
എഴുത്തുകാരൻ, സാഹിത്യഅക്കാദമിയുടെ ഇന്നോളമുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി, അദ്ധ്യാപകൻ, സാഹിത്യ സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പായിപ്ര രാധാകൃഷ്ണൻ എഴുപതിലേക്ക് കടക്കുന്നു; എഴുപതിലും യൗവ്വനം വിടുന്നില്ല, ഈ വേളയിൽ അദ്ദേഹവുമായി സംസാരിച്ചപ്പോൾ.
തിരിഞ്ഞുനോക്കുമ്പോൾ,
എന്തുണ്ട് പറയാൻ?
എന്റെ ഗ്രാമം (പായിപ്ര) ഒരു ഉൾപ്രദേശമായിരുന്നു. വയലോരം, കുന്നിൻ ചരിവ്, വൈദ്യുതിയില്ല, വാഹനസൗകര്യമോ റോഡുകളോ ഇല്ല. ഒറ്റയടിപ്പാതകളിലെ ഏകാന്തമായ കാൽനടയാത്രയായിരുന്നു പ്രീ-ഡിഗ്രി കാലം വരെ. ഈ യാത്രകൾ ഭാവനാ വികാസത്തെ സഹായിച്ചിട്ടുണ്ടാകണം.
വീട്ടിലെ സാഹചര്യങ്ങൾ?
ഒരു പക്ഷേ, അമ്മയിൽ നിന്നാകും കഥാകഥനം ശീലിച്ചത്. അമ്മ എല്ലാ കാര്യങ്ങളും കഥപോലെയാണ് അവതരിപ്പിച്ചിരുന്നത്. അച്ഛനിൽനിന്ന് നർമ്മബോധവും ലഭിച്ചിരിക്കണം, അദ്ദേഹം ആ വിധത്തിലാണ് സംസാരിച്ചിരുന്നത്. പ്രീഡിഗ്രിക്കുശേഷം മഹാരാജാസ് കോളേജിലാണ് ചേർന്നത്. അത് സവിശേഷമായ അനുഭവലോകമാണ് തീർത്തത്.
സഹപാഠികൾ, അദ്ധ്യാപകർ, സാഹിത്യ മുന്നേറ്റങ്ങൾ...?
പിൽക്കാലത്ത് പ്രശസ്തരായ മമ്മൂട്ടി ,കെ.ആർ.വിശ്വംഭരൻ, തോമസ് ഐസക്, കെ.എസ്.രാധാകൃഷ്ണൻ, സി. അയ്യപ്പൻ തുടങ്ങി പലരും കോളേജിലുണ്ടായിരുന്നു. പ്രഗത്ഭരായ അദ്ധ്യാപകർ-ലീലാവതി ടീച്ചർ, സാനു മാസ്റ്റർ, ടി.ആർ.എം.അച്യുതൻ ആ നിര ഇനിയും നീളും. ജീവിതത്തെ മാറ്റിമറിച്ച ചിലതും ഉണ്ടായി. ആഴ്ചപ്പതിപ്പിൽ ആദ്യമായി കഥവന്നു, എം.ടി.ആയിരുന്നു പത്രാധിപർ.അന്വേഷണം മാസികയിലും കഥ പ്രാധാന്യത്തോടെ അച്ചടിച്ചുവന്നു. സാഹിത്യമുൻഗണനകൾ മാറി,നാടകാഭിനയത്തിൽ നിന്ന് സാഹിത്യരചനയിലേക്കും എത്തി.
അന്നത്തെ കേരള യൂണിവേഴ്സിറ്റിയൂണിയൻ നെയ്യാർഡാമിൽ നടത്തിയ സാഹിത്യശില്പശാലയിലേക്ക് കോളേജിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ അന്തരിച്ച എസ്.രമേശനും ഞാനും ആയിരുന്നു. ആ ശില്പശാല വിശാലലോകങ്ങൾ കാട്ടി. ഒ.എൻ.വി, സുഗതകുമാരി, എൻ.വി.കൃഷ്ണൻനായർ തുടങ്ങിയ പല പ്രഗത്ഭരുമായി ഇടപഴകി. പിൽക്കാലത്ത് നിരവധി ശില്പശാലകൾ നടത്താൻ പ്രേരകമായി.
ജി.യുടെ
ലോകത്തേക്ക്
മഹാരാജാസിൽ പഠനം കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുകയാണ്; എം.അച്യുതൻ മാസ്റ്റർ ചെറുകഥ -ഇന്നലെ ഇന്ന് എഴുതുന്നു. എഴുത്തിന്റെ പൂർത്തീകരണത്തിന് എന്നെ സഹായത്തിന് വിളിക്കുന്നു, ഞാൻ സന്തോഷത്തോടെ പോകുന്നു, ജി.യുടെ കാവ്യലോകത്തേക്ക്, പുസ്തകപ്പുരയിലേക്ക്, സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള എണ്ണമറ്റ പുസ്തകങ്ങൾ, പത്രമാസികകൾ, കിടക്കുന്ന കട്ടിലിനടിയിൽ പോലും പുസ്തകങ്ങൾ-അത്ഭുതപ്പെടുത്തി, ജി.യുടെ സൗമ്യമധുരമായ പെരുമാറ്റം, ഒരു ഹൃദ്യമായ ലോകം, മഹാരാജാസിനെ നമിക്കുന്നു.
സാഹിത്യഅക്കാദമി സെക്രട്ടറി പദം കഷ്ടാനുഭവങ്ങൾ നൽകിയിട്ടില്ലേ?
നാരായണപിള്ളയുടെ അവാർഡ് നിരസം, അഴീക്കോടിന്റെ വിശിഷ്ടാംഗത്വം തിരിച്ചേൽപ്പിക്കൽ, പിന്നീട് മടക്കിവാങ്ങൽ- അങ്ങനെ പലതും അക്കാലത്താണല്ലോ അരങ്ങ് തകർത്താടിയത്.
ഓർത്തുപറയാൻ എന്തുണ്ട്?
നാരായണപിള്ള കുസൃതിയായി പറഞ്ഞതോർക്കുന്നു.5000 രൂപയുടെ ഈ അവാർഡിന് 5 ലക്ഷത്തിന്റെ വിലയുണ്ടാക്കിത്തരാം. അവാർഡ് നിരസിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കത്ത് വിലപ്പെട്ടതാണ്-ഭൂരിപക്ഷം പേരും വായിക്കാത്ത പുസ്തകത്തിന് ജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകുന്നത് ശരിയല്ല, തുക ഒഴിവാക്കാമല്ലോ അക്കാദമിക്ക് . ഇദ്ദേഹത്തിനുവേണ്ടിമാത്രം വ്യവസ്ഥമാറ്റാമോ? നിരസം നടന്നു; റദ്ദാക്കലും നടന്നു. ഒരു മാസം ഒരനക്കവുമുണ്ടായില്ല. നാരായണപിള്ളയും അഴീക്കോടും ബോംബെയിൽ കണ്ടുമുട്ടി സംസാരിച്ചു; അഴീക്കോട് തിരിച്ചെത്തി വിശിഷ്ടാംഗത്വത്തിന്റെ പൊന്നാടയും സ്വർണമെഡലും മറ്റു പത്രക്കാരെ വിളിച്ച് സാക്ഷിനിർത്തി സെക്രട്ടറിയെ ഏല്പിച്ചു. ഈ അപൂർവാനുഭവത്തിൽ എന്തു ചെയ്യണമെന്നറിയാൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി ബാബു പോളിനോട് ഉപദേശം തേടി. ഉപദേശം ഉടനെ കിട്ടി- അഴീക്കോട് തിരിച്ചുതന്ന സ്വർണ്ണമെഡൽ അപ്രൈസർ മാറ്റുനോക്കി സർട്ടിഫിക്കറ്റോടെ എല്ലാം ചേർത്ത് ബാങ്ക് ലോക്കറിൽ വെച്ചോളൂ. പിന്നീട് നിങ്ങൾ വിഷമിക്കാനിടയാകരുത്, ആള് അഴീക്കോടാണ്, തിരിച്ചു വന്നുവെന്നു വരാം. അതുതന്നെയുണ്ടായി, മാസങ്ങൾക്കകം അദ്ദേഹം തിരിച്ചുവാങ്ങാനെത്തി. വൈക്കം മുഹമ്മദ് ബഷീർ, തകഴിച്ചേട്ടൻ തുടങ്ങി പലരും അക്കാദമിക്കാലത്ത് എനിക്ക് നിറയെ വാത്സല്യം വിളമ്പി. എല്ലാ എഴുത്തുകാരും അങ്ങനെയല്ലെന്നും ബോദ്ധ്യപ്പെട്ടു. പലരുടെയും അകത്തുള്ളതല്ല പുറത്ത് കാണുക.
എഴുപതിനോടടുക്കുമ്പോൾ പിൻമുറക്കാർക്കായിഎന്തെങ്കിലും കൈമാറാനുണ്ടോ?
അങ്ങനെ കൈമാറാൻ മാത്രം വലിയ ആളല്ല ഞാൻ, അത്രമേൽ അനുഭവങ്ങളുമില്ല. എന്നാലും സ്വന്തം നിലയിൽ വളരണം, ശേഷികൾ ആർജ്ജിക്കണം, സ്വന്തം വഴികൾ തിരിച്ചറിയണം, അതാണ് പറയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |