മാന്നാർ: ഇല്ലാത്ത മലിനീകരണത്തിന്റെ പേരിൽ തടഞ്ഞുവെച്ച ലൈസൻസ് വാങ്ങാൻ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയെത്തി വനിതാ സംരംഭക. ചെന്നിത്തല വിളയിൽ തെക്കേതിൽ ടിനുവിന്റെ ഭാര്യ വിനീതയാണ് തന്റെ ഉടമസ്ഥതയിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പ്രവർത്തിക്കുന്ന തേജ ഗ്ലാസ് ഫർണിച്ചർ ആൻഡ് ഗുഡ്‌സ് സ്ഥാപനത്തിന്റെ ലൈസൻസ് വാങ്ങാൻ വ്യത്യസ്തമായ പ്രതിഷേധം പ്രകടിപ്പിച്ച് പഞ്ചായത്ത് ഓഫീസിലെത്തിയത്. മുൻ വർഷങ്ങളിൽ പഞ്ചായത്തിൽ നിന്നും ലൈസൻസ് അനുവദിച്ചിരുന്നുവെങ്കിലും 2023 ൽ ലൈസൻസിനായി നൽകിയ അപേക്ഷ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2024 വരെയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മലിനീകരണത്തിന്റെ പേരിൽ നിരസിച്ചെന്നാണ് വിനീത പറയുന്നത്.
ചാറ്റ് വിത്ത് മിനിസ്റ്ററിൽ പരാതി നൽകിയതിനെത്തുടർന്ന് വ്യവസായ വകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ മലിനീകരണ പ്രശ്നങ്ങളില്ലെന്നും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകാൻ ഉത്തരവിട്ടത്. 'ലൈസൻസ് അനുവദിച്ചു തന്ന ചെന്നിത്തല ഗ്രാമപഞ്ചായത്തിനു തേജ ഗ്ലാസിന്റെ നന്ദി, ആറുമാസം നടത്തിച്ചതിനു ശേഷം' എന്നെഴുതിയ ബാനർ മുൻവശത്ത് സ്ഥാപിച്ച മിനി ടെമ്പോ വാഹനത്തിൽ ഇന്നലെ രാവിലെ 11 മണിയോടെയെത്തിയാണ് വിനീത ലൈസൻസ് സ്വീകരിച്ചത്.
ഗ്ലാസ് മുറിക്കുന്നതിനുപയോഗിക്കുന്ന 6 എച്ച്.പി മോട്ടോറാണ് മലിനീകരണത്തിന് കാരണമായി പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പരാതിപ്രകാരമാണ് ലൈസൻസ് നല്കാതിരിക്കുവാനുള്ള ശ്രമമുണ്ടായത്
- വിനീത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |