തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന ദരിദ്ര കുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ബി.പി.എൽ സ്കോളർഷിപ്പ് പദ്ധതി നിലച്ചിട്ട് നാല് വർഷം.ഇതിന് പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ കാറ്റിൽപ്പറത്തി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെരിറ്റിൽ പ്രവേശനം ലഭിക്കുന്ന ബി.പി.എൽ കുട്ടികളുടെ 90 ശതമാനം ഫീസ് സർക്കാർ വഹിക്കുന്ന പദ്ധതി 2017-18 മുതലാണ് സർക്കാർ
നടപ്പാക്കിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ എക്സിക്യുട്ടീവ് ഉത്തരവ് 2020 ജൂലായിൽ
ഹൈക്കോടതി സ്റ്റേ ചെയ്തു.സ്കോളർഷിപ്പിന് നിയമനിർമ്മാണം നടത്താമെന്ന്
ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാർ ഇനിയും അതിന് മുതിർന്നിട്ടില്ല. സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസിൽ പ്രവേശനം നേടിയ ദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഇതോടെ
വഴിയാധാരമായി. ഫീസടയ്ക്കാൻ കോളേജുകൾ അവരെ നിർബന്ധിക്കുന്നു.
എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസിനൊപ്പം 5 ലക്ഷം രൂപ അധികം ഈടാക്കി സർക്കാരിന്റെ കോർപസ് ഫണ്ടിലേക്ക് മാറ്റിയാണ് സ്കോളർഷിപ്പിന് വഴിയുണ്ടാക്കിയത്. ഇത് ഹൈക്കോടതി തടഞ്ഞതോടെ, 2018-19മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കിട്ടാതായി. എന്നാൽ എൻ.ആർ.ഐ ക്വാട്ടയിലെ വിദ്യാർത്ഥികളിൽ നിന്ന് ഇപ്പോഴും 5 ലക്ഷം രൂപ ഫീസിനൊപ്പം അധികം വാങ്ങുന്നുണ്ട്. 25 കോടിയോളം രൂപ നിലവിൽ ഫണ്ടിലുണ്ട്. 2017-18ൽ പ്രവേശനം നേടിയ 88 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ സ്കോളർഷിപ്പ് കിട്ടുന്നത്.
സ്കോളർഷിപ്പ് തടഞ്ഞതിനെതിരെ ഫീസ് നിർണയസമിതി പുനഃപരിശോധനാഹർജി നൽകിയെങ്കിലും ഹൈക്കോടതി പരിഗണിച്ചില്ല. സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിലുണ്ട്. അപ്പീൽ വേഗത്തിൽ പരിഗണിക്കാൻ അപേക്ഷ നൽകുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. പണമില്ലാത്തതിന്റെ പേരിൽ ദരിദ്രരുടെ മക്കൾക്ക് പഠിക്കാനാവാത്ത സാഹചര്യമൊഴിവാക്കാൻ സ്കോളർഷിപ്പ് തുടരേണ്ടതുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതുവരെ 40 കോടിയിലേറെ രൂപ സ്കോളർഷിപ്പിനായി ചെലവിട്ടു. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാരിൽ പ്രവർത്തിക്കാമെന്ന് ബോണ്ട് നൽകണം.
ഗുണം പാവങ്ങളുടെ മക്കൾക്ക്
കൂലിവേലക്കാർ, പരമ്പരാഗത തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, കർഷകത്തൊഴിലാളികൾ, തയ്യൽ, ബീഡി, തെങ്ങുകയറ്റ തൊഴിലാളികൾ, ബാർബർ, ഇരുമ്പുപണിക്കാർ, വഴിയോരക്കച്ചവടക്കാർ, കശുഅണ്ടി, നെയ്ത്ത്, തോട്ടം തൊഴിലാളികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്കാണ് സ്കോളർഷിപ്പ്. പുറമ്പോക്കിൽ താമസിക്കുന്നവരുടെയും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കൾക്കും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |