ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു. ക്രയോജനിക് എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങി. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽവച്ചാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 24ന് പുലർച്ചെ ചന്ദ്രയാനിലെ റോവർ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ.
ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എൽ.വി.മാർക്ക് 3 എന്ന എൽ.വി.എം.3 ലാണ് ചന്ദ്രയാൻ 3നെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തും. ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ നിരീക്ഷണം നടത്തും. വിജയിച്ചാൽ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇന്ന് വിക്ഷേപണം കാണാൻ ജനങ്ങൾക്ക് അവസരമുണ്ടായിരുന്നു.
ചന്ദ്രയാൻ രണ്ടിൽ നിന്ന് പാഠങ്ങൾ പഠിച്ച് നിരവധി മാറ്റങ്ങൾ ചന്ദ്രയാൻ മൂന്നിൽ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ബലപ്പെടുത്തി. ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |