ്മിറ്റി അംഗങ്ങളും പരാതി ഉന്നയിച്ചു. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതികളിലേറെയും. തുടർന്നാണ് മുതിർന്ന നേതാക്കളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരെ അന്വേഷണ കമ്മിഷനായി ജില്ലാ കമ്മിറ്റി നിയോഗിച്ചത്. പരാതികളിൽ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാട്ടിയില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയും കമ്മിഷൻ കണ്ടെത്തി. തിരഞ്ഞെടുപ്പിന് ശേഷം നടന്ന ബ്രാഞ്ച് മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഒരു പാർട്ടി സമ്മേളനത്തിലും രാജേന്ദ്രൻ പങ്കെടുത്തില്ല.

സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണിയുമായുള്ള വാഗ്വാദങ്ങളും രാജേന്ദ്രന് ദോഷമായി. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രാജേന്ദ്രൻ മറുപടിയും നൽകിയില്ല. തുടർന്ന് കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും പ്രതിനിധി സമ്മേളനത്തിലും രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. എം.എം. മണിയടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന, എസ്. രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസം പുറത്തായി. ഇത് നടപടിക്ക് ആക്കംകൂട്ടി.

പിന്നാലെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിക്ക് ശുപാർശ ചെയ്യുകയായിരുന്നു. പാർട്ടി ചിഹ്നമടക്കം നഷ്ടമാകാവുന്ന വളരെ നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പ് യുദ്ധക്കളത്തിൽ സി.പി.എം നിൽക്കുമ്പോൾ എസ്. രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന തരത്തിൽ പ്രചാരണം നടത്തുമ്പോൾ യു.ഡി.എഫ് പ്രതിരോധിക്കുന്നത് എസ്. രാജേന്ദ്രന്റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു.

TAGS: CPM, KERALA, S RAJENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.