#കെ-റെയിലുമായി മുന്നോട്ടുനീങ്ങാനാവില്ല
കൊച്ചി: കേരളത്തിന് അതിവേഗ , അർദ്ധവേഗ റെയിൽപ്പാത ആവശ്യമാണെന്നും, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. നിലവിലുള്ള പാതയിലൂടെ കൂടുതൽ ട്രെയിനുകൾ ഇനി ഓടിക്കാനാകില്ല. കേരളത്തിലെ എക്‌സ്‌പ്രസ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 48–50 കിലോമീറ്റർ മാത്രമാണ്. അഞ്ചു വർഷത്തിനുള്ളിൽ അവസ്ഥ ഇനിയും മോശമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേ പദ്ധതികളുടെ അവലോകനത്തിനായി സതേൺ റെയിൽവേ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു ഇ. ശ്രീധരൻ..
ജനങ്ങളുടെ എതിർപ്പ്, പരിസ്ഥിതി വിനാശം, ഉയർന്ന ചെലവ് തുടങ്ങിയ കാരണങ്ങളാൽ കെ-റെയിലുമായി മുന്നോട്ടുനീങ്ങാനാവില്ല. അതിവേഗ റെയിൽ സംവിധാനം മറ്റൊരു രീതിയിൽ നടപ്പാക്കാനുള്ള റിപ്പോർട്ടാണ് താൻ സർക്കാരിന് സമർപ്പിച്ചത്.. കെ-റെയിലിന് കേന്ദ്രാനുമതി കിട്ടിയിട്ടില്ലെങ്കിലും, റെയിൽവേ ബോർഡ് തള്ളിക്കളഞ്ഞിട്ടില്ല. അത്തരം പദ്ധതി അനിവാര്യമായതു കൊണ്ടാണിത്.
ചെലവ് ഒരു ലക്ഷം
കോടി വരെ
ആകാശ പാതയായോ ഭൂഗർഭ പാതയായോ രണ്ടും ചേർത്തോ അതിവേഗ റെയിൽപ്പാത നിർമ്മിച്ചാൽ ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങൾ ഒഴിവാകും. 20 മീറ്റർ വീതിയിൽ ഭൂമിയെടുത്ത് നിർമ്മാണ ശേഷം ഉടമകളെ തിരിച്ചേൽപ്പിക്കാം. സ്റ്റാൻഡേർഡ് ഗേജായി നിർമ്മിച്ചാൽ രാജ്യത്തെ അതിവേഗ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാം. പാത തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മതി. കാസർകോട്ടേക്ക് യാത്രക്കാർ കുറവാണ്.ഡൽഹി അർദ്ധ അതിവേഗ പാതയുടെ ഒരു കിലോമീറ്റർ നിർമ്മാണത്തിന് 200 കോടിയാണ് ചെലവ്. കേരളത്തിൽ 420 കിലോമീറ്റർ പാതക്ക് 84,000 കോടി മുതൽ ലക്ഷം കോടി വരെ ചെലവ് പ്രതീക്ഷിക്കാം.
പൂർത്തിയാക്കാൻ
ആറു വർഷം
പരിചയസമ്പത്തുള്ള ഡി.എം.ആർ.സിയോ റെയിൽവേയോ നിർമാണമേറ്റെടുക്കുന്നതാണ് നല്ലത്. കെ-റെയിലിന്റെ പദ്ധതിയിൽ പല പോരായ്മകളുമുണ്ട്. ഡി.എം.ആർ.സി ഏറ്റെടുത്താൽ 12 മാസത്തിനുള്ളിൽ ഡി.പി.ആർ തയ്യാറാക്കാനാകും. ആറു കൊല്ലം കൊണ്ട് നിർമ്മാണവും പൂർത്തിയാക്കാം.പദ്ധതിക്ക് പണം കണ്ടെത്താനുള്ള മാർഗം കൂടി ഉൾപ്പെട്ടതായിരിക്കും ഡി.എം.ആർ.സി തയ്യാറാക്കുന്ന ഡി.പി.ആർ.
പദ്ധതി നിർമ്മാണം ഏല്പിച്ചാലും ഏറ്റെടുക്കാൻ തന്റെ പ്രായം അനുവദിക്കുന്നില്ല. എന്നാൽ കേന്ദ്രാനുമതി ലഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടാനും സംസ്ഥാന താത്പര്യം മുൻനിറുത്തി നിർദ്ദേശങ്ങൾ നൽകാനും കഴിയും. അതിവേഗ റെയിൽ പദ്ധതിയെന്ന ആശയത്തിന് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്നായിരുന്നു, കോൺഗ്രസിന്റെ എതിർപ്പിനെ സംബന്ധിച്ച ചോദ്യത്തിനുള്ള ഇ. ശ്രീധരന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |