കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ ബയോ മൈനിംഗിന് കൊച്ചി കോർപ്പറേഷൻ വിളിച്ച പുതിയ പ്രീബിഡ് ടെൻഡറിൽ എട്ടു കമ്പനികൾ. കേരളത്തെ നാണം കെടുത്തിയ ബ്രഹ്മപുരം പ്ളാന്റിലെ തീപിടിത്തത്തിൽ നിന്നു പാഠം ഉൾക്കൊണ്ടാണ് സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർ റദ്ദാക്കി കോർപ്പറേഷൻ പുതിയ ടെൻഡർ വിളിച്ചത്. രണ്ട് ഏജൻസികളെയാണ് തിരഞ്ഞെടുക്കുക. ആഗസ്റ്റ് 31നകം ബയോമൈനിംഗ് പുതിയ കമ്പനികൾക്ക് കൈമാറും.
വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്രക്രിയയാണു ബയോ മൈനിംഗ്. 2022 ഒക്ടോബറിൽ തുടങ്ങിയ മൈനിംഗ് ഒരു വർഷത്തിനകം തീർക്കണമെന്നായിരുന്നു സോണ്ടയുമായുള്ള കരാർ. ബയോമൈനിംഗിന്റെ അവശിഷ്ടമായ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവലിന്റെ (ആർ.ഡി.എഫ് ) സാന്നിദ്ധ്യമാണ് രൂക്ഷമായ അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് നിഗമനം. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റിൽ ഉപയോഗിക്കാനായി ഇത് അവിടെത്തന്നെ കരാർ വ്യവസ്ഥ ലംഘിച്ച് സംഭരിക്കുകയായിരുന്നു. പ്ളാന്റ് നിർമ്മാണ കരാറും സോണ്ടയ്ക്കായിരുന്നു.
7ലക്ഷം ഘനമീറ്റർ മാലിന്യം
ബ്രഹ്മപുരത്ത് 2021ൽ അഞ്ചു ലക്ഷം ഘനമീറ്ററിനു മുകളിൽ മാലിന്യമാണുണ്ടായിരുന്നത്. ഇത് സംസ്കരിക്കുന്നതിനായി 55 കോടി രൂപയ്ക്കായിരുന്നു സോണ്ടയുമായി കരാർ. 25 ശതമാനം ജോലിയേ ഇവർ പൂർത്തിയാക്കിയുള്ള, പ്രതിഫലമായി 11കോടി രൂപയും നൽകി.
പുതിയ ടെൻഡറിന് മുന്നോടിയായി കോർപ്പറേഷൻ കോഴിക്കോട് എൻ.ഐ.ടിയെക്കൊണ്ട്
നടത്തിച്ച ഡ്രോൺ സർവേയിൽ ബ്രഹ്മപുരത്ത് ഏഴു ലക്ഷം ഘനമീറ്റർ മാലിന്യമുണ്ടെന്ന് കണ്ടെത്തി. 80,000 ടൺ ആർ.ഡി.എഫും അവശേഷിക്കുന്നുണ്ട്. ബയോ മൈനിംഗിനായി സർക്കാർ നൽകിയ 53 കോടി കോർപ്പറേഷന്റെ പക്കലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കാനും സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ജോലിക്കനുസരിച്ച് വേതനം
കഴിഞ്ഞ തവണ ബയോ മൈനിംഗിനുള്ള സ്ഥലം എട്ടു സെക്‌ടറുകളായി തിരിച്ച് ഓരോ ഭാഗത്തെയും പ്രവൃത്തി തീരുന്നതനുസരിച്ചാണ് പ്രതിഫലം നൽകിയിരുന്നത്. ഇത്തവണ പ്രവൃത്തി തീരുന്ന മുറയ്ക്ക് വേതനം നൽകും. മാലിന്യത്തെ രണ്ടു സോണുകളായി തിരിച്ച് രണ്ടു കമ്പനികൾക്കായി കരാർ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |