കോട്ടയം: ഒരാഴ്ചയോളം തുടർച്ചയായി പെയ്ത മഴയിൽ വെള്ളത്തിലായത് ഓണം ലക്ഷ്യമിട്ട് നട്ടുവളർത്തിയ പച്ചക്കറികൾ. മഴയുടെ ഏറ്റക്കുറച്ചിലും കാലാവസ്ഥാ വ്യതിയാനവും ഓണസദ്യയ്ക്ക് നാടൻ വിഭവങ്ങളുടെ കുറവിന് കാരണമായേക്കും. മഴ എന്നു മാറുമെന്ന് ഉറപ്പില്ലാത്തതിനാൽ തത്കാലം പച്ചക്കറി കൃഷി ചെയ്യേണ്ടെന്നാണ് കർഷകരുടെ നിലപാട്. വരവ് പച്ചക്കറികളുടെ വില കുതിക്കുമ്പോഴും നാടൻ പച്ചക്കറികൾ കിട്ടാനില്ല. ഇതിനിടെയാണ് മഴയത്ത് വെള്ളക്കെട്ടിൽ ചീഞ്ഞും പാകമാകും മുന്നേ കാറ്റത്ത് ഒടിഞ്ഞും നശിച്ചത്. വഴുതന, അച്ചിങ്ങപ്പയർ, പാവയ്ക്ക, പടവലങ്ങ തുടങ്ങിയവയുടെ ഉത്പാദനം നടക്കുന്ന സമയമാണിത്. സാധാരണ ഇവയ്ക്ക് ഈ സമയം വിപണിയിൽ വില കുറയുന്നതാണ്. എന്നാൽ ഇപ്പൾ ഇവയ്ക്കെല്ലാം 40 രൂപയ്ക്ക് മുകളിലാണ് വില. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് രണ്ട് ലക്ഷം പായ്ക്കറ്റ് വിത്തുകളാണ് വിതരണം ചെയ്തത്. ഇവയുടെ കൃഷിയിൽ ഏറെയും നശിച്ചു. വളർച്ചക്കുറവ്, ചീയൽ രോഗം എന്നിവ ബാധിച്ചിട്ടുണ്ട്. മഴയുടെ കരുത്തു കുറഞ്ഞാലേ പച്ചക്കറിക്കൃഷിയിൽ നേട്ടം ഉണ്ടാവൂ. ഓഗസ്റ്റ് അവസാനയാഴ്ചയാണ് ഓണം. ഇതിനു മുൻപ് പച്ചക്കറി വിളവെടുപ്പിനു പാകമാകണം. കാലാവസ്ഥാ വ്യതിയാനം, വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധന, കൂലിവർദ്ധന, ഉത്പന്നങ്ങൾക്കു വില ലഭിക്കാത്ത അവസ്ഥ തുടങ്ങിയ കാരണങ്ങൾ കർഷകരെ പച്ചക്കറിക്കൃഷിയിൽ നിന്ന് അകറ്റുകയാണ്. ഈഅവസ്ഥ തുടർന്നാൽ അടുത്ത ഓണക്കാലവും മറുനാടൻ പച്ചക്കറി വിപണി കീഴടക്കും.
കാലാവസ്ഥ വെല്ലുവിളി
അടുത്തയാഴ്ച മഴ വീണ്ടും ശക്തമായേക്കും
മഴ കനത്താൽ കൃഷി വീണ്ടും പ്രതിസന്ധിയിലാകും
കൃഷി ആരംഭിച്ച മേഖലകളിൽ മഴ ബാധിച്ചിട്ടുണ്ട്
മഴയിൽ കൂടുതൽ നശിച്ചത് വാഴ.
ഒരു മാസത്തിൽ നശിച്ചത് 68.4 ലക്ഷത്തിന്റെ കൃഷി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |