
തൊടുപുഴ: ഡിവൈ.എസ്.പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയ്മോൻ തൊടുപുഴ തൊമ്മൻകുത്ത് വഴി കാടും വയലും കടന്ന് പോകുമ്പോഴും താൻ തേടിപ്പോകുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കണ്ടെത്താനാകുമെന്ന് കരുതിയിരുന്നില്ല.
ഇന്നലെ രാവിലെയാണ് തൊമ്മൻകുത്ത് സ്വദേശി ജയ്മോനോട് തൊമ്മൻകുത്ത് കവലയിൽ കട നടത്തുന്ന ബന്ധു രാജേഷ് നിർണായക വിവരം കൈമാറിയത്. കാണാതായ നൗഷാദിന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരാൾ തന്റെ കടയിൽ സ്ഥിരമായി എത്താറുണ്ട് എന്നായിരുന്നു അറിയിച്ചത്. കുഴിമറ്റത്ത് ബേബി വർഗീസിന്റെ (സന്തോഷിന്റെ) പറമ്പിൽ ജോലിചെയ്യുന്ന ആളാണ് അയാളെന്നും അറിയിച്ചു. ഉടൻ ജയ്മോൻ കുഴിമറ്റത്തിന് പുറപ്പെട്ടു.
അതിന് മുമ്പ് പറമ്പിൽ നൗഷാദ് എന്നൊരാൾ ജോലിക്കാരനായുണ്ടോ എന്ന് സന്തോഷിനെ വിളിച്ച് ചോദിച്ച് ഉറപ്പാക്കി. ഓട്ടോറിക്ഷയോ കാറോ ചെന്നെത്താൻ പാടുള്ള സ്ഥലമാണ് കുഴിമറ്റം. രണ്ട് കിലോമീറ്ററിലേറെ കാടിനുള്ളിലൂടെ സഞ്ചരിക്കണം. അവിടെയെത്തി സന്തോഷിനോട് ചോദിച്ചപ്പോൾ നൗഷാദ് ഭക്ഷണം കഴിച്ച് പണിക്ക് പറമ്പിലേക്ക് പോയെന്ന് പറഞ്ഞു. സന്തോഷിനെയും കൂട്ടിയാണ് പറമ്പിലെത്തി നൗഷാദിനെ തിരിച്ചറിഞ്ഞത്. കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ പറഞ്ഞതും അതിനായുള്ള പൊലീസ് തെരച്ചിലുമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. പത്രവാർത്തകളും കണ്ടിരുന്നില്ല.
തിരിച്ചറിഞ്ഞയുടൻ ജയ്മോൻ നൗഷാദിനെയും ഒപ്പം സന്തോഷിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തരെ വിവരമറിയിച്ചു.
വീട്ടിലേയ്ക്കോ, ഇല്ലേയില്ല
പത്തനംതിട്ട കൂടൽ പൊലീസെത്തി കൂട്ടിക്കൊണ്ട് പോകുന്നതിനിടെ മാദ്ധ്യമപ്രവർത്തകർ നൗഷാദിനോട് വീട്ടിലേക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലേയില്ല എന്നായിരുന്നു മറുപടി. ഭാര്യ അയച്ച ഗുണ്ടകൾ തന്നെ മർദ്ദിച്ച് ഒരുദിവസം അവശനാക്കിയെന്നും അവിടെനിന്നും ജീവനുംകൊണ്ട് പോന്നതാണെന്നും നൗഷാദ് പൊലീസിന് മൊഴി നൽകി. തൊമ്മൻകുത്തിൽ നാട്ടുകാർക്ക് നൗഷാദിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂവെന്ന് ഡിവൈ.എസ്.പി മധുബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |