നടിയാകാൻ വിൻസിയും സെറിനും
തിരുവനന്തപുരം:ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അവസാന റൗണ്ടിൽ. നടിയാകാൻ വിൻസി അലോഷ്യസും സെറിൻ ഷിഹാബും.
നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളാണ് മമ്മൂട്ടിയെ മുന്നിലെത്തിച്ചത്. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനുള്ളത്. മലയിൻകുഞ്ഞിലെ അഭിനയമാണ് ഫഹദിനെ അവസാന റൗണ്ടിലെത്തിച്ചത്.
രേഖ എന്ന സിനിമയിലെ അഭിനയത്തിലൂടെ വിൻസി അലോഷ്യസും ആട്ടം എന്ന സിനിമയിലൂടെ സെറിൻ ഷിഹാബും അപ്രതീക്ഷിതമായി അവസാന റൗണ്ടിലെത്തി. സൗദി വെള്ളയ്ക്കയിലെ അഭിനയം ദേവി വർമ്മയെ ഇവർക്കൊപ്പം എത്തിച്ചിട്ടുണ്ട്. ദേവി വർമ്മയെ സഹനടിക്കുള്ള പുരസ്കാരത്തിനും പരിഗണിക്കുന്നുണ്ട്. നടിക്കുള്ള അവാർഡ് പങ്കുവയ്ക്കണമെന്ന അഭിപ്രായവും ജൂറിയിൽ ഉണ്ട്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് സംവിധാനം ഉൾപ്പെടെ മൂന്ന് അവാർഡുകൾ നേടുമെന്നാണ് സൂചന. മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, തരുൺ മൂർത്തിയുടെ സൗദി വെള്ളയ്‌ക്ക, മഹേഷ് നാരായണന്റെ അറിയിപ്പ്, ഷാഹി കബീറിന്റെ ഇല വീഴാ പൂഞ്ചിറ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ. പ്രധാന അവാർഡുകൾ നാളെ രാവിലെ അന്തിമമായി തീരുമാനിക്കാമെന്ന അഭിപ്രായവും ജൂറിയിൽ ഉയർന്നു.
ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള അന്തിമജൂറിയാണ് അവാർഡുകൾ നിർണ്ണയിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |