പെരിന്തൽമണ്ണ: നാലു കിലോ തൂക്കമുള്ള ഇരുതലമൂരിയെ ആറു കോടി രൂപയ്‌ക്ക് വിൽക്കാനെത്തിച്ച ഹെൽത്ത് ഇൻസ്‌പെക്ടറടക്കമുള്ള ഏഴു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാഞ്ചേരിയിൽ ഹെൽത്ത് ഇൻസ്‌പെക്ടറായ പെരിന്തൽമണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷറഫ് (44), പറവൂർ വടക്കുംപുറം സ്വദേശി കള്ളംപറമ്പിൽ പ്രഷോബ് (36), തിരുപ്പൂർ സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻകുഞ്ഞ് (50) എന്നിവരാണ് അറസ്റ്റിലായത്.
ബാഗിൽ ഇരുതലമൂരിയുമായെത്തിയ സംഘത്തെ മാനത്തുമംഗലം ജംഗ്ഷന് സമീപത്തു നിന്നാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. പ്രഷോബും നിസാമുദ്ദീനുമാണ് രാമു, ഈശ്വരൻ എന്നിവർ മുഖേന നാലര ലക്ഷം രൂപയ്‌ക്ക് ആന്ധ്രയിൽ നിന്ന് ഇരുതലമൂരിയെ കേരളത്തിലെത്തിച്ചത്. മറ്റുള്ളവർ ഏജന്റുമാരാണ്. ഏജന്റുമാർ മുഖേന ആറു കോടി വില പറഞ്ഞുറപ്പിച്ചാണ് വിൽക്കാൻ പെരിന്തൽമണ്ണയിലെത്തിയത്.
എന്നാൽ വാങ്ങാനെത്തിയ ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനംവകുപ്പിന് കൈമാറി. സംഘത്തിലെ ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചെന്നും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |