# സംസ്ഥാനത്ത് 2658 കുഞ്ഞുങ്ങൾ
കോഴിക്കോട്: ഒരു കുഞ്ഞിക്കാൽ മോഹവുമായി എരഞ്ഞിക്കൽ കണ്ടംകുളങ്ങര ജില്ലാ ഹോമിയോ ആശുപത്രിയിൽ എത്തുന്ന ദമ്പതികൾക്ക് നിരാശരായി മടങ്ങേണ്ടി വരാറില്ല. ചികിത്സയുടെ ഓരോ ഘട്ടം കഴിയുന്തോറും 'നിറവയറി'നൊപ്പം ചെറു പുഞ്ചിരി തൂകുകയാണ് അവർ, ജന്മസാഫല്യത്തിൻ പൂർണ ചന്ദ്രനെ തൊട്ടപോൽ. 12 വർഷത്തിനിടെ ഒന്നല്ല 348 കുരുന്നുകളാണ് ഇവിടെ അമ്മമാരുടെ മാറിൽചുണ്ടമർത്തിയത്.
സ്ത്രീകളുടെ മാനസികാരോഗ്യ ചികിത്സയ്ക്കായി 2012 ൽ സീതാലയം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വന്ധ്യതാ നിവാരണ ക്ലിനിക്കാണ് പിന്നീട് 2019 ൽ ജനനി ഹോമിയോപ്പതി വന്ധ്യതാചികിത്സാ കേന്ദ്രമാക്കി ഉയർത്തിയത്. പദ്ധതിയുടെ ഭാഗമായി 557 പേർ ഗർഭിണികളായി. ഇതുവരെ രജിസ്റ്റർ ചെയ്ത 5239 ദമ്പതികളിൽ 4321 പേർ ചികിത്സയുടെ വിവിധ ഘട്ടങ്ങളിലാണ്. കഴിഞ്ഞ മാർച്ച് 31 വരെ സംസ്ഥാനത്ത് 2658 കുഞ്ഞുങ്ങളാണ് 'ജനനി'യിൽ പിറന്നത്.
കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഹോമിയോ ആശുപത്രികളിൽ ജനനി പദ്ധതി ആരംഭിച്ചത്. ഐ.വി.എഫ് പോലുള്ള ചെലവേറിയ ചികിത്സ നടത്തി വിജയിക്കാത്തവർക്കും വിവാഹം കഴിഞ്ഞ് 6 മുതൽ 15 വർഷം വരെയായിട്ടും കുട്ടികളില്ലാത്തവർക്കും ജനനി ആശ്വാസം തന്നെയാണ്.
ജനനി ക്ലിനിക്കിൽ എത്തുന്നവർക്ക് തുടക്കത്തിൽ വന്ധ്യതയുമായി ബന്ധപ്പെട്ട കാരണങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധനാ മാർഗങ്ങൾ, നിലവിലുള്ള ചികിത്സാ രീതികൾ എന്നിവയെ കുറിച്ച് വിശദമായ അറിവ് നൽകുന്നു. കൂടാതെ, പങ്കാളികളെ വിളിച്ചിരുത്തി ആവശ്യമായ കൗൺസിലിംഗും നൽകും. പലപ്പോഴും പങ്കാളികളിൽ ഇരുവർക്കും ചികിത്സ ആവശ്യമായി വരാറുണ്ട്. പിന്നീട് ആവശ്യമെങ്കിൽ ഹോർമോൺ, ജനിതക ഘടന, ബീജ പരിശോധനകൾ നടത്തി മരുന്നുകൾ നൽകും. ആശുപത്രിയിൽ രക്ത പരിശോധന തുടങ്ങി പ്രാഥമിക പരിശോധനാ സൗകര്യം മാത്രമേയുള്ളൂവെന്നതിനാൽ ഇത്തരം പരിശോധനകൾ പുറത്തേക്ക് നിർദ്ദേശിക്കുകയാണ്. മരുന്നുകൾ തീർത്തും സൗജന്യമാണ്. വന്ധ്യതാ കാരണം കണ്ടെത്തുന്നതിനും മറ്റുമുള്ള പരിശോധനകൾക്കാണ് ചെലവു വരുന്നത്. ദമ്പതികൾക്ക് ആവശ്യമെങ്കിൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. ഇതിനായി രണ്ട് ഒ.പികളിലായി രണ്ട് ഡോക്ടർമാരും മൂന്ന് ജീവനക്കാരുമാണ് ഉള്ളത്.
# മുൻകൂട്ടി ബുക്ക് ചെയ്യണം
ചികിത്സയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം. 40 രൂപയാണ് ഫീസ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രണ്ട് വരെയാണ് ചികിത്സാ സമയം. ബുക്ക് ചെയ്യേണ്ട നമ്പർ; 0495 2462110
''കുട്ടികളില്ലാത്തവർക്ക് ജനനി പദ്ധതി വലിയ ആശ്വാസമാണ്. നിരവധി ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്.
48 വയസ് കഴിഞ്ഞതും തീരെ സാദ്ധ്യതയില്ലാത്തതുമായ കേസുകൾ ഇവിടെ എത്തുന്നുണ്ട്. ഇതിൽ ചില കേസുകൾക്ക് മാത്രമാണ് ചികിത്സ ഫലപ്രദമല്ലാതായിപ്പോകുന്നത്. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ചികിത്സ ആളുകൾ പ്രയോജനപ്പെടുത്തണം. പരിമിതമായ മനുഷ്യ വിഭവ ശേഷിക്കുള്ളിൽ നിന്നുകൊണ്ട് ജനനി പദ്ധതിയെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഹോമിയോ വകുപ്പ്. പല ഇടങ്ങളിലും ചികിത്സ നടത്തി എത്തുന്നവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം മാനസിക പിന്തുണ കൂടി നൽകിയാണ് ചികിത്സയ്ക്ക് തുടക്കമിടുന്നത്''- ഡോ. സീന, ജനനി പദ്ധതി ജില്ലാ കൺവീനർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |