തിരുവനന്തപുരം: ശ്വാസകോശ കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായ നാനോ മെഡിസിൻ വികസിപ്പിച്ച് രണ്ട് മലയാളി കോളേജ് അദ്ധ്യാപകർ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ. ജോൺ ജേക്കബും വർക്കല ശിവഗിരി ശ്രീനാരായണ കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫ. ബി. ജ്യോതിഷും ചേർന്നാണ് കണ്ടെത്തിയത്.
സെന്റർ ഫോർ റിസർച്ച് ഓൺ മോളിക്യുലർ ആൻഡ് അപ്ളൈഡ് സയൻസസാണ് ഗവേഷണങ്ങൾക്ക് സാങ്കേതിക സഹായം നൽകിയത്.
ജന്തുക്കളിലും തുടർന്ന് മനുഷ്യരിലും പരീക്ഷണം നടത്തുകയാണ് അടുത്തഘട്ടം.
ലോഹ നിർമ്മിത നാനോഘടകങ്ങൾ (Metallic nanoparticles) അവയുടെ സവിശേഷമായ രൂപഘടന കൊണ്ടും, സർഫസ് എനർജി കൊണ്ടും കോശങ്ങൾക്കുള്ളിലേക്ക് ആഗീരണം ചെയ്യപ്പെടുകയും മികച്ച രീതിയിൽ ശരീരത്തിലെ കാൻസർ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.
കാൻസർ കോശങ്ങൾ പെട്ടെന്ന് പടർന്ന് രോഗം ഗുരുതരമാകുന്നത് ശ്വാസകോശാർബുദം ഉയർത്തുന്ന വെല്ലുവിളിയാണ് . നാനോപാർട്ടിക്കിൾസ് ശ്വാസകോശാർബുദത്തിന് എതിരെ ഫലപ്രദമായി പ്രവർത്തിക്കും. കാൻസർ ഇതര കോശങ്ങളെ ദോഷകരമായി ബാധിക്കുകയുമില്ല. രാജ്യാന്തര ഗവേഷണ ജേർണലായ ഇനോർഗാനിക് കെമിസ്ട്രി കമ്മ്യൂണിക്കേഷൻസിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |