പ്രമുഖ നാടക പ്രവർത്തകൻ കുമാരവർമ്മയുടെ ജീവിതത്തിന് ദൃശ്യാവിഷ്കാരം
കുമാരവർമ്മ ഇന്ത്യയിലെ തിയേറ്റർ രംഗത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗത്ഭനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമുള്ള സമഗ്രമായ ദൃശ്യശ്രാവ്യാവിഷ്കാരമാണ് കുമാരപർവ്വത്തിലൂടെ മഹേഷ് പഞ്ചു നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദശകങ്ങളായി കുമാരവർമ്മ നാൽപതോളം ഭാരതീയ, പാശ്ചാത്യനാടകങ്ങൾ വിവിധ അരങ്ങുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. മാവേലിക്കരയിൽ ജനിച്ച് തൃശൂരിലെ കേരളവർമ്മ കോളേജിൽനിന്നും ബിരുദം നേടിയ ശേഷം അമ്മാവനായ പ്രശസ്ത സംഗീതജ്ഞൻ മാവേലിക്കര പ്രഭാവർമ്മയുടെ നിർദ്ദേശം അനുസരിച്ച് ഡൽഹിയിലെ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ 1964ൽ മൂന്നുവർഷത്തെ നാടകപഠനത്തിന് ചേർന്നു. വിശ്വവിഖ്യാതനായ ഇബ്രാഹിം അൽക്കാസിയുടെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കിയ വർമ്മ അവിടെത്തന്നെ റപ്പർട്ടറി കമ്പനിയിൽ ഒരുവർഷം ജോലി ചെയ്തു. 1968ൽ കേരളത്തിലേക്ക് മടങ്ങിയ കുമാരവർമ്മ സി.എൻ. ശ്രീകണ്ഠൻനായർ, അയ്യപ്പപ്പണിക്കർ, ജി. ശങ്കരപ്പിള്ള, കാവാലം എന്നിവരോടൊത്ത് മലയാള നാടകവേദിയിൽ സംവിധായകനായി പ്രവർത്തിച്ചു.
5 കൊല്ലത്തെ കേരളത്തിലെ നാടകപ്രവർത്തനങ്ങൾക്കുശേഷം 1973ൽ കുമാരവർമ്മയ്ക്ക് ചണ്ഡിഗഡിൽ പഞ്ചാബ് സർവകലാശാലയിലെ തിയേറ്റർ ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടെ തന്റെ പിന്നീടുള്ള പ്രവർത്തനമേഖല ചണ്ഡിഗഢിലാക്കി. 35 കൊല്ലത്തെ അദ്ധ്യാപകവൃത്തിക്കുശേഷം അദ്ദേഹം 2008ൽ കേരളത്തിൽ മടങ്ങിയെത്തി.
കുമാരവർമ്മയുടെ ജീവിതകഥ വളരെ മികച്ചരീതിയിലാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. സാങ്കേതികമായി എല്ലാ ഘടകങ്ങളിലും ഉജ്ജ്വലമാണ് ആഖ്യാനചിത്രീകരണം. നാടകത്തിലെ രംഗങ്ങൾ മാറുമ്പോൾ കർട്ടൻ ഉപയോഗിക്കുന്നതുപോലെ ഡോക്യുമെന്ററിയിലെ രംഗങ്ങൾ മാറുമ്പോൾ അത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മിഴാവിന്റെ ദൃശ്യ, ശ്രാവ്യാവിഷ്കാര ചാരുത എടുത്തുപറയേണ്ടതാണ്. കടൽത്തിരകളുടെ പശ്ചാത്തലത്തിലാണ് മിഴാവിന്റെ ശബ്ദവും ദൃശ്യവും ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല, മിഴാവ് ഡോക്യുമെന്ററിയുടെ വിഷയത്തിന് നൽകുന്ന വ്യതിരിക്തതയും തനിമയും എടുത്തുപറയേണ്ടതാണ്.
സാധാരണഗതിയിൽ ഒരു ജീവചരിത്രം ഡോക്യുമെന്ററി ഫീച്ചർ ശൈലിയിൽ അവതരിപ്പിക്കുമ്പോൾ വ്യാപകമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. സമകാലീന ദൃശ്യങ്ങൾ ആസൂത്രണം ചെയ്യാനാവും. പക്ഷേ, ചരിത്രദൃശ്യങ്ങൾ ശേഖരിക്കുന്നതിന് വിപുലമായ ഗവേഷണവും സൂക്ഷ്മമായ മനനവും അത്യാവശ്യമാണ്. കഥാപുരുഷന്റെ ജീവിതത്തിലെ ഓരോ ഘടകത്തെക്കുറിച്ചും വ്യക്തത നൽകുന്ന ദൃശ്യങ്ങളും ശബ്ദവും വേണം. ചിത്രീകരിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട പലരും മൺമറഞ്ഞിട്ടുണ്ടാവും. അവരുടെ ദൃശ്യങ്ങൾ, ഫോട്ടോകൾ പോലും കിട്ടിയെന്ന് വരില്ല. പക്ഷെ, ഈ ഫീച്ചറിൽ അത്തരമൊരു ന്യൂനത ചൂണ്ടിക്കാണിക്കാനാവില്ല. കുമാരവർമ്മയുടെ കുടുംബത്തിലെ അംഗങ്ങളുടെയെല്ലാം ചിത്രങ്ങൾ തുടക്കത്തിൽ തന്നെയുണ്ട്.
കോർബുസിയർ എന്ന മഹാനായ ആർക്കിടെക്ടിന്റെ ഭാവനയിൽ നിർമ്മിതമായ ചണ്ഡിഗഢിൽ 35 വർഷം ജോലിചെയ്ത്, മുപ്പതോളം നാടകങ്ങൾ അവിടെ അവതരിപ്പിച്ച് ഇന്ത്യൻ നാടകചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട പേരായി മാറുമ്പോൾ തനിക്ക് തന്റേതായ കാഴ്ചപ്പാട് ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് കുമാരവർമ്മ പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണിയും കുടുംബവും കലർപ്പില്ലാത്ത പിന്തുണ നൽകിയ കാര്യവും അനുസ്മരിക്കുന്നു. ശബ്ദവിന്യാസം, ദൃശ്യങ്ങളുടെ പൂർണത, ശബ്ദ, ദൃശ്യ സങ്കലനം, പശ്ചാത്തലസംഗീതം, കമന്ററി എന്നിവ കുമാരപർവ്വത്തിന്റെ പ്രശംസനീയ ഘടകങ്ങളാണ്. എല്ലാ അർത്ഥത്തിലും കുമാരപർവ്വത്തിലൂടെ മഹേഷ് പഞ്ചുവും സഹപ്രവർത്തകരും കുമാരവർമ്മയ്ക്ക് ഇന്ത്യൻ നാടകചരിത്രത്തിൽ ലബ്ധ പ്രതിഷ്ഠ നേടിക്കൊടുത്തിരിക്കുന്നു.
(ലേഖകൻ ദൂരദർശൻ
മുൻ അഡിഷണൽ ഡയറക്ടർ
ജനറലാണ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |