
ന്യൂഡൽഹി: മറ്റു സ്ഥാപനങ്ങളിലോ കോഴ്സുകളിലോ ചേരാൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട സമയത്തിനുള്ളിൽ പ്രവേശനം റദ്ദാക്കുകയോ, പിൻവലിക്കുകയോ ചെയ്‌താൽ മുഴുവൻ ഫീസും റീഫണ്ട് ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദ്ദേശം നൽകി.
സർവകലാശാലകൾക്കും കോളേജുകൾക്കും ബാധകമാണ്.
2023-24 അദ്ധ്യയന വർഷത്തിൽ ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കേണ്ട സെപ്‌തംബർ 30നോ അതിനു മുൻപോ വിദ്യാർത്ഥി അതു റദ്ദുചെയ്താൽ മുഴുവൻ ഫീസും റീഫണ്ട് ചെയ്യണം. ഒക്ടോബർ 31-നകമാണ് പ്രവേശനം പിൻവലിക്കുന്നതെങ്കിൽ പ്രോസസിംഗ് ഫീസായി 1,000 രൂപയിൽ താഴെ ഈടാക്കിയശേഷം ബാക്കി തുക തിരിച്ച് നൽകണം. റീഫണ്ട് ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യു.ജി.സി അറിയിച്ചു. റീഫണ്ട് ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് samadhaan.ugc.ac.in എന്ന പോർട്ടൽ വഴി പരാതി നൽകാം.
ഒക്‌ടോബർ 31ന് ശേഷം പ്രവേശനം നടത്തുന്ന കോഴ്സുകളിലെയും റീഫണ്ടിന് വ്യവസ്ഥ നിശ്ചയിച്ചു.
പ്രവേശനത്തിനുള്ള അവസാന തീയതിക്ക് 15 ദിവസം അല്ലെങ്കിൽ അതിന് മുൻപാണെങ്കിൽ 100%:
പ്രവേശനത്തിന്റെ അവസാന തീയതിയുടെ 15 ദിവസത്തിനുള്ളിലെങ്കിൽ 90%.
പ്രവേശനത്തിന്റെ അവസാന തീയതിക്കു ശേഷം 15 ദിവസമോ അതിൽ കുറവോ ആണെങ്കിൽ 80%.
പ്രവേശന തിയതിക്ക് ശേഷം 30 ദിവസം വരെയെങ്കിൽ 50%.
ഒരു മാസത്തിന് ശേഷമാണ് പ്രവേശനം റദ്ദാക്കുന്നത് എങ്കിൽ റീഫണ്ട് നൽകേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |