
നാഗർകോവിൽ : പ്രണയം തള്ളിപ്പറഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ട്രെയിനിന് തലവച്ച് ജീവനൊടുക്കി. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകൾ ഡാൻ നിഷയെ (23) വെട്ടി പരിക്കേൽപ്പിച്ച ശേഷം മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബർജിൻ ജോഷ്വ (23) യാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
മാർത്താണ്ഡത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായിരുന്നു നിഷയും ജോഷ്വയും . വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ, രണ്ടുമാസം മുൻപ് നിഷ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ വൈരാഗ്യമാണ് ക്രൂരമായ പ്രതികാരത്തിൽ കലാശിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞ് ജോഷ്വ യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തി. ഒരു സ്വകാര്യ കമ്പനിയുടെ പിൻവശത്ത് യുവതിയെ കൂട്ടിക്കൊണ്ടുപോയ ജോഷ്വ, അരിവാൾ കൊണ്ട് നിഷയുടെ തലയ്ക്ക് വെട്ടുകയായിരുന്നു.
നിലവിളികേട്ട് ആളുകൾ ഓടി വന്നപ്പോഴേക്കും ജോഷ്വ കടന്നുകളഞ്ഞു. തുടർന്ന് വിരികോട് എന്ന സ്ഥലത്ത് ട്രെയിനിന് തലവയ്ക്കുകയായിരുന്നു. നിഷയെ നാട്ടുകാർ കുഴിത്തുറ സർക്കാർ ആശുപത്രിയിലും അവിടെനിന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിഷ തീവ്ര പരിചരണ വിഭാഗത്തിലാണ്. മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |