ആലപ്പുഴ: 'മോനേ, സർവീസിലിരിക്കെ എന്റെ ഭർത്താവ് മരിച്ചു, പകരം മകന് ജോലി കിട്ടി, അതുവരെ വലിയ സ്നേഹമായിരുന്നു. വിവാഹം കഴിഞ്ഞതോടെ എന്നെ അകറ്റി. സ്വത്ത് കൈക്കലാക്കാനും ശ്രമിക്കുന്നു. മരുന്നിനും ഭക്ഷണത്തിനും മാർഗമില്ല, രക്ഷിക്കണം..' ആലപ്പുഴ കളക്ടറേറ്റിൽ സീനിയർ ക്ളർക്കായിരിക്കേ അഞ്ചുകൊല്ലം മുമ്പ് തന്റെ മുന്നിൽ പൊട്ടിക്കരഞ്ഞെത്തിയ വൃദ്ധമാതാവിന്റെ അഭ്യർത്ഥന കെ.ചന്ദ്രദാസിനെ പിടിച്ചുലച്ചു.
അന്ന് തുടങ്ങിയതാണ് ആശ്രിത നിയമനം നേടിയ സർക്കാർ ജീവനക്കാർ ആശ്രിതരെ സംരക്ഷിക്കണമെന്ന നിയമത്തിനുള്ള വേണ്ടിയുള്ള ആലപ്പുഴ സ്വദേശി ചന്ദ്രദാസിന്റെ പോരാട്ടം. അതിന് കഴിഞ്ഞദിവസം ഫലംകണ്ടു. ആശ്രിതരെ സംരക്ഷിക്കാത്തവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത് അർഹരായവർക്ക് നൽകാനുള്ള തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടു.
ആശ്രിത നിയമനത്തിനുള്ള അപേക്ഷയ്ക്കൊപ്പം ആശ്രിതരെ സംരക്ഷിക്കണമെന്ന സമ്മതമൊഴി വാങ്ങുന്നത് പ്രശ്നത്തിന് പരിഹാരമാകുമെന്ന് മനസിലാക്കിയായിരുന്നു ആദ്യ പോരാട്ടം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ കളക്ടറായിരുന്ന ടി.വി അനുപമ മുഖാന്തിരം ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിലേക്ക് കത്തയച്ചു. സാമൂഹ്യപ്രസക്തി തിരിച്ചറിഞ്ഞ സർക്കാർ, അതംഗീകരിച്ച് 2018 ഫെബ്രുവരിയിൽ ഉത്തരവിറക്കി.
ഏതാനും മാസങ്ങൾക്കുശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ദർശനത്തിനിടെ കാതിൽ വന്നലച്ച ഒരമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ചന്ദ്രദാസിന്റെ മനസിൽ വീണ്ടും വേദനിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരായ മക്കൾ തിരിഞ്ഞുനോക്കാത്തതിനാൽ വീടുവിട്ടിറങ്ങേണ്ടി വന്ന ആ അമ്മയുടെ നിസ്സഹായാവസ്ഥ. അങ്ങനെയാണ് ആശ്രിതരെ സംരക്ഷിക്കാത്തവരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 20 ശതമാനം പിടിച്ചെടുത്ത് നൽകണമെന്ന ആശയം 2018 മേയിൽ മുന്നോട്ടുവച്ചത്. അതിനും അന്ന് കളക്ടറായിരുന്ന ടി.വി.അനുപമയുടെ പ്രോത്സാഹനം ലഭിച്ചു.
ആദ്യം ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മിഷന് കത്തയച്ചു. കമ്മിഷൻ അത് ധനവകുപ്പിന് കൈമാറി. എന്നാൽ, ഫയൽ മുന്നോട്ടു നീങ്ങിയില്ല. 2021ൽ ചന്ദ്രദാസ് റവന്യു ഇൻസ്പെക്ടറായി വിരമിച്ചു. എന്നിട്ടും പോരാട്ടം അവസാനിപ്പിച്ചില്ല. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും പലതവണ കത്തിടപാടുകൾ നടത്തി. 2022ൽ കരട് തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ തുടർനടപടിക്ക് മെല്ലെപ്പോക്ക്. തളരാതെ ചന്ദ്രദാസ് ശ്രമം തുടർന്നു. ഒടുവിൽ കഴിഞ്ഞ ദിവസം തീരുമാനം വന്നു. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനമെന്ന ചന്ദ്രദാസിന്റെ നിർദ്ദേശം 25 ശതമാനമാക്കിയാണ് മന്ത്രിസഭായോഗ തീരുമാനം. അഞ്ചുവർഷവും രണ്ടുമാസവും നീണ്ട ചന്ദ്രദാസിന്റെ പോരാട്ടത്തിന് ശുഭപര്യവസാനം.
പിന്തുടർന്ന് തമിഴ്നാടും അസാമും
തമിഴ്നാട്, അസാം സർക്കാരുകളും ചന്ദ്രദാസിന്റെ ആശയം പിന്തുടരുന്നുണ്ട്.
ഇന്ത്യയൊട്ടാകെ നിയമം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച പ്രസന്നകുമാരിയാണ് ചന്ദ്രദാസിന്റെ ഭാര്യ. എറണാകുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക ആര്യ മകളും ഇതേ കോളേജിലെ അദ്ധ്യാപകനായ ഡോ.കണ്ണൻ മരുമകനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |