കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി 'തിരഞ്ഞെടുക്കപ്പെട്ട"തായും അട്ടപ്പാടി ഗവ.കോളേജിൽ മറ്റൊരു വനിതാ നേതാവ് വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിക്കാൻ ശ്രമിച്ചതായുമുള്ള വാർത്തകൾക്കു പിന്നാലെ എറണാകുളം മഹാരാജാസിൽ പരീക്ഷ എഴുതാത്ത പ്രമുഖ വിദ്യാർത്ഥി നേതാവ് പാസായ വാർത്തയും പുറത്തുവന്നു. തുടക്കത്തിൽ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച രാഷ്ട്രീയ ആരോപണമായിട്ടാണ് ഒരു പ്രമുഖ വാർത്താചാനൽ ഈ സംഭവം പുറത്തുവിട്ടത്. തുടർന്ന് വിവിധ പത്രങ്ങളും ടി.വി ചാനലുകളും അത് ഏറ്റുപിടിച്ചു. രേഖകൾ പരിശോധിച്ചതിൽനിന്ന് നേതാവ് പരീക്ഷയ്ക്കു പേര് രജിസ്റ്റർ ചെയ്യുകയോ ഫീസടയ്ക്കുകയോ പരീക്ഷ എഴുതുകയോ ഉണ്ടായിട്ടില്ല എന്നു വ്യക്തമായി. മൂന്നുമാസം മുമ്പാണ് റിസൾട്ട് വന്നത്. എഴുതാത്ത പരീക്ഷ പാസായതിനെക്കുറിച്ച് നേതാവോ അനുയായികളോ ആ ഘട്ടത്തിൽ പരാതി പറഞ്ഞില്ല. കോളേജ് അദ്ധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പിൽ കോൺഗ്രസ് അനുകൂല സംഘടനയിൽ അംഗമായ ഒരു അദ്ധ്യാപകൻ ഇക്കാര്യം ചൂണ്ടിക്കാട്ടി. പക്ഷേ ആരും പ്രതികരിച്ചില്ല. തെറ്റ് തിരുത്താൻ കൂട്ടാക്കിയില്ല. കോളേജ് അധികൃതരുടെ അറിവോടും ഒത്താശയോടും കൂടിയാണ് വിദ്യാർത്ഥി നേതാവ് എഴുതാത്ത പരീക്ഷ പാസായതെന്നു വ്യക്തം. സംഭവം വിവാദമായതോടെ കോളേജ് അധികൃതർ ഞെട്ടിയുണർന്നു. വിദ്യാർത്ഥി നേതാവ് പരീക്ഷയ്ക്ക് പേരു രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എഴുതിയിട്ടില്ലെന്നും അവർ സമ്മതിച്ചു; അഥവാ സമ്മതിക്കേണ്ടിവന്നു. സാങ്കേതിക തകരാറാണ് റിസൾട്ട് തെറ്റാൻ കാരണമെന്നു പറഞ്ഞ് അവർ കൈകഴുകി. അതേക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചു. എഴുതാത്ത പരീക്ഷ ജയിച്ചതിന് താൻ ഉത്തരവാദിയല്ലെന്നും വ്യക്തിഹത്യാശ്രമത്തിനെതിരെ നടപടിയെടുക്കുമെന്നും നേതാവ് ഗർജിച്ചു. പാർട്ടിയിലെ ബുദ്ധിജീവികളും ന്യായീകരണ തൊഴിലാളികളും അദ്ദേഹത്തെ പിന്തുണച്ചു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളിലാണ് മഹാരാജാസ് കോളേജ് സ്ഥിതി ചെയ്യുന്നത്. പരാതിയുള്ളവർ അവിടെയാണ് ബോധിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ നേതാവ് ചില്ലറക്കാരനല്ല. അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതികൊടുത്തു. സഖാവിന്റെ നിരപരാധിത്വത്തെക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുള്ള പൊലീസ് മേധാവി പരാതി ഉടൻതന്നെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതോടെ സർക്കിളദ്ദേഹം കർത്തവ്യനിരതനായി. പരാതിയിൽ പേരു പറഞ്ഞിട്ടുള്ള അഞ്ചു പേർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് ക്രൈം രജിസ്റ്റർ ചെയ്തു. കോളേജിലെ പ്രോഗ്രാം കോഓർഡിനേറ്ററായ പ്രൊഫസറും പ്രിൻസിപ്പലും ഗൂഢാലോചന നടത്തി എഴുതാത്ത പരീക്ഷയിൽ തന്നെ വിജയിപ്പിച്ചു എന്നാണ് നേതാവിന്റെ ആവലാതി. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റും വാർത്താചാനൽ ലേഖികയും ചേർന്ന് അതു പരസ്യപ്പെടുത്തി തനിക്ക് സമൂഹമദ്ധ്യത്തിൽ അപകീർത്തിയുമുണ്ടാക്കി. ഇതാണ് പരാതിയുടെ രത്‌നച്ചുരുക്കം. സർക്കിൾ ഇൻസ്‌പെക്ടർ ഒരുപടികൂടി കടന്ന് എല്ലാപ്രതികൾക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസിനു ബലംകൂട്ടി. ചാനലിന്റെ ക്യാമറമാനെയും എഡിറ്ററെയും വാർത്ത വായിച്ച അവതാരകനെയും കൂടി പ്രതിയാക്കാമായിരുന്നു. ആരുടെയോ ഗുരുത്വംകൊണ്ട് അതു സംഭവിച്ചില്ല. അടുത്തഘട്ടത്തിൽ വാർത്ത പത്രത്തിൽ വായിച്ചവരെയും ടി.വി ചാനലിൽ കണ്ടവരെയും കൂടി പ്രതികളാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഗൂഢാലോചനക്കുറ്റം കൂടുതൽ വിപുലവും വിശാലവുമാക്കി മാറ്റാം.
ഫീസടയ്ക്കുകയോ പേര് രജിസ്റ്റർ ചെയ്യുകയോ പരീക്ഷ എഴുതുകയോ ചെയ്യാത്ത ഒരു വിദ്യാർത്ഥി, അതും സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടനയുടെ നേതാവ് പരീക്ഷ പാസായി എന്നത് നിസ്തർക്കമാണ്. അങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്യാൻ എല്ലാ മാദ്ധ്യമങ്ങൾക്കും അവകാശമുണ്ട്. അതാരുടെയും ഔദാര്യമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പുനല്കുന്ന പരമപവിത്രമായ മൗലികാവകാശമാണ്. വാർത്ത തെറ്റാണെങ്കിൽ മാദ്ധ്യമത്തിനും റിപ്പോർട്ടർക്കുമെതിരെ വ്യക്തി എന്ന നിലയിൽ നേതാവിന് മാനനഷ്ടക്കേസ് കൊടുക്കാം. അപ്പോഴും പൊലീസ് കേസ് നിലനില്ക്കുകയില്ല. കോളേജ് അധികൃതർ ഗൂഢാലോചന നടത്തി ഈ മാന്യവ്യക്തിയെ പാസാക്കി അതുവഴി അദ്ദേഹത്തിന്റെ ദുഷ്‌പേരിനു കളങ്കം ചാർത്തി എന്ന വാദവും ഒരുനുള്ള് ഉപ്പ് കൂടാതെ വിഴുങ്ങാൻ സാദ്ധ്യമല്ല. അതിന്റെ പേരിൽ അവർക്കെതിരെ പൊലീസ് കേസെടുക്കുന്നുവെങ്കിൽ അതിനേക്കാൾ അപഹാസ്യമാണ്. ഇനി അഥവാ കേസെടുത്തുവെങ്കിൽ തന്നെ അതും റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ട്. കാരണം സ്റ്റാലിന്റെ റഷ്യയിലോ പോൾപോൾട്ടിന്റെ കമ്പോഡിയയിലോ ചൗഷസ്‌ക്യു ഭരിക്കുന്ന റുമാനിയയിലോ അല്ല സംഭവം നടന്നത്. ജനാധിപത്യ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ചെറിയ സംസ്ഥാനമായ കേരളത്തിലെ ഒരു പട്ടണത്തിലാണ്. അതും സർക്കാർ കോളേജിലാണ്. പരീക്ഷ എഴുതാത്ത വിദ്യാർത്ഥി പാസായി എന്ന വാർത്ത ചൂണ്ടിക്കാണിച്ച കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഒരു സാമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ യാതൊരുകേസും നിലനില്ക്കുകയില്ല. വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അത്രപോലും നിയമനടപടി സാദ്ധ്യമല്ല. പിന്നെ എന്തുകൊണ്ട് പൊലീസ് ഇത്തരമൊരു നടപടിക്ക് തയ്യാറായി എന്നുചോദിച്ചാൽ അന്തവും കുന്തവുമില്ലാത്ത ആളുകളാണ് സംസ്ഥാനത്ത് പൊലീസ്ഭരണം കൈയാളുന്നത്. ആഭ്യന്തരവകുപ്പിന് മാത്രമായി ഒരു മന്ത്രിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് പോലും പൊലീസ് വകുപ്പ് കൈയാളുന്നത്. അദ്ദേഹത്തിന്റെ ആജ്ഞാനുസരണമാണ് പൊലീസ് മേധാവി മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ളവർ പ്രവർത്തിക്കുന്നത്. അവർക്ക് ഇന്ത്യൻ പീനൽകോഡല്ല പിണറായി പീനൽകോഡാണ് ബാധകമായുള്ളത്. ആർക്കെതിരെയും എന്ത്, ഏത് വകുപ്പ് ചുമത്തിയും കേസ് രജിസ്റ്റർ ചെയ്യാം; തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും അറസ്റ്റ് ചെയ്യാം, ജയിലിലടയ്ക്കാം. വിവാദമാകുമ്പോൾ നിങ്ങൾ കോടതിയിൽ പൊയ്‌ക്കോളൂ എന്ന് ഉപദേശിക്കുകയും ചെയ്യാം. എല്ലാം കഴിഞ്ഞ് ഞങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നു; മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരാണ് എന്ന് പുരപ്പുറത്തുകയറി ഉദ്‌ഘോഷിക്കുകയും ചെയ്യാം.
സംഭവം വിവാദമായപ്പോൾ നിയമപാലകരെ തിരുത്താനല്ല, വിദ്യാർത്ഥി നേതാവിനെയും പൊലീസിനെയും ന്യായീകരിക്കാനാണ് പാർട്ടി സെക്രട്ടറിയും ശ്രമിച്ചത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പുണ്ണിൽ കൊള്ളിവയ്ക്കുന്ന അനുഭവമാണ് ഉണ്ടാക്കിയത്. ഏതായാലും പാർട്ടിപത്രവും ചാനലുമൊഴികെ സകല മാദ്ധ്യമങ്ങളും ഒറ്റക്കെട്ടായി നിലകൊണ്ടു. മാതൃഭൂമിയും കേരളകൗമുദിയും മാധ്യമവും ഏകസ്വരത്തിൽ മുഖപ്രസംഗമെഴുതി. മലയാള മനോരമ പതിവു സംയമനം കൈവിട്ട് പാർട്ടി സെക്രട്ടറിയെ വെല്ലുവിളിക്കുകകൂടി ചെയ്തു. മനോരമ മുഖപ്രസംഗം പിൻവലിക്കണമെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടെങ്കിലും അതാരും ഏറ്റുപിടിച്ചില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്നെയും പിന്തള്ളപ്പെട്ടതിനെക്കുറിച്ച് സദാ വിലപിക്കുന്ന സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി കേരളത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചു. ഞാൻ ഈ നാട്ടുകാരനല്ല മാവിലായിക്കാരനാണ് എന്ന നിലപാട് കൈക്കൊണ്ടു. മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാനത്തുതന്നെയുള്ള താത്വിക ആചാര്യന്മാരും മൗനം വിദ്വാന് ഭൂഷണം എന്ന നിലപാട് കൈക്കൊണ്ടു. സാംസ്‌കാരിക നായകരുടെ കാര്യം പറയാനുമില്ല. അവരുടെയൊക്കെ നാവും നട്ടെല്ലും പാർട്ടി ഓഫീസിൽ പണയത്തിലാണ്. അവിടെ നിന്നു ലഭിക്കുന്ന ക്യാപ്‌സ്യൂളുകൾക്ക് അനുസരിച്ചു മാത്രമേ പ്രതികരിക്കാൻ സാധിക്കൂ.
എറണാകുളത്തു നടക്കുന്നത് ഒറ്റപ്പെട്ട സംഭവമോ പൊലീസ് ഉദ്യോഗസ്ഥനു സംഭവിച്ച കൈയബദ്ധമോ ആണെന്നു കരുതാൻ വയ്യ. ഇതിനു തൊട്ടുമുമ്പാണ് ഇലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുവരുമ്പോൾ പൊലീസ് വാഹനം തടഞ്ഞുനിറുത്തി പ്രതിയുടെ ഫോട്ടോയെടുത്തു എന്നാരോപിച്ച് മറ്റൊരു ചാനലിന്റെ ലേഖകനും ഛായാഗ്രാഹകനും ഡ്രൈവർക്കുമെതിരെ കേസെടുത്തത്. അതൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് കരുതി മാദ്ധ്യമങ്ങൾ അവഗണിച്ചു. മഹാരാജാസ് സംഭവത്തിനു തൊട്ടുപിന്നാലെയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ അഴിമതി കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്ത പ്രമുഖ പത്രസ്ഥാപനത്തിന്റെ കൊല്ലം ലേഖകന് പൊലീസ് നോട്ടീസ് നല്കിയത്. പ്രതിപക്ഷ നേതാവിനെ വിജിലൻസ് കേസിലും കെ.പി.സി.സി പ്രസിഡന്റിനെ വഞ്ചനക്കുറ്റത്തിനും കുടുക്കാനുള്ള ശ്രമങ്ങളും തിരുതകൃതിയായി നടക്കുന്നു. വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളെയും അമർച്ച ചെയ്യാനുള്ള ഉറച്ച തീരുമാനമാണ് സംസ്ഥാന സർക്കാരും പൊലീസും കൈക്കൊണ്ടിട്ടുള്ളത് എന്നു വ്യക്തമാണ്. തുടർഭരണം നല്കിയ ആവേശം അത്യുച്ചകോടിയിൽ എത്തിയിരിക്കുന്നു. ഇനിയങ്ങോട്ട് പാർട്ടി പത്രവും ചാനലുകളും സ്തുതിഗായകരും മാത്രം മതി. തുടർഭരണം തുടർച്ചയായ ഭരണമായി മാറും എന്നവർ പ്രത്യാശിക്കുന്നു. ഇതേ ആത്മവിശ്വാസമാണ് മുമ്പ് പശ്ചിമബംഗാളിലും സഖാക്കൾക്ക് ഉണ്ടായിരുന്നത്. കേരളം ഞങ്ങൾ ബംഗാളാക്കും എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരമാണ് നമ്മളിപ്പോൾ കേരളത്തിൽ അനുഭവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |