PRIYA A S
2022ലെ മികച്ച ബാല സാഹിത്യകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ കഥാകാരി പ്രിയ എ.എസുമായി സംഭാഷണം
കവിളിൽ വെള്ളം നിറച്ചു നിൽക്കുന്ന ഒരു കുട്ടിയാണ് ഇടുക്കി ഡാം എന്ന് അബുവിന് തോന്നി. അവന്റെ കവിളൊന്നു ഞെക്കിയാൽ വെള്ളം പുറത്തുചാടും. ഡാമിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ അവന്റെ ഊത്തക്കവിളപ്പോഴൊന്നു ചൊട്ടും. പിന്നെ കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണ് അബു സങ്കൽപ്പിച്ചത്..."" 'അബുവും, വയലറ്റും, ഗ്രീനും, അല്ലിയുമെല്ലാം പ്രളയനാളുകളെ തൊട്ടറിയുന്ന അനുഭവങ്ങൾ ചാലിച്ചെഴുതിയ 'പെരുമഴയത്തെ കുഞ്ഞിതളുകൾ" വായനക്കാരും സാഹിത്യ ലോകവും നെഞ്ചിലേറ്റിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞുണ്ണിയുടെ പിയാമ്മ. മലയാളത്തിന്റെ പ്രിയ സാഹിത്യകാരി പ്രിയ.എ.എസ് ഇന്ന് കേന്ദ്ര സാഹിത്യ പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുകയാണ്. കുസാറ്റിലെ 16 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സെക്ഷൻ ഓഫീസർ തസ്തികയിൽ നിന്ന് പടിയിറങ്ങിയതോടെ സ്വദേശമായ ചേർത്തല എരമല്ലൂരിലെ 'താരാവീട്ടി"ലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പ്രിയ. പ്രിയയുടെ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ചേക്കേറിയ കുഞ്ഞുണ്ണിയെന്ന മകൻ തൻമൊയ് യും, കുഞ്ഞുണ്ണിക്കഥകളിലെ യഥാർത്ഥ കഥാപാത്രങ്ങളും വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ സ്ഥിരതാമസം തുടങ്ങിയിരിക്കുകയാണ്.
കുട്ടികളുടെ മനസ്സറിഞ്ഞ് അവരിലൊരാളായി വരികൾ കുറിക്കുമ്പോഴും കുട്ടിക്കാലത്തിന്റെ നനുത്ത ഓർമ്മകളൊന്നും പ്രിയക്കുണ്ടായിട്ടില്ല. താനും സഹോദരൻ സുദീപും കളിക്കുന്ന കുട്ടികളായിരുന്നില്ല എന്നാണ് പ്രിയ പറയുന്നത്. മരുന്നിന്റെ മണമുള്ള ആശുപത്രി കിടക്കയുടെ മൂലയിലിരുന്ന് പുസ്തകലോകത്തേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു ബാല്യം. രോഗം തുടർച്ചയായി വേട്ടയാടിയ സ്കൂൾ കാലഘട്ടത്തിൽ പ്രിയക്കൊപ്പം കൂടിയതാണ് പുസ്തകങ്ങൾ. വായിച്ച് വായിച്ച് കഥ എഴുതണമെന്ന മോഹം ഉള്ളിൽ മൊട്ടിട്ടു. നിനക്ക് കഥ എഴുതാനാവും എന്ന് അമ്മ അദ്ധ്യാപിക കൂടിയായ ആനന്ദവല്ലി പിന്തുണ നൽകിയതോടെ എഴുത്തിൽ കൈവെച്ചുതുടങ്ങി. മത്സരവേദികളിൽ കഥാസാഹസത്തിന് മുതിരാൻ പിന്നെയും വർഷങ്ങളെടുത്തു. മഹാരാജാസിലെ ബി.എ കാലഘട്ടത്തിലാണ് പലരിൽ ഒരാളായി മത്സരിച്ചത്. അവിടെ ഒന്നാം സ്ഥാനം തന്നെ തേടിയെത്തി. ബാലസാഹിത്യത്തിലേക്ക് തിരിഞ്ഞതോടെ ആസ്വദിക്കാതെ പോയ കുട്ടിക്കാലത്തെ തിരിച്ചു പിടിക്കുക കൂടിയായിരുന്നു എഴുത്തുകാരി. ഉള്ളിലെ കുട്ടിത്തം നഷ്ടപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ് കൂടിയാണ് എഴുതാൻ പ്രേരിപ്പിക്കുന്നതെന്നും പ്രിയ പറയുന്നു.
പെരുമഴയത്തെ കുഞ്ഞിതളുകൾ
പ്രളയകാലത്തെ പശ്ചാത്തലമാക്കി പ്രിയ രചിച്ച കൃതിയാണ് 2022ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ 'പെരുമഴയത്തെ കുഞ്ഞിതളുകൾ". കേരള സാഹിത്യ അക്കാഡമി പുരസ്കാരവും കൃതി സ്വന്തമാക്കിയിരുന്നു. ഓരോ കുട്ടിക്കഥാപാത്രങ്ങളിലൂടെയും അദ്ധ്യായങ്ങൾ കടന്നുപോകുന്നു.
'കുസാറ്റിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കാലത്താണ് പ്രളയമുണ്ടാകുന്നത്. കുസാറ്റിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരുടെ ജീവിതമാണ് പുസ്തകത്തിന് ആധാരമായത്. പറവൂരില മനുഷ്യരാണ് ക്യാമ്പിലുണ്ടായിരുന്നത്. ക്ലാസ് റൂമുകളിലെ ബഞ്ചുകളും ഡസ്ക്കുകളും പിടിച്ച് പുറത്തെ വരാന്തയിലേക്കിട്ടപ്പോൾ രാത്രി ട്യൂബ് ലൈറ്റുകളിൽ കുളിച്ച് നിന്ന ഡിപ്പാർട്ട്മെന്റ്. ബഞ്ചുകളിൽ അശരണരായ മനുഷ്യർ. ഡിപ്പാർട്ട്മെന്റ് അന്നേരം ഒരു പള്ളിപോലെ തോന്നിച്ചു. ആ രംഗം എക്കാലത്തും മനസിലുണ്ടാവും. കുഞ്ഞിതളുകളെ കിട്ടിയത് പറവൂരിലെ ആ കുട്ടികൾക്കിടയിൽ നിന്നാണ്." പ്രിയ പറയുന്നു.
ഒരിക്കൽ ഒബ്റോൺ മാളിൽ സിനിമ കാണാൻ മോനൊപ്പം നിന്നപ്പോഴാണ് കുസാറ്റ് ഫോട്ടോണിക്സിലെ വി.പി.എൻ നമ്പൂതിരി സർ വന്ന് 'കുഞ്ഞുണ്ണി അല്ലേ?" എന്ന് ചോദിച്ചത്. അദ്ദേഹത്തിന്റെ ഒന്നര വയസ്സുകാരൻ പേരക്കുട്ടി സന്ധ്യയാവുമ്പോൾ 'അമ്മേങ്കുഞ്ഞുണ്ണീം" കഥകളെടുത്ത് കക്ഷത്തിൽ വയ്ക്കും. എന്നിട്ടു പറയും, 'നമുക്ക് കുഞ്ഞുണ്ണിയെ വായിക്കാം." അങ്ങനെയാണ് ആ മുത്തച്ഛൻ ഈ കുഞ്ഞുണ്ണിയെ തിരിച്ചറിഞ്ഞത്. യഥാർത്ഥത്തിൽ അതൊരു അവാർഡായിരുന്നു. രാത്രി പന്ത്രണ്ടു മണി നേരത്തൊക്കെയാണ് അക്ഷരം വായിക്കുന്ന പ്രായത്തിലെത്തിയിട്ടില്ലാത്ത കുഞ്ഞു മകൻ കുഞ്ഞുണ്ണിപ്പുസ്തകം ചോദിക്കുക. അതു കൊണ്ട് കാണാവുന്നയിടത്തു തന്നെ വച്ചിരിക്കുകയാണ് രണ്ടു പുസ്തകവും." എന്ന സഹപ്രവർത്തക ഉഷാകുമാരിയുടെ പറച്ചിലും അവാർഡിന് തുല്യമെന്ന് പ്രിയ വിലയിരുത്തുന്നു. കുഞ്ഞുണ്ണിക്കഥകൾക്കു ശേഷവും കുട്ടിക്കഥകൾ എഴുതാൻ പ്രേരിപ്പിച്ചത് പൂർണ്ണയിലെ ഡോ.കെ.ശ്രീകുമാറാണ്. പൂർണ്ണയുടെ സമ്മാനപ്പൊതിയിൽ പ്രിയയുടെ നാല് കുട്ടിപ്പുസ്തകങ്ങളുണ്ട്. ഓരോ ഓണക്കാലത്തും ക്രിസ്മസ് കാലത്തും മധ്യവേനലവധിക്കാലത്തുമായി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ കുട്ടിക്കഥാ വിഭാഗത്തിൽ എഴുതിയ കഥകൾ മുന്നൂറ് പിന്നിട്ടു. 365 കഥകളാവുമ്പോൾ പുസ്തകമാക്കാനാണ് ആലോചന.
കുഞ്ഞുണ്ണീടമ്മ
അമ്മ ദിവസവും എഴുതണമെന്നാണ് കുഞ്ഞുണ്ണിയുടെ ഡിമാൻഡ്. എഴുതാനിരുന്നാൽ കഥ വന്നോളുമത്രേ. കുട്ടികൾ പറയുമ്പോൾ ക എന്ന അക്ഷരം ങ്കയായിട്ടാണ് ഉച്ചരിക്കുക. അതിനാൽ പ്രിയ അമ്മേങ്കുഞ്ഞുണ്ണീം എന്നാണ് എഴുതി വന്നത്. 11 വയസ്സ് വരെ കഥ കേട്ടായിരുന്നു കുഞ്ഞുണ്ണിയുടെ ഉറക്കം. അങ്ങനെ കഥയുടെ സ്റ്റോക്ക് തീർന്നപ്പോൾ അമ്മ മകനെ കൊണ്ട് കഥ പറയിച്ചു തുടങ്ങി. ഇരുവരും മാറി മാറി കഥകൾ പറഞ്ഞു. കഥയ്ക്കുള്ളിൽ കഥ വേണമെന്നും, കഥയ്ക്കുള്ളിൽ നിധി വേണമെന്നും ഡിമാൻഡുകൾ ഉയർന്നു. ഡിമാൻഡിനനുസരിച്ച് സ്റ്റോക്കും കൂട്ടി. സ്പൈൻ ടി.ബി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന വേളകളിൽ രാത്രി 9 മണിയാകുമ്പോൾ കുഞ്ഞുണ്ണി അമ്മയെ വിളിക്കും. കഥയാണ് ആവശ്യം. അപ്പോൾ വായിൽ വരുന്ന വാക്കിൽ കഥ ആരംഭിക്കും. ഒടുക്കം അതൊരു ചിരിക്കഥയിൽ ചെന്നവസാനിക്കും. സ്വയം മതിപ്പു തോന്നിയ ഒരേയൊരു സന്ദർഭമായിരുന്നു അതെന്ന് പ്രിയ ഓർമ്മിക്കുന്നു. കുഞ്ഞുണ്ണിയെ പോലെ തന്നെ പിയാമ്മയുടെ കഥ കാത്തിരിക്കുന്ന നിരവധികുട്ടികളുണ്ട്. ദക്ഷിണയെയും അലീനയെയും പോലെ ഓരോ കഥ വായിച്ചും വിളിക്കുന്നവർ. എഴുത്തുകാരി നേരിട്ട് അയച്ചുകൊടുക്കുന്ന കഥാപുസ്തകങ്ങൾക്കായി മിഴിനട്ട് കാത്തിരിക്കുന്ന കുട്ടി വായനക്കാർ. ഒരിക്കൽ എം.ജി യൂണിവേഴ്സിറ്റിയിലെ പ്രവർത്തന കാലഘട്ടത്തിലാണ് വാടകവീടിന്റെ അടുക്കളയിലേക്ക് ചിത്രശലഭങ്ങളെത്തിയത്. ഞങ്ങളുടെ കഥ എഴുതൂ എന്ന് അവർ പറയുന്ന പോലെ തോന്നി. ആ തോന്നലിലാണ് പ്രിയയുടെ ആദ്യ ബാലസാഹിത്യ കൃതിയായ 'ചിത്രശലഭങ്ങളുടെ വീട് പിറന്നത് ". കുട്ടികളുടെ വളർച്ച രേഖപ്പെടുത്തുന്ന ഡയറി രക്ഷിതാക്കളുടെ പക്കലണ്ടാവും. അതുപോലെ കുഞ്ഞുണ്ണിയുടെ നിത്യജീവിതം പകർത്തിയെഴുതിയാണ് 'അമ്മേങ്കുഞ്ഞുണ്ണീം" തയ്യാറായത്. പൊതുവേ മടിച്ചിയായ തനിക്ക് കഥാപ്രചോദനമാകുന്നത് മിക്കപ്പോഴും കുട്ടികൾ തന്നെയാണെന്നും പ്രിയ പറയുന്നു. ആരോ വാങ്ങിക്കൊടുക്കുന്ന പുസ്തകം വായിച്ചും കേട്ടും നിഷ്കളങ്കമായാണ് അവർ ആ പുസ്തകത്തെയും കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും കടന്നുപോകുന്ന സന്ദർഭങ്ങളെ ജീവിതാനുഭവങ്ങളുമായി ഒത്തുവെയ്ക്കാൻ സാധിച്ചിരിക്കാം.
കഴിഞ്ഞ തവണ, അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിംഗ്സി"നെ 'കുഞ്ഞുകാര്യങ്ങളുടെ ഒടയതമ്പൂരാ"നായി വിവർത്തനം ചെയ്തതിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് കിട്ടിയപ്പോൾ ഒരു വശം ചരിഞ്ഞു കിടന്ന് തത്രപ്പെട്ടു മാത്രം ഫോണെടുത്ത് കൈയിൽ പിടിക്കാവുന്നത്ര മോശം നോവവസ്ഥയിലായിരുന്നു. അവാർഡ് വാങ്ങാൻ അമ്മയ്ക്ക് കൂട്ടായി ഫ്ലൈറ്റിൽ പോകണമെന്ന് എട്ടുവയസ്സുകാരൻ കുഞ്ഞുണ്ണി അതിയായി ആഗ്രഹിച്ചു. അസമിൽ വച്ച് നടന്ന അവാർഡ് ദാനത്തിൽ പങ്കെടുക്കാനായില്ല. ഒരു ദുർമുഖനായ കൊറിയറുകാരൻ അവാർഡ് പൊതിയായി എത്തിച്ചു. ഇന്ന് അടുത്ത അവാർഡ് വാങ്ങാൻ എവിടെയായാലും അമ്മയെ കൊണ്ടുപോകുമെന്ന ദൃഢനിശ്ചയത്തിലാണ് മഹാരാഷ്ട്രയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയിരിക്കുന്ന കുഞ്ഞുണ്ണി. വാടകവീടിന്റെ ഭിത്തിയിൽ പടം വരച്ചിരുന്ന കൊച്ചു കുഞ്ഞുണ്ണി എപ്പോഴും പറയുന്ന ആഗ്രഹമായിരുന്നു എരമല്ലൂരിൽ താരാവീട് പണിയണമെന്നത്. ആ പേര് കുഞ്ഞുനാവിൽ എങ്ങനെ വന്നെന്ന് ആർക്കും അറിയില്ല. കുഞ്ഞുണ്ണീടമ്മ എരമല്ലൂരിൽ വീട് പണിതപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ താരാവീടെന്ന് പേരിട്ടു. കുഞ്ഞുണ്ണികഥകളിലെ അപ്പൂപ്പൻ സദാശിവൻ നായരും, അമ്മ ആനന്ദവല്ലിയും കുഞ്ഞുണ്ണിക്കും അമ്മയ്ക്കുമൊപ്പം താരാവീട്ടിലുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ ഒരിക്കലും എഴുത്തിനെ ബാധിച്ചിട്ടില്ല. അതുകൊണ്ട്തന്നെ വിശ്രമവേളകളിൽ കൂടുതൽ എഴുതുമോയെന്ന ചിന്തയ്ക്ക് പ്രസക്തിയില്ല.
ആരെഴുതി എന്നറിയാതെ കഥയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് വേണ്ടി ഇനിയുമെഴുതണം. പിയാമ്മേ എന്ന് വിളിച്ച് സംസാരിക്കുന്ന ഒരുപാട് കുട്ടികളുടെ കൂട്ടുകാരിയാവണം - കുഞ്ഞുണ്ണീടമ്മ എഴുതിക്കൊണ്ടേയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |