
ഭാരതം ഋഷിവര്യന്മാരുടെ രാജ്യമാണ്. അതിമഹത്തായ ഒരു ഗുരുപരമ്പര ഭാരതത്തിലെ പോലെ മറ്റൊരു രാജ്യത്തും കാണാനാവില്ല. ആദിനാരായണനിൽ അഥവാ സദാശിവനിൽ തുടങ്ങി വസിഷ്ഠൻ, പരാശരൻ, വ്യാസൻ, ശുകൻ, ഗൗഡപാദർ, ഗോവിന്ദ ഭഗവത്പാദർ, ശ്രീശങ്കരാചാര്യർ, ശ്രീനാരായണഗുരുദേവൻ തുടങ്ങിയ ഋഷിവര്യന്മാരുടെ പരിപാവനമായൊരു പരമ്പര ഇവിടെയുണ്ട്. അവരുടെ ആത്മനിശ്വാസങ്ങളേറ്റ അന്തരീക്ഷവും തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണും പരമവിശുദ്ധമാണ്. ശാസ്ത്രജ്ഞർ ദൃശ്യപ്രപഞ്ചത്തെ കേന്ദ്രീകരിച്ച് നിരീക്ഷണങ്ങൾ നടത്തുന്നു. അവർ മനസ്സിനപ്പുറം പോവില്ല. എന്നാൽ ഋഷികല്പരായ സദ്ഗുരുക്കന്മാർ പ്രാപഞ്ചിക വിഷയങ്ങൾക്കപ്പുറത്ത് പരമകാരണ സത്തയിലേക്ക് കടന്നുചെന്ന് അതുമായി താദാത്മ്യം പ്രാപിക്കുന്നു.
ഐന്ദ്രിക വിഷയമായ പ്രപഞ്ചം -ശബ്ദം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങളുടെ ആകെത്തുകയാണ്. ഇന്ദ്രിയങ്ങൾക്കും ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുന്ന മനസിലേക്കും മനസിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ജീവചേതനയേയും കടന്നുചെന്ന് ആത്മസത്യത്തേയും പരമാത്മസത്യത്തേയും ദർശിച്ച് പരമാനന്ദ സ്വരൂപികളായി മാറിയ ഋഷിവര്യന്മാർ പ്രപഞ്ചത്തിന്റെ രഹസ്യം കണ്ടെത്തിയ ശാസ്ത്രവിത്തുകളാണ്. നാരായണൻ അഥവാ പരബ്രഹ്മസത്ത പരമകാരണ സ്വരൂപിയാണ്. ആ നാരായണനിൽനിന്നും അവ്യക്താവസ്ഥയും ആ അവ്യക്തത്തിൽ സപ്തഭൂഖണ്ഡങ്ങളോടും സപ്ത സാഗരങ്ങളോടുംകൂടിയ അണ്ഡാകൃതിയോടുകൂടിയ ഭൂമിയും സ്ഥിതിചെയ്യുന്നു. ഭൂമി അണ്ഡാകൃതിയോടുകൂടിയ ഗ്രഹമാണെന്ന് ആധുനികനായ ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടൻ പറയുന്നതിനുമുൻപ് ഭാരതീയനായ ഋഷിക്ക് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതുപോലെ വിമാനത്തെക്കുറിച്ച് ശാസ്ത്രജ്ഞൻ പറയുന്നതിനുമുൻപ് നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമായി നമ്മുടെ വാനനിരീക്ഷകന്മാരായ, ഋഷി വിശദീകരിക്കുന്നുണ്ട്.
ഇങ്ങനെ കടന്നുകാണുവാൻ കഴിവുള്ളവരായ ഭാരതീയ ഋഷിവര്യന്മാർ കണ്ടെത്തിയ ശാസ്ത്രങ്ങളെക്കുറിച്ച് നമ്മുടെ ആധുനിക തലമുറപോലും ബോധവാന്മാരല്ല. ഇന്നത്തെ ആറ്റം തിയറി നമ്മുടെ കണാദൻ എന്ന ഋഷി നൂറ്റാണ്ടുകൾക്കുമുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന സ്ഥൂല-സൂക്ഷ്മ പദാർത്ഥങ്ങളെ ചെറുതാക്കി വിഭജിക്കാൻ സാധിക്കാത്ത അണുക്കളിലും ചെന്നെത്തുന്ന നിരീക്ഷണപാടവം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുകതന്നെ വേണം.
ലോകത്ത് മതങ്ങൾ ആരംഭിക്കുന്നതിനുമുൻപ് ഭാരതത്തിൽ മഹിതമായൊരു സംസ്കാരമുണ്ടായിരുന്നു അതാണ് സനാതനധർമ്മം. ഇൗ സനാതന ധർമ്മം വ്യാസനും വസിഷ്ഠനും ശ്രീശങ്കരനും ആധുനിക കാലത്ത് വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും ലോകർക്കായി ഉപദേശിച്ചു. മറ്റൊരു രാജ്യത്തും കാണാനാവാത്ത വൈജ്ഞാനിക തത്വങ്ങളാണവ. പ്രസ്ഥാനത്രയത്തിൽ ഉപനിഷത്തിൽ ഭഗവത്ഗീതയിൽ ബ്രഹ്മസൂത്രത്തിൽ ഭാരതീയ വേദസംഹിതയിൽ ശാസ്ത്ര തത്വങ്ങളെയും കാണാനാവും. പക്ഷേ ഇടക്കാലത്ത് ജാതിഭേദത്തിന്റെ മാറാലകൾ കടന്നുകയറി ബഹുഭൂരിപക്ഷത്തിനും ഇത് അധ്യയനം ചെയ്യാൻ പാടില്ലാത്ത അവസ്ഥവന്നു. ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശാൻ ദീനമായി പാടി:
എന്തൊരു വൈകൃതം ബ്രഹ്മ വിദ്യേ നിന്നിലെന്താണീ
കാണുന്ന വൈപരീത്യം/നർണയം നിന്നേപ്പോൽ
പാരിലധോഗതി വിണ്ണവൾ ഗംഗയ്ക്കുമുണ്ടാകില്ല.
സ്ത്രീയും ശൂദ്രനും വേദം പഠിക്കാൻ പാടില്ലെന്ന ദുരവസ്ഥയിൽനിന്നും ബ്രഹ്മവിദ്യയെ മോചിപ്പിക്കാൻ ചട്ടമ്പി സ്വാമികൾക്ക് വേദാധികാര നിരൂപണം എഴുതേണ്ടിവന്നു. സ്ത്രീകൾക്കും ശൂദ്രനും വേദാധികാരമുണ്ടെന്ന് സ്വാമികൾ സമർത്ഥമായി സ്ഥാപിച്ചു. ശ്രീനാരായണ ഗുരുദേവനാകട്ടെ ആത്മോപദേശ ശതകത്തിലൂടെ 'അറിവതിനിങ്ങനെയാർക്കു മോതിടേണം' - വാസനയും യോഗ്യതയുമുള്ള ആർക്കും തത്വങ്ങൾ ഉപദേശിച്ചുകൊടുക്കുവാൻ മാർഗനിർദ്ദേശം നൽകി. വേദവേദാന്തങ്ങളും ഭാരതത്തിന്റെ വൈജ്ഞാനിക മേഖലകളും പുതിയ തലമുറയെ പഠിപ്പിക്കാൻ സംരംഭങ്ങളുണ്ടാകണം. സനാതന ധർമ്മങ്ങളെയും വേദസംഹിതകളെയും പുതിയ തലമുറകളെ പഠിപ്പിക്കാനുള്ള സംവിധാനമുണ്ടാകണം. അമേരിക്കയിൽ ഇൗ കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന മന്ത്ര എന്ന സംഘടന ഇത്രയും ലക്ഷ്യബോധത്തോടെ ശ്രമിച്ചതിൽ അതിയായ സന്തോഷമുണ്ട്. മനനം ചെയ്യുന്നവനെ ത്രാണനം ചെയ്യിക്കുന്നതാണ് മന്ത്രം. അതായത് ചിന്തിക്കുന്നവനെ രക്ഷിക്കുന്നത് .
കഴിഞ്ഞ ജൂൺ 21ന് യോഗദിനത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ മണ്ണിൽവച്ച് ലോകത്തിലെ 130-ൽപ്പരം രാജ്യങ്ങളെ സാക്ഷിനിറുത്തി നമ്മുടെ യോഗരഹസ്യം വെളിപ്പെടുത്തിയപ്പോൾ ലോകരാജ്യങ്ങളുടെ മദ്ധ്യത്ത് ഭാരതം ഗുരുസ്ഥാനത്തെത്തി. ശാസ്ത്ര സാങ്കേതിക വിദ്യയിലും പുരാതനമായ സനാതനധർമ്മ വൈജ്ഞാനിക മേഖലകളിലും ഭാരതത്തിന് ഇൗ ഗുരുസ്ഥാനമുണ്ട്. ഇത് പുതിയ തലമുറയെ പഠിപ്പിക്കണം. അതിനായി ഗുരുദേവന്റെ സംഘടിച്ച് ശക്തരാകുവിൻ എന്ന ഉപദേശത്തെ പ്രാവർത്തികമാക്കുവിൻ- നമസ്കാരം.
( മന്ത്ര എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടന്ന ഗ്ളോബൽ ഹിന്ദു കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് നടത്തിയ പ്രഭാഷണത്തിന്റെ സാരം.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |