ഹാർട്ട് ഫുൾനെസ് ധ്യാനത്തിന്റെ സവിശേഷത പ്രാണാഹുതി ആണ്. ദാജി എന്ന് വിളിക്കുന്ന, രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച
കമലേഷ് ഡി. പട്ടേൽ ആണ് ആഗോള മാർഗദർശി. ഹൈദരാബാദിലെ കൻഹ ശാന്തിവനത്തിലൂടെ...
കൻഹ ശാന്തിവനം - ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ അകലെ രംഗറെഡ്ഡി ജില്ലയിൽ പ്രകൃതിയുടെയും ആദ്ധ്യാത്മികതയുടെയും വിശുദ്ധി സമന്വയിക്കുന്ന ധ്യാന കേന്ദ്രം. എട്ട് വർഷം മുമ്പ് മരുഭൂമി പോലെ കിടന്ന 1400 ഏക്കർ ഭൂമിയാണ് ലോകമെമ്പാടും നിന്നെത്തിയ വോളന്റിയർമാരുടെ സേവനയജ്ഞത്തിലൂടെ ഹരിതവനമായത്. കൻഹ ശാന്തിവനത്തിൽ ലോകം ധ്യാനനിരതമാവുന്നു...
ഹാർട്ട്ഫുൾനെസ് ( സഹജമാർഗ് ) മെഡിറ്റേഷൻ ലോകമെങ്ങും സൗജന്യമായി പ്രചരിപ്പിക്കുന്ന ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മാതൃ പ്രസ്ഥാനമായ ശ്രീരാമചന്ദ്ര മിഷന്റെയും ആസ്ഥാനമാണ് കൻഹ ശാന്തിവനം. മിഷൻ അദ്ധ്യക്ഷനും ഹാർട്ട്ഫുൾനെസ് മെഡിറ്റേഷന്റെ ആഗോള മാർഗദർശിയുമായ കമലേഷ് ഡി. പട്ടേൽ ( ദാജി ) ആണ് അമരക്കാരൻ - സഹജമാർഗ് ശ്രേണിയിലെ നാലാമത്തെ സാരഥി.
നൂറ്റി അറുപത് രാജ്യങ്ങളിലായി 6000 ഹാർട്ട്ഫുൾനെസ് സെന്ററുകൾ. ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ജീവിത ചര്യയാക്കി വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ പത്ത് ലക്ഷത്തിലേറെ അഭ്യാസികൾ. മെഡിറ്റേഷൻ പഠിപ്പിക്കാൻ ലോകമെമ്പാടും 15,000 പരിശീലകരും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം,പാലക്കാട്, മലപ്പുറം,കണ്ണൂർ,മലമ്പുഴ സെന്ററുകളും എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങളും.
മെഡിറ്റേഷൻ സമുച്ചയം
ലക്ഷം പേർക്ക് ഒരേസമയം ധ്യാനിക്കാൻ സൗകര്യമുള്ള ലോകത്തെ ഏറ്റവും വലിയ മെഡിറ്റേഷൻ സമുച്ചയമാണ് കൻഹയിൽ. 32ഏക്കറിലെ ഈ എൻജിനീയറിംഗ് വിസ്മയം ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ പരിശീലകൻ കൂടിയായ മുൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് 2020ൽ ലോകത്തിന് സമർപ്പിച്ചു.
കുളിർമ പകരാൻ തറയുടെ അടിയിലൂടെ ജലം പ്രവഹിക്കുന്ന തുറന്ന ഹാളും അതിന് ചുറ്റിലും എട്ട് ഇരുനില സാറ്റലൈറ്റ് യൂണിറ്റുകളും. പ്രധാന ഹാളിന് ചുറ്റിലും ഗ്രാനൈറ്റ് ഫലകങ്ങളിൽ ഭഗവദ്ഗീതയിലെ മുഴുവൻ ശ്ലോകങ്ങളും സംസ്കൃതത്തിലും ഓരോ ശ്ലോകത്തിന്റെയും വ്യാഖ്യാനം ഇംഗ്ലീഷിലും മുദ്രണം ചെയ്തിരിക്കുന്നു. കാലത്തിന് കൻഹയുടെ അനശ്വര ഗീതോപഹാരം...
കമലേഷ് ഡി. പട്ടേൽ ( ദാജി )
ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ദൗത്യത്തിലാണ് കമലേഷ് ഡി. പട്ടേൽ. അതിനൊപ്പം യോഗ, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വനവത്ക്കരണം, ജലസംരക്ഷണം,ആയുർവേദം, കുട്ടികളുടെ ധാരണാശക്തി മെച്ചപ്പെടുത്തി ഉൾക്കാഴ്ച പകരുന്ന ബ്രൈറ്റർ മൈൻഡ്സ് പ്രോഗ്രാം തുടങ്ങി നിരവധി മേഖലകളിലെ സംഭാവനകൾക്ക് അദ്ദേഹത്തെ ഇക്കൊല്ലം രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. എല്ലാ വീടുകളിലും ഹാർട്ട്ഫുൾനെസ് ധ്യാനം എത്തിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് 'ഹർ ദിൽ ധ്യാൻ, ഹർ ദിൻ ധ്യാൻ" ( ഓരോ ഹൃദയത്തിലും ധ്യാനം, ഓരോ ദിനവും ധ്യാനം ) എന്ന പരിപാടി എല്ലാ സംസ്ഥാനങ്ങളിലും നടത്തിവരുന്നു. സ്കൂളുകളിലും സർവകലാശാലകളിലും സർക്കാർ സ്ഥാപനങ്ങളിലും ഉൾപ്പെടെ ഇത് നടപ്പാക്കാൻ കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്.
1956ൽ ഗുജറാത്തിൽ ജനിച്ച കമലേഷ് ഡി. പട്ടേൽ ബാല്യത്തിലേ ആദ്ധ്യാത്മിക പാതയിലായിരുന്നു.11 വയസുള്ളപ്പോൾ ശ്രീരാമകൃഷ്ണ വചനാമൃതം വായിച്ചതോടെ ആദ്ധ്യാത്മിക ആഭിമുഖ്യം തീവ്രമായി.വിവേകാനന്ദനെ പോലെയാവാൻ ആഗ്രഹിച്ചു. 1976ൽ ഫാർമക്കോളജി വിദ്യാർത്ഥിയായിരിക്കെ, 18ാം വയസിൽ ആദ്യ ഹാർട്ട്ഫുൾനെസ് സിറ്റിംഗിലെ സമാധി അനുഭവം ജീവിതം മാറ്റി മറിച്ചു. അന്നത്തെ ശ്രീരാമചന്ദ്ര മിഷൻ അദ്ധ്യക്ഷൻ ഷാജഹാൻപൂരിലെ ( യു. പി ) ശ്രീരാമചന്ദ്രയുടെ (ബാബുജി ) ശിഷ്യനായി സഹജമാർഗ രാജയോഗത്തിൽ പരിശീലനം നേടി. ന്യൂയോർക്കിൽ വിജയകരമായ ഫാർമസി ബിസിനസ് നടത്തുമ്പോഴും മെഡിറ്റേഷനും ആദ്ധ്യാത്മിക സപര്യയും തുടർന്നു. 1983ൽ ബാബുജിയുടെ മരണശേഷം മിഷന്റെ രണ്ടാമത്തെ അദ്ധ്യക്ഷൻ പാർത്ഥസാരഥി രാജഗോപാലാചാരിയുടെ (ചാരിജി) സന്തത സഹചാരിയായി. 2014ൽ അദ്ദേഹത്തിന്റെ മരണ ശേഷം ദാജി മിഷൻ അദ്ധ്യക്ഷനായി.
ഭാര്യ പ്രതിമ പട്ടേൽ. പുത്രന്മാരായ സഹജ്, മാർഗ് എന്നിവർ ന്യൂയോർക്കിലെ ബിസിനസ് നടത്തുന്നു. ഡിസൈനിംഗ് ഡെസ്റ്റിനി, ദ വിസ്ഡം ബ്രിഡ്ജ്, ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ വന്ന ദ ഹാർട്ട്ഫുൾനെസ് വേ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ദാജി. ഹാർട്ട്ഫുൾനെസ്, സഹജ് മാർഗ് തുടങ്ങിയ മിഷൻ പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.
ഹാർട്ട്ഫുൾനെസ് മെഡിറ്റേഷനും പ്രാണാഹുതിയും
ഈശ്വരൻ ഹൃദയത്തിൽ വസിക്കുന്നു എന്ന മതാതീത സങ്കൽപ്പമാണ് ഹാർട്ട്ഫുൾനെസ് മെഡിറ്റേഷന്റെ (ഹൃദയ നിറവിൽ ധ്യാനം) അടിസ്ഥാനമെന്ന് ദാജി പറയുന്നു. മനസിന്റെ സങ്കീർണതകളിൽ നിന്ന് ഹൃദയത്തിന്റെ ലാളിത്യത്തിലേക്കുള്ള യാത്രയാണ് ധ്യാനം. ആന്തരിക ആനന്ദം പകരുന്ന, ഹൃദയത്തിന്റെ സഹജമായ മാർഗമാണത്.
ഹാർട്ട്ഫുൾ മെഡിറ്റേഷന്റെ കാതൽ പ്രാണാഹുതി ( യോഗിക് ട്രാൻസ്മിഷൻ ) ആണ്. സിദ്ധനായ യോഗി ശിഷ്യനിലേക്ക് പ്രസരിപ്പിക്കുന്ന സ്പിരിച്വൽ എനർജിയാണത്. ധ്യാനത്തിൽ പകർന്നു കിട്ടുന്ന ഈ ഊർജ്ജം മനുഷ്യന്റെ പരിവർത്തനത്തിന് സഹായകമാവുന്നു.അതാണ് ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ലോകമെമ്പാടും സ്വീകാര്യമാക്കുന്നത്. ഭാരതത്തിന്റെ ഈ പുരാതന സിദ്ധിവിശേഷം 19ാം നൂറ്റാണ്ടിൽ വീണ്ടെടുത്തത് ശ്രീരാമചന്ദ്ര മിഷന്റെ ആദി ഗുരുവും മഹായോഗിയുമായിരുന്ന ഫത്തേഗഢിലെ ( യു. പി ) ശ്രീരാമചന്ദ്രയാണ് ( ലാലാജി 1873 - 1931 ). അത് ഭൗതിക ജീവിതവും ആത്മീയ ജീവിതവും സമന്വയിപ്പിക്കുന്ന സഹജമാർഗ് ധ്യാനപദ്ധതിയായി ചിട്ടപ്പെടുത്തിയത് ബാബുജിയും.
ഹാർട്ട്ഫുൾനെസ് പരിശീലനം
ട്രെയിനറിൽ നിന്ന് മൂന്ന് സിറ്റിംഗ് എടുത്താണ് തുടക്കം. യുട്യൂബിൽ ദാജിയുടെ മൂന്ന് മാസ്റ്റർ ക്ലാസുകളും സിറ്റിംഗിന് ഉപയോഗിക്കാം. പ്രാണാഹുതി ഉപയോഗിച്ച് ധ്യാനം പരിശീലിപ്പിക്കാൻ അനുമതിയുള്ള ട്രെയിനർമാർ ( പ്രിസെപ്ടർ ) എല്ലായിടത്തും ഉണ്ട്. പ്രിസെപ്ടർക്ക് വിദൂരസ്ഥലത്തിരുന്നും സിറ്റിംഗ് നൽകാനാവും (റിമോട്ട് സിറ്റിംഗ് ). ലോകമെമ്പാടും അഭ്യാസികൾ ഓൺലൈനിൽ ധ്യാനിക്കുന്ന ദാജിയുടെ ലൈവ് മെഡിറ്റേഷനും, ട്രെയിനറുമായി കണക്ട് ചെയ്തും അല്ലാതെയും ധ്യാനിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനും ആദ്ധ്യാത്മികതയിൽ ആധുനിക ടെക്നോളജി സമന്വയിപ്പിക്കുന്നു.
സഹജമാർഗ
ധ്യാനം എന്തിന്?
വ്യക്തിവികാസമാണ് ലക്ഷ്യം. വ്യക്തിയുടെ ആന്തരിക മാറ്റത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും ലോകത്ത് തന്നെയും മാറ്റം സംഭവിക്കുന്നു. ലഹരി ഉപയോഗം പോലുള്ള ദോഷങ്ങളെ മെഡിറ്റേഷനിലൂടെ അതിജീവിക്കാം. ഏകാഗ്രതയും ശ്രദ്ധയും കൂടും. മസ്തിഷ്ക്കത്തിന്റെ ഇടതും വലതും ഭാഗങ്ങളുടെ ഏകോപനം പൂർണമാക്കി സഹജമായ കഴിവുകളെ പ്രകാശിപ്പിക്കും. പ്രശ്നങ്ങൾ സമചിത്തതയോടെ നേരിടാനുള്ള വിവേകം കൈവരും.
ഗ്രീൻ കൻഹ ഇനിഷ്യേറ്റിവ്
പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയാണ് കൻഹ ശാന്തിവനം. അപൂർവ സസ്യങ്ങളും കൃത്രിമ ജലാശയങ്ങളും ഔഷധ സസ്യത്തോട്ടവും പക്ഷിജാലങ്ങളും നിറഞ്ഞ ഹരിത വ്യവസ്ഥ.ദേശാടനപ്പക്ഷികളുടെ കേന്ദ്രവുമാണിത്. വംശനാശ ഭീഷണിയുള്ള വൃക്ഷങ്ങളുമുണ്ട്. മുറിക്കാനിരുന്ന 1000 വൻ വൃക്ഷങ്ങൾ മൂടോടെ പിഴുത് കൊണ്ടുവന്ന് നട്ടു വളർത്തിയിട്ടുണ്ട്. 2025ഓടെ ഇന്ത്യയിൽ മൂന്ന് കോടി മരങ്ങൾ വച്ചുപിടിപ്പിക്കുന്ന ബൃഹദ് പദ്ധതി തുടങ്ങി. അതിനായി ആറ് ഏക്കറിൽ രണ്ട് ലക്ഷം തൈകൾ വളർത്തുന്ന 'ഹാർട്ടി"കൾച്ചർ നഴ്സറിയുണ്ട്. മദ്ധ്യപ്രദേശിൽ 78 ഏക്കർ മൊട്ടക്കുന്നുകളിലുൾപ്പെടെ ചക്കത്തോട്ടം വളർത്താൻ കേരളത്തിൽ നിന്ന് ഒരുലക്ഷം ചക്കക്കുരു എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 40സെന്റിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സെന്ററുകളിൽ കൃത്രിമ വനങ്ങളും വളർത്തുന്നു.
മറ്റു പ്രവർത്തനങ്ങൾ
നെല്ലും, ചെറുധാന്യങ്ങളും പച്ചക്കറികളും വിളയുന്ന ജൈവ ഫാമുകൾ.
യുവാക്കൾക്കായി വ്യക്തിത്വ വികസന പരിശീലനം
പഠനവും അദ്ധ്യാപനവും മെച്ചപ്പെടുത്താൻ സ്കൂളുകളിലും കോളേജുകളിലും
പരിശീലന പരിപാടികൾ.
(ലേഖകന്റെ ഫോൺ: 9946108243)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |