കോട്ടയം: മഴ ശക്തമായത് ടാപ്പിംഗിനെ ബാധിച്ചതോടെ ഷീറ്റിന് ആവശ്യകത കൂടി. റബർ വില കിലോയ്ക്ക് രണ്ടു രൂപ വർദ്ധിച്ചു. ആർ.എസ്.എസ് ഫോർ കിലോയ്ക്ക് 178.50 ഉം റബർബോർഡ് വില 186 .50 ആയി. ബാങ്കോക്ക് ആർ.എസ്.എഎസ് ഫോർ വില 175 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലും വില ഉയർന്നതോടെ ടയർ കമ്പനികൾക്കു വേണ്ടി വിതരണക്കാർ വില ഉയർത്താൻ താത്പര്യം കാട്ടുന്നില്ല. എന്നാൽ, ടയർ കമ്പനികൾക്ക് ആവശ്യകത കൂടിയതിനാൽ വിപണിയിൽ നിന്നു വിട്ടുനിൽക്കാൻ അവർ തയ്യാറാകാത്തതാണ് കർഷകർക്ക് ഗുണകരമായത്. അമേരിക്ക ഇറക്കുമതി ചുങ്കം ഉയർത്തിയതോടെ വൻ തോതിലുള്ള ക്രംമ്പ് റബർ ഇറക്കുമതിക്ക് പുറമേ വിദേശത്തു നിന്ന് ഷീറ്റ് ഇറക്കുമതിക്കുള്ള സമ്മർദ്ദവും വൻകിട വ്യവസായികൾ നടത്തുന്നു.
അന്താരാഷ്ട്ര വില (കിലോയ്ക്ക്)
ചൈന -179 രൂപ
ടോക്കിയോ -179 രൂപ
ബാങ്കോക്ക് -175 രൂപ
തിരിച്ചുവരാൻ കുരുമുളക്
കുരുമുളക് വില വലിയ തകർച്ചയ്ക്കു ശേഷം തിരിച്ചു വരവിന്റെ പാതയിലാണ്. നവരാത്രി കാലത്ത് ഉത്തരേന്ത്യയിൽ ഉണ്ടായ വെള്ളപ്പൊക്കം ഹൈറേഞ്ച് കുരുമുളക് വിപണിയെ ദോഷകരമായി ബാധിച്ചിരുന്നു. ഉത്തരേന്ത്യൻ വ്യാപാരികൾ താത്പര്യം കാട്ടാതെ വന്നതോടെ വിലയിൽ ഇടിവുണ്ടായി. കർഷകർ വിപണിയിൽ നിന്ന് വിട്ടു നിന്നാണ് ഇതിനെ നേരിട്ടത്. ഗത്യന്തരമില്ലാതെ വില ഉയർത്താൻ വ്യാപാരികൾ നിർബന്ധിതരായി. ദീപാവലി എത്തിയതോടെ ഉത്തരേന്ത്യൻ ഡിമാൻഡ് വർദ്ധിച്ചു. കിലോയ്ക്ക് അഞ്ചു രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
അതേസമയം, വിലക്കുറവുള്ള ബ്രസീലിൽ നിന്നുള്ള കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ വ്യവസായികൾ ശ്രമിക്കുന്നത് ആഭ്യന്തരവില ഇനിയും ഇടിക്കുമോയെന്ന ഭീതി കർഷകർക്കുണ്ട്.
കയറ്റുമതി നിരക്ക് (ഒരു ടണ്ണിന് )
ഇന്ത്യ-8100 ഡോളർ
ബ്രസീൽ -6500 ഡോളർ
ശ്രീലങ്ക-7300 ഡോളർ
വിയറ്റ് നാം -6700 ഡോളർ
ഇന്തോനേഷ്യ- 7500 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |