കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റെടുക്കാനെത്തുന്ന യാത്രക്കാരോട് പണം ഡിജിറ്റലായി നൽകാൻ പ്രോത്സാഹിപ്പിച്ച് റെയിൽവേ. കൗണ്ടറിനു മുന്നിൽത്തന്നെ വച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ടിക്കറ്റ് തുക കൃത്യമായി നൽകാം. ചില്ലറയ്ക്ക് തിരയേണ്ട, അതിന്റെ പേരിൽ തർക്കവും വേണ്ട. ചില്ലറ നേരത്തെ കരുതി വയ്ക്കുന്ന യാത്രക്കാർക്ക് ആ പണിയുമില്ല. റെയിൽവേയ്ക്കും ഇത് എളുപ്പവും സൗകര്യവുമാണ്. പണം നേരിട്ട് റെയിൽവെ അക്കൗണ്ടിലെത്തും. ക്യാൻസൽ ചെയ്യുന്ന ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിലുമെത്തും. ഇത്തരം സൗകര്യങ്ങൾ കണക്കിലെടുത്ത് ഓൺലെെൻ പേമെന്റിന് പ്രോത്സാഹിപ്പിക്കാനാണ് റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. അതേസമയം നിർബന്ധിക്കില്ല. പണവും സ്വീകരിക്കും.
പണം കൊടുത്ത് ടിക്കറ്റെടുത്തവർക്ക് ക്യാൻസൽ ചെയ്യുമ്പോൾ പണമായിത്തന്നെ തുക തിരികെ നൽകും. ഡിജിറ്റൽ പേമെന്റിന് യാത്രക്കാരെ നിർബന്ധിക്കുകയാണെന്ന ആക്ഷേപം ശരിയല്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. പ്രായമായവർക്കും ആൻഡ്രോയ്ഡ് ഫോണില്ലാത്തവർക്കും ഗൂഗിൾ പേ ചെയ്യാൻ ബുദ്ധിമുട്ടാണ്. അവർക്ക് പണം നൽകാം. എന്നാൽ വൃദ്ധർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇപ്പോൾ ഡിജിറ്റലായാണ് ടിക്കറ്റ് തുക നൽകുന്നതെന്നും റെയിൽവെ പറയുന്നു. സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഓൺലെെനായി പണമടയ്ക്കുന്നുണ്ട്.
വരി കുറയ്ക്കാം. വേഗം ബുക്ക് ചെയ്യാം
ടിക്കറ്റ് തുക പണമായി നൽകുമ്പോൾ ബാക്കി കൊടുക്കാനും മറ്റും കൂടുതൽ സമയമെടുക്കും. ഇത് കൗണ്ടറുകളിലെ തിരക്ക് വർദ്ധിപ്പിക്കും. ട്രെയിൻ എത്താറാകുമ്പോൾ ടിക്കറ്റെടുക്കാനെത്തുന്നവരെ ഉൾപ്പെടെ ഇത് ബാധിക്കും. അപ്രതീക്ഷിതമായ ഗതാഗതക്കുരുക്കിലും മറ്റും പെട്ട് അവസാന നിമിഷം ടിക്കറ്റെടുക്കാനെത്തുന്നവർ കുറവല്ല. കൂടുതൽ പേർക്ക് ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ കൂടുതൽ സമയമെടുക്കും. ദൂരസ്ഥലങ്ങളിലേക്ക് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക ലക്ഷത്തിലധികമായിരിക്കും. കൗണ്ടിംഗ് മെഷീനുണ്ടെങ്കിലും തുക എണ്ണി തിട്ടപ്പെടുത്താൻ സമയമെടുക്കും. അപ്പോഴേക്കും ഉറപ്പാകാൻ സാദ്ധ്യതയുള്ള ടിക്കറ്റ് പോലും വെയിറ്റിംഗ് ലിസ്റ്റിലാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |