കോട്ടയം: കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവമുണ്ടായിട്ട് ഒരു വർഷം തികയാറാകുമ്പോഴും കൂടുതൽ സുരക്ഷയുള്ള പുതിയ ജയിലെന്ന ആവശ്യത്തിന് മേൽ ഒരു നടപടിയുമായില്ല. നിലിവൽ കളക്ടറേറ്റിന് താഴെയാണ് ജയിൽ.അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജയിൽ ഇവിടെ നിന്ന് മാറ്റി നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ രണ്ടരയേക്കർ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് ജയിൽ വകുപ്പ് നൽകിയ കത്ത് ഇപ്പോഴും ഫയലിലാണ്.
ചുമതലയേറ്റ പുതിയ കളക്ടറെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ ജൂലായിലാണ് ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിയത്. അന്ന് പുതിയ ജയിലെന്ന ആവശ്യം വീണ്ടും ഉയർന്നെങ്കിലും തീരുമാനം വീണ്ടും പരണത്തായി. തന്ത്രപ്രധാനമായ മേഖലയിലാണ് ജില്ലാ ജയിൽ. ഇതിന്റെ ഗുണവും ദോഷവും ഒരുപോലുണ്ട്. കോടതിയിൽ നിന്ന് പ്രതികളെ വേഗം ജയിലിലെത്തിക്കാമെന്നതും ആശുപത്രിയടക്കമുള്ള സൗകര്യങ്ങളും ഗുണമാണ്. എന്നാൽ രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും ഏറെയുണ്ട്. തൊട്ടടുത്ത് ഹൈവേയും റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും മീനച്ചിലാറും. വ്യക്തമായ ആസൂത്രണത്തോടെ ജയിൽചാടിയാൽ പിടിക്കാനാവില്ല. ശേഷിയേക്കാൾ ഇരട്ടിയാളുകളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.
പാർപ്പിക്കാവുന്നവരുടെ എണ്ണം:55 (52പുരു,3സ്ത്രീ)
താമസിക്കുന്നത് : 108 പേർ (100 പുരു, 8 സ്ത്രീ)
അരനൂറ്റാണ്ടിന്റെ പഴക്കം
1959ൽ സബ് ജയിൽ ആയി തുടങ്ങി, 2000ത്തിൽ സ്‌പെഷ്യൽ സബ് ജയിലും 2013ൽ ജില്ലാ ജയിലുമായി ഉയർത്തിയ ഇവിടെ അഞ്ചു വനിതകൾ ഉൾപ്പെടെ 28 ജീവനക്കാരുണ്ട്. ശൗചാലയങ്ങളും വിരലിലെണ്ണാവുന്നത് മാത്രം. കുറ്റവാളികൾ തമ്മിലുള്ള സംഘർഷവും ഇവിടെ പതിവാണ്.
എന്തുകൊണ്ട് നാട്ടകം
നാട്ടകത്ത് ആധുനിക സൗകര്യങ്ങളോടെ ജയിൽ സ്ഥാപിക്കാം
തിരക്കിൽ നിന്ന് മാറിയായതിനാൽ സുരക്ഷയും വർദ്ധിപ്പിക്കാം
കൃഷി അടക്കമുള്ള റിക്രിയേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കാം
ജയിൽ ചാടിയാലും അത്ര വേഗം രക്ഷപ്പെടാൻ കഴിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |