ചെറുവത്തൂർ: ശരീരത്തിന്റെ സന്തുലിതാവസ്ഥ താറുമാറാക്കിയ രോഗം ബാധിച്ചിട്ടും ഇച്ഛാശക്തിയും മനക്കരുത്തും അദ്ധ്യാപകരുടെ ശക്തമായ പിന്തുണയും ലഭിച്ചതോടെ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുതിയാണ്ടത്തെ നേഹയ്ക്ക് ചെറുവത്തൂർ ബി.ആർ.സിയുടെ അനുമോദനം. വീട്ടിൽ നടന്ന അനുമോദനത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉപഹാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ഗിരീശൻ, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ കെ. കൃഷ്ണൻ, ചെറുവത്തൂർ ബി.പി.സി. എം സുനിൽകുമാർ, വി.എം സയന, എം.വി സൗമ്യ, വി.കെ ശാലിനി, കെ.യു നിമിത, ടി.എം മുംതാസ് എന്നിവർ സംസാരിച്ചു.
എല്ലുകൾ പൊടിഞ്ഞ് വേദന തിന്നുമ്പോഴും കാഴ്ചയ്ക്ക് മങ്ങലേറ്റെങ്കിലും പ്രതിസന്ധികളെ മറികടന്ന് മിന്നുന്ന വിജയമാണ് ഈ കുട്ടി കൈവരിച്ചത്. രണ്ടാം തരത്തിൽ കൊവ്വൽ എ.യു.പി സ്കൂളിൽ പഠിക്കുന്നതിനിടെയാണ് ഈ പെൺകുട്ടിക്ക് ഓസ്റ്റിയോ പെട്രോസിസ് എന്ന രോഗം ബാധിച്ചത്. അതോടെ കൂട്ടുകാരും കളിചിരികളുമില്ലാതെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം മുടങ്ങി. തുടർന്ന് ചെറുവത്തൂർ ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അദ്ധ്യാപിക ലേഖ വീട്ടിലെത്തി ക്ലാസ്സെടുത്തു തുടങ്ങി. ലേഖയുടെ ഇടപെടലും ധൈര്യം പകരലും നേഹയ്ക്ക് പുതിയൊരു ഊർജമായി. പഠനത്തോടൊപ്പം പുസ്തകങ്ങളുടെ കളിക്കൂട്ടുകാരിയുമായി. ഒപ്പം വേദന കടിച്ചമർത്തി അവളെഴുതിയ സ്നേഹാമൃതം, പുഴകൾ പറയുന്നത് എന്നീ കവിതാ സമാഹാരങ്ങൾ ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു. കൊവ്വൽ സ്കൂളിലെയും കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും കൈത്താങ്ങുകളും ബി.ആർ.സിയിലെ സ്പെഷ്യൽ എജുക്കേറ്റർ നിമിതയുടെ ഇടപെടലും അവളുടെ പഠനത്തിന് തുണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |